ന്യൂഡല്‍ഹി|ഡല്‍ഹി സത്യനികേതനില്‍ ഹോസ്റ്റല്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിന് പിന്നാലെ പരിസരത്തെ ബലക്ഷയമുള്ള കെട്ടിടങ്ങളില്‍ നിന്ന് താമസം ഒഴിയേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കോളജുകള്‍. സമീപത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളജുകളില്‍ താത്കാലിക സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും, താത്കാലിക താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.ഞായറാഴ്ച ഉച്ചയോടെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ ഹോസ്റ്റല്‍ കെട്ടിടം ഇടിഞ്ഞു വീണത്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. ഇടുങ്ങിയ കെട്ടിടങ്ങളും ചെറിയ മുറികളും നിറഞ്ഞ പ്രദേശമായിരുന്നു ഇത്. അപകടത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ഥികളും രണ്ട് തൊഴിലാളികളുമാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാര്‍ഥികളുടെ നില ഗുരുതരമായി തുടരുകയാണ്.അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മുമ്പ് പൂട്ടിയിട്ടിരുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷമാണ് നിയമവിരുദ്ധമായി ഹോസ്റ്റല്‍ ആരംഭിച്ചത്. സംഭവത്തില്‍ കടുത്ത നിയമലംഘനവും അഴിമതിയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.കെട്ടിട ഉടമയായ മുന്‍ വ്യോമസേനാ സര്‍ജന്റ് ഹരിറാം ബന്‍സാലിനെ രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഉര്‍മിള ഗുപ്ത (75), മകന്‍ മഹേഷ് ഗുപ്ത (52) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്‍സാലിനെയും ഭാര്യയെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന മകനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാല് മാസത്തിനിടെ ഡല്‍ഹിയില്‍ സംഭവിക്കുന്ന രണ്ടാമത്തെ വലിയ കെട്ടിട തകര്‍ച്ചയാണിത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശത്ത് നിരവധി ഇടുങ്ങിയ കെട്ടിടങ്ങളുണ്ട്. വിവിധ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.Content Highlights:Delhi University colleges are providing relief to students evicted from weak buildings following a hostel collapse in Satya Niketan that killed seven people. Five municipal officers were suspended over illegal operations. The building owner and family were arrested as High Court ordered a probe.