തിരുവനന്തപുരം| ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജ്, കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവർ. ആരോഗ്യവകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാകുകയാണെന്നും എസ്എംഎ ബാധിച്ച കുട്ടികൾക്ക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു. മരുന്ന് കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണമെന്നും മുൻ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടു.എസ്എംഎ ബാധിച്ച കുട്ടികളിൽ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചുവെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. മരുന്നുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും അവർ പറഞ്ഞു. എസ്എംഎ ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുവാക്കിയെന്നും ഇതാണ് രക്ഷിതാക്കൾക്ക് ആശങ്ക ഉണ്ടാക്കാൻ കാരണമായതെന്നും സുതാര്യമല്ലാതെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചതെന്നും വീണ ജോർജ് പറഞ്ഞു.ആശുപത്രികൾ വൻകിട മുതലാളിമാർ ഏറ്റെടുക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും പൊതുജനാരോഗ്യ സംവിധാനം ദുർബലമായാൽ സാധാരണക്കാർക്ക് ചികിത്സാച്ചെലവ് താങ്ങാനാകാത്ത അവസ്ഥയുണ്ടാകുമെന്നും മുൻ ആരോഗ്യമന്ത്രിമാർ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ചുമതലയേറ്റതുമുതൽ വകുപ്പിൽ പ്രശ്നങ്ങൾ വർധിച്ചുവെന്നും അവർ വിമർശിച്ചു.ആരോഗ്യവകുപ്പിനെതിരെ വിമർശനങ്ങൾ ഉയരുന്നത് പുതിയ കാര്യമല്ലെന്നും എന്നാൽ, വിമർശനങ്ങളെ പരിഹാസത്തോടെ കണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങൾ ഇപ്പോൾ ഉന്നയിക്കുന്ന വിമർശനങ്ങൾ വസ്തുതാപരമാണെന്നും നീതിബോധമില്ലാതെയാണ് മന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അവർ ആരോപിച്ചു.മൂന്ന് തവണ ആരോഗ്യ മന്ത്രിമാരായി 5 വർഷം പൂർത്തിയാക്കിയവരാണ് തങ്ങളെന്നും ഏവർക്കും അഭിമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമെന്നും ഈ കാലം കൊണ്ട് ആശുപത്രികളുടെ പരിതസ്ഥിതിയാകെ മാറിയെന്നും ഇതോടെ ലോകത്താകമാനം പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.മന്ത്രി കെ മുരളീധരന് സംസാരിക്കുമ്പോൾ ഉത്തരവാദിത്തം പുലർത്തണമെന്നും വിമർശിച്ചു. “വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിൽ മന്ത്രി സംസാരിക്കരുത്” എന്നും അവർ പറഞ്ഞു.