ന്യൂഡല്‍ഹി | മധ്യപ്രദേശ് സര്‍ക്കാരിനെ പരിഹസിക്കുന്ന രൂപത്തില്‍ പ്രതീകാത്മക രാജിക്കത്ത് പുറത്തുവിട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) നേതാവ് അഭിജീത് ദിപ്‌കെ. ‘ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നു’ എന്നെഴുതിയ കത്താണ് അദ്ദേഹം പുറത്തിറക്കിയത്. പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ച ആദിവാസി കുട്ടികളുടെ കുടുംബങ്ങളെ കാണാന്‍ മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ എത്തിയ സി ജെ പി പ്രവര്‍ത്തകരെ സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനമുള്ള ചിലര്‍ തടയുകയും തന്നെ പരിഹസിക്കുകയും കൂവിവിളിക്കുകയും ചെയ്തതായി ദിപ്‌കെ ആരോപിക്കുന്നു. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ദീപ്‌കെ ഈ രീതിയില്‍ പ്രതികരിച്ചത്.‘മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഞാന്‍ ഇതോടെ ഉടനടി രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി @narendramodi ജിക്ക് നന്ദി പറയുന്നു; ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.’- വ്യാജ രാജിക്കത്ത് പങ്കുവെച്ചുകൊണ്ട് ദിപ്‌കെ ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.സാഗറിലെ വിഷമദ്യ ദുരന്തം, ബാലാഘട്ടിലെ ആദിവാസി കുട്ടികളുടെ മരണം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി മോഹന്‍ യാദവിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മറ്റ് അംഗങ്ങളെയും ലക്ഷ്യമിട്ടാണ് ദിപ്‌കെയുടെ വ്യാജ രാജിക്കത്ത് നീക്കം.എന്താണ് സംഭവം?പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ച ആദിവാസി കുട്ടികളുടെ കുടുംബങ്ങളെ കാണുന്നതിനായി അഭിജീത് ദിപ്‌കെ ശനിയാഴ്ച മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ അഡോരി, കോര്‍ക്ക, ബോണ്ടാരി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികള്‍ക്ക് ലഭ്യമായ ആരോഗ്യസംരക്ഷണ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കൂടിയായിരുന്നു സന്ദര്‍ശനം.അതിനുശേഷം കാറില്‍ മടങ്ങാന്‍ ശ്രമിക്കുന്ന ദിപ്‌കെയെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീ സമീപിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടിക്കൊണ്ട്, ‘മൃതദേഹങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കാനാണോ’ വന്നതെന്ന് അവര്‍ ചോദിക്കുകയും, എന്തുകൊണ്ടാണ് പ്രദേശം സന്ദര്‍ശിക്കാന്‍ ഇത്രയും വൈകിയതെന്ന് ആരായുകയും ചെയ്തു. വൈകിയതിന് ദിപ്‌കെ ക്ഷമ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ആ സ്ത്രീ റോഡിലേക്ക് ചൂണ്ടിക്കൊണ്ട് പറയുന്നു ‘ഇവിടെ നല്ലൊരു റോഡ് നിര്‍മിച്ചിട്ടുണ്ട്. അത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? വാക്കുതര്‍ക്കം രൂക്ഷമായതോടെ സി ജെ പി പ്രവര്‍ത്തകര്‍ ദിപ്‌കെയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഇതോടെ ‘അദ്ദേഹം ഓടിപ്പോയി, അദ്ദേഹം ഓടിപ്പോയി’ എന്ന് ആ സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.മേഖലയില്‍ 30-ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, സംസ്ഥാന ആരോഗ്യ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, ബാലാഘട്ട് കലക്ടര്‍ എന്നിവര്‍ക്കും ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും 50 കിടക്കകള്‍ മാത്രമുള്ള ആശുപത്രിയില്‍ ഏകദേശം 400 കുട്ടികള്‍ ചികിത്സയിലാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.Content Highlights:മധ്യപ്രദേശ് സര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങളെ പരിഹസിച്ച് അഭിജീത് ദിപ്‌കെ പ്രതീകാത്മക രാജിക്കത്തുമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നു എന്ന് വ്യക്തമാക്കുന്ന കത്താണ് സമർപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകളും വാഗ്ദാന ലംഘനങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു ഈ വേറിട്ട സമരം. ‘