മനാമ: കർണാടക സംഗീതത്തിന്റെ മാധുര്യവും വയലിന്റെ വിസ്മയനാദവും കൊണ്ട് ശ്രദ്ധേയയായ യുവ വയലിൻ പ്രതിഭ ഗംഗ ശശിധരൻ ബഹ്‌റൈനിലെ സംഗീതപ്രേമികൾക്കായി പ്രത്യേക സംഗീതാവതരണവുമായി എത്തുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’-ന്റെ ഭാഗമായി സെപ്റ്റംബർ 10, വ്യാഴാഴ്ച വൈകിട്ട് 7:30-ന് സമാജം വേദിയിലാണ് ഗംഗയുടെ പ്രത്യേക വയലിൻ പ്രകടനം അരങ്ങേറുന്നത്.നാലര വയസ്സിൽ വയലിൻ പഠനം ആരംഭിച്ച ഗംഗ, ചെറുപ്രായത്തിൽ തന്നെ 200-ലധികം ശാസ്ത്രീയ സംഗീത കച്ചേരികളിൽ വയലിൻ വായിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്. 2023-ൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തിയ പ്രകടനത്തിലൂടെയാണ് ഗംഗ കൂടുതൽ ശ്രദ്ധേയയാകുന്നത്. പ്രശസ്ത വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്റെ കീഴിൽ ഉന്നത സംഗീതപരിശീലനം തുടരുന്ന ഗംഗ, മുംബൈയിൽ വെച്ച് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയിൽ നിന്ന് ‘ശൺമുഖാനന്ദ ഭാരത് രത്ന ഡോ. എം. എസ്. സുബ്ബുലക്ഷ്മി ഫെല്ലോഷിപ്പ് ഫോർ മ്യൂസിക് (2024–2026)’ ഏറ്റുവാങ്ങിയിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയും കേരളത്തിൽ നിന്നുള്ള ഏക പ്രതിഭയുമാണ് ഗംഗ.പരമ്പരാഗത കർണാടക സംഗീത കൃതികൾക്കൊപ്പം സിനിമാഗാനങ്ങളുടെ മെഡ്‌ലികളും ഫ്യൂഷൻ സംഗീതവും അനായാസം അവതരിപ്പിക്കുന്ന ഗംഗയുടെ പ്രകടനം സംഗീതാസ്വാദകർക്ക് അപൂർവമായൊരു അനുഭവമാകുമെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.The post വയലിൻ വിസ്മയം തീർക്കാൻ ഗംഗ ശശിധരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ; സെപ്റ്റംബർ 10-ന് പ്രത്യേക സംഗീതാവതരണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.