മരുന്നു പരീക്ഷണ വിവാദത്തിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ചു

Wait 5 sec.

തിരുവനന്തപുരം | മരുന്നു പരീക്ഷണ വിവാദത്തിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതി നല്‍കിയ മരുന്നുകള്‍ തിരികെ വിളിച്ച് തിരുവനന്തപുരം എസ് എ ടി ആശുപത്രി. നല്‍കിയ മരുന്നുകള്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. എസ് എം എ രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ ലേബലില്‍ മരുന്ന് നല്‍കിയത്. ഇത് അടിയന്തരമായി ആശുപത്രിയില്‍ തിരിച്ച് എത്തിക്കണം എന്നാണ് നിര്‍ദ്ദേശം.അതേസമയം, ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതാത്ത മരുന്നുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ നിര്‍മ്മിത എസ്എം എ മരുന്ന് വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം. സ്‌പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വിദേശനിര്‍മ്മിത മരുന്ന് ആയിരുന്നു നല്‍കിയിരുന്നത്. ഇതിന് അഞ്ചു ലക്ഷത്തോളം രൂപ വില വരും. ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധസമിതി രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശ നിര്‍മ്മിത മരുന്നിന് പകരം ഇന്ത്യയില്‍ നിന്നുള്ള മരുന്ന് രോഗബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.പുതിയ മരുന്നുകള്‍ സ്റ്റോക്ക് എത്തിയതിന് പിന്നാലെയാണ് നടപടി. നേരത്തെ നല്‍കിയ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍ മരുന്നുകളുടെ ഗുണനിലവാരത്തില്‍ പ്രശ്നമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എസ് എം എ രോഗികള്‍ക്ക് മരുന്ന് മാറ്റാനുള്ള ഉത്തരവ് എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്തേതെന്ന വാദമാണ് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഉന്നയിച്ചത്. ജൂലൈ ഏഴിന് കെ മുരളീധരന്‍ മന്ത്രിയായ ശേഷമാണ് തീരുമാനം സംബന്ധിച്ച് ഉത്തരവിറങ്ങിയതെന്നു വ്യക്തമായിട്ടുണ്ട്. കെ മുരളീധരന്‍ ഫയല്‍ കണ്ട ശേഷമായിരുന്നു തീരുമാനം. ജൂണ്‍ ഒമ്പതിന് ആരോഗ്യ സെക്രട്ടറി ഫയല്‍ മന്ത്രിക്ക് നല്‍കിയെന്നും ജൂണ്‍ 18ന് കെ മുരളീധരന്‍ അനുകൂല തീരുമാനം എടുത്തെന്നും രേഖകളില്‍ വ്യക്തമായിരുന്നു. Content Highlights:Thiruvananthapuram SAT Hospital has recalled SMA medicines labeled clinical trials following public concern. The health department requested parents of six children with SMA to immediately return the distributed trial-labeled packs. Meanwhile, unlabelled generic Indian-made SMA medicines will continue to be supplied to patients as per government directives.