മനാമ: മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾക്കിടയിലും ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ധാരണ. സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ നടത്തിയ ഔദ്യോഗിക ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്. സിവിലിയൻ ആണവോർജ്ജ പരിപാടി വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരെയുള്ള കടന്നുകയറ്റങ്ങൾക്കിടയിലാണ് സന്ദർശനം നടക്കുന്നതെന്ന് ഹിസ് മജസ്റ്റി ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിയ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച രാജാവ്, സൗദിയുടെ സുരക്ഷാ നടപടികൾക്ക് ബഹ്റൈന്റെ പൂർണ്ണ പിന്തുണയും ആവർത്തിച്ചു. സമുദ്രപാതകളുടെ സംരക്ഷണത്തിലും പ്രാദേശിക സ്ഥിരതയിലും ഫ്രാൻസ് നൽകുന്ന പിന്തുണയെയും രാജാവ് അഭിനന്ദിച്ചു.ഫെബ്രുവരിയിൽ ഫ്രാൻസ് സന്ദർശന വേളയിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാർ സുരക്ഷ, ഊർജ്ജം, സാങ്കേതികവിദ്യ, റെയിൽവേ പദ്ധതികൾ എന്നിവയിലെ കൂട്ടായ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ്വ് നൽകുമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ നൽകിയ സംഭാവനകൾ മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഹിസ് മജസ്റ്റി ‘കോളർ ഓഫ് ദി ഓർഡർ ഓഫ് ശൈഖ് ഇസ്സ ബിൻ സൽമാൻ അൽ ഖലീഫ’ (എക്സെപ്ഷണൽ ക്ലാസ്) പതക്കം സമ്മാനിച്ചു.ചർച്ചകൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റിനായി പ്രത്യേക ഉച്ചഭക്ഷണ വിരുന്നും ഒരുക്കിയിരുന്നു. തുടർന്ന് ഗൾഫ് പര്യടനത്തിന്റെ അവസാന ഘട്ടത്തിനായി അദ്ദേഹം ഖത്തറിലേക്ക് തിരിച്ചു.The post ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം പുതിയ ഉയരങ്ങളിലേക്ക്; സിവിലിയൻ ആണവോർജ്ജ സഹകരണ കരാറിൽ ഒപ്പുവെച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.