ഇടവപ്പാതിയിലും പവര്‍കട്ട് സഹിക്കേണ്ട ഗതികേടിലാണ് കേരളീയര്‍. സെപ്തംബര്‍ അവസാനം വരെ പവര്‍കട്ട് തുടരുമെന്നാണ് കഴിഞ്ഞ ദിവസം കെ എസ് ഇ ബി വൃത്തങ്ങള്‍ അറിയിച്ചത്. ഈ മാസം പതിനഞ്ചിനകം പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രസ്താവിച്ചെങ്കിലും ബോര്‍ഡ് അത് തള്ളിക്കളഞ്ഞു. പതിനഞ്ചിനുളളില്‍ പരിഹരിക്കാനുള്ള ഒരു മാര്‍ഗവും മുമ്പിലില്ല, ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്കു കാരണമെന്ന ന്യായം പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും.നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ മൂലകാരണമന്വേഷിച്ചാല്‍ 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച ദീര്‍ഘകാല വൈദ്യുതി കരാറിലാണ് ചെന്നെത്തുന്നത്. ഛത്തിസ്ഗഢിലെ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ബാല്‍കോ/ഭാരത് കമ്പനി, മധ്യപ്രദേശിലെ ജാബുവ പവര്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യൂനിറ്റിന് 4.29 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്കുള്ള കരാറില്‍ ഏര്‍പ്പെട്ടത്. കേന്ദ്ര ഊര്‍ജ കമ്മീഷന്റെ ചില മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി റഗുലേഷന്‍ കമ്മീഷന്‍ ഈ കരാര്‍ റദ്ദാക്കി. അന്നത്തെ സര്‍ക്കാര്‍ കരാര്‍ സാധൂകരിച്ചെടുക്കുന്നതിന് കമ്മീഷനു മുമ്പില്‍ വേണ്ടത്ര ശ്രമിച്ചില്ലെന്നാണ് പറയപ്പെടുന്നത്.അതേസമയം, കരാര്‍ നടപടികളിലെ പിഴവുകളും വീഴ്ചകളുമാണ് കരാര്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അപക്വമായ തീരുമാനങ്ങളാണ് ഇതിന് വഴിവെച്ചതെന്നുമാണ് ഇടതുപക്ഷത്തിന്റെ വിശദീകരണം. കരാര്‍ റദ്ദാക്കിയത് സര്‍ക്കാറോ അന്നത്തെ കെ എസ് ഇ ബിയോ അല്ല, സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ റഗുലേറ്ററി കമ്മീഷനാണെന്നും എല്‍ ഡി എഫ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകളടങ്ങുന്ന കരാര്‍ വഴി 25 വര്‍ഷം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏകദേശം 5,900 കോടി രൂപയുടെ അധികബാധ്യത സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് 2023ല്‍ കമ്മീഷന്‍ കരാര്‍ തുടരുന്നതിന് അനുമതി നിഷേധിച്ചത്. റദ്ദാക്കിയ കരാര്‍ പുനഃസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേസില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്നത്. കോടതി വിധി അനുകൂലമായാല്‍ മാത്രമേ കരാര്‍ പുനഃസ്ഥാപിക്കാനാകൂ.കരാര്‍ റദ്ദായത് മാത്രമല്ല നിലവിലെ പ്രതിസന്ധിക്കു കാരണം. മഴക്കുറവ് കാരണം ആഭ്യന്തര വൈദ്യതി ഉത്പാദനത്തിലുണ്ടായ കുറവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധി രൂക്ഷമാക്കി. മഴ പിന്‍വാങ്ങി ചൂട് വര്‍ധിച്ചതോടെ ഫാനുകള്‍, എയര്‍ കണ്ടീഷന്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായതും പ്രതിസന്ധിക്കു കാരണമാണ്. കഴിഞ്ഞ വര്‍ഷത്തെ സെപ്തംബറുമായി തുലനം ചെയ്യുമ്പോള്‍ ഈ സെപ്തംബറില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം 800 മുതല്‍ 900 മെഗാവാട്ട് വരെ വര്‍ധിച്ചതായാണ് കണക്ക്. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ പല അണക്കെട്ടുകളിലും ജലം സംഭരണ ശേഷിയുടെ പകുതിയോളമാണുള്ളത്. കല്‍ക്കരിക്ഷാമം കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെ പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയിലും ഗണ്യമായ കുറവ് സംഭവിച്ചു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്പാദനം. ബാക്കി 75 ശതമാനത്തിനും ഇതര സംസ്ഥാനങ്ങളെയും കേന്ദ്രവിഹിതത്തെയുമാണ് ആശ്രയിക്കുന്നത്.ഇത്തരം പ്രതിസന്ധികള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുമുണ്ടായിരുന്നു. എന്നിട്ടും പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഏര്‍പ്പെടുത്താതെ, ജനങ്ങളെ ബാധിക്കാത്ത വിധം വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു. മുന്‍കൂട്ടിയുള്ള ആസൂത്രണവും കൃത്യമായ പവര്‍ ബേങ്കിംഗ് അറേഞ്ച്‌മെന്റും ലോഡ് മാനേജ്‌മെന്റും (വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുക) വഴിയാണ് അന്ന് പ്രതിസന്ധി മറികടന്നത്. സംസ്ഥാനത്ത് മഴ കൂടുതലായി ലഭിക്കുന്ന സീസണില്‍ ബാക്കി വരുന്ന അധിക വൈദ്യുതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി, കേരളത്തില്‍ വേനല്‍ കാലത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പ്രസ്തുത വൈദ്യുതി സൗജന്യമായി തിരികെ വാങ്ങുന്നതാണ് പവര്‍ ബേങ്കിംഗ് അറേഞ്ച്‌മെന്റ്. ലോഡ് മാനേജ്‌മെന്റിലൂടെ ദേശീയ എക്‌സ്‌ചേഞ്ചുകളില്‍ നിരക്ക് കുറയുന്ന സമയങ്ങള്‍ മുന്‍കൂട്ടി കണ്ട് കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങുകയും അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ചുള്ള ഉത്പാദനം വൈകുന്നേരങ്ങളിലെ പീക്ക് അവറിലേക്ക് ക്രമീകരിക്കുകയും ചെയ്തു.ഇത്തരം മാര്‍ഗങ്ങള്‍ക്കു പുറമെ റദ്ദാക്കപ്പെട്ട കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള നിയമ നടപടികള്‍ വേഗത്തിലാക്കുകയും കേന്ദ്ര മന്ത്രാലയവുമായി ചര്‍ച്ച നടത്തി തടസ്സങ്ങള്‍ നീക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയും ചെയ്യേണ്ടതുണ്ട്. ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ച് സംസ്ഥാനത്തിന്റെ വൈദ്യുത ഭാവി ഭദ്രമാക്കാന്‍ കഴിയില്ലെന്ന് ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ബോധ്യപ്പെട്ടു വരുന്ന സാഹചര്യത്തില്‍ സൗരോര്‍ജം, കാറ്റാടി വൈദ്യുതി, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വീടുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മേല്‍ക്കൂരകളില്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും വേണം. മികച്ച ആസൂത്രണത്തിലും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലുമാണ് കേരളത്തിന്റെ വൈദ്യുത ഭാവിയുടെ സുരക്ഷിതത്വം. Content Highlights:Kerala is experiencing severe power shortages with power cuts expected to continue until the end of September. The situation stems from cancelled long-term power purchase agreements, low rainfall affecting hydropower generation, and rising demand. KSEB needs better long-term planning, load management, and solar energy generation to resolve the crisis.