സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, പ്രശ്നം ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സർക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെയെങ്കിലും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല നിലവിലെ പ്രതിസന്ധിയെന്നും പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് പ്രധാന കാരണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.മഴ കുറഞ്ഞതും ചൂട് കൂടിയതും വൈദ്യുതി ഉൽപാദനം കുറയാനും ഉപഭോഗം കുത്തനെ ഉയരാനും കാരണമായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ആവശ്യം 3794 മെഗാവാട്ടായിരുന്നെങ്കിൽ ഇന്നലെ ഇത് 5200 മെഗാവാട്ടായി ഉയർന്നു. നിലവിൽ ഏകദേശം 1000 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനം നേരിടുന്നത്.പകൽ സമയത്ത് സൗരോർജ വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ കഴിയുന്നുണ്ടെങ്കിലും രാത്രിയിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റിന് 10 മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാലും രാത്രിയിൽ വിപണിയിൽ വൈദ്യുതി ലഭിക്കുന്നില്ല. ലഭിക്കുന്ന വൈദ്യുതി ഓഫറുകൾ മിനിറ്റുകൾക്കുള്ളിൽ തന്നെ പിൻവലിക്കപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കായംകുളം എൻടിപിസിയുമായി ചർച്ച നടത്തിവരികയാണ്. അനുബന്ധ സ്ഥാപനങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്ലോട്ടിങ് സോളാർ പദ്ധതികൾ നടപ്പാക്കാനും കെഎസ്ഇബി ശ്രമിക്കുന്നുണ്ട്.വൈദ്യുതി നിയന്ത്രണം 100 ശതമാനം കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെങ്കിലും കഴിയുന്നത്ര നേരത്തെ ജനങ്ങളെ അറിയിക്കുന്നതിനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏകദേശം 1000 മെഗാവാട്ടിന്റെ കുറവ് നികത്തുന്നതിനായി ലഭ്യമായ വൈദ്യുതി 2500 മുതൽ 3000 വരെ ഫീഡറുകളിലേക്ക് വീതിച്ചു നൽകേണ്ടിവരുന്നുണ്ട്. ഇതാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവർത്തിക്കാൻ കാരണമാകുന്നത്. ഇത് സാങ്കേതിക കാരണങ്ങളാലാണെന്നും മനഃപൂർവമല്ലെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ കേരളം സ്വന്തമായി ഉൽപാദിപ്പിക്കുന്നത് 1650 മെഗാവാട്ട് വൈദ്യുതിയാണ്. കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും ഹ്രസ്വകാല കരാറുകളിൽനിന്ന് 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. കേരളത്തിന് ഏകദേശം 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകുമെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.ഗ്രിഡിന്റെ സുരക്ഷ മുൻനിർത്തി ബെംഗളൂരുവിലെ റീജണൽ ലോഡ് ഡിസ്പാച്ചിങ് സെന്ററിന്റെ നിർദേശങ്ങളും ലോഡ് ക്രമീകരണങ്ങളും അനുസരിച്ചാണ് സംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തുന്നത്.കേരളത്തിന്റെ വൈദ്യുതി ഉൽപാദന ശേഷിയിലെ പരിമിതിയും നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ സ്വന്തം ആവശ്യത്തിന്റെ യഥാക്രമം 86, 67, 60, 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിന്റെ സ്വന്തം ഉൽപാദനം സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ ഏകദേശം 25 ശതമാനം മാത്രമാണ്.ബാക്കി 75 ശതമാനത്തോളം വൈദ്യുതിക്കായി കേന്ദ്ര ഏജൻസികളെയും മറ്റ് പവർ പ്ലാന്റുകളെയും ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. വൈദ്യുതി ആവശ്യകത കുത്തനെ ഉയരുകയും ലഭ്യതയിൽ കുറവുണ്ടാകുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നത്.The post വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദമെന്ന് മന്ത്രി സണ്ണി ജോസഫ് appeared first on ഇവാർത്ത | Evartha.