നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ലഡാക്കിന് പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന് കേന്ദ്ര നീക്കം

Wait 5 sec.

നാല് വർഷത്തെ കാത്തിരിപ്പിനും ശക്തമായ പ്രക്ഷോഭങ്ങൾക്കും ഒടുവിൽ ലഡാക്കിന് ഭരണഘടനാപരമായ പ്രത്യേക സംരക്ഷണം നൽകുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടതായി റിപ്പോർട്ട്. ഭരണഘടനയിലെ ആർട്ടിക്കിൾ 371 ഭേദഗതി ചെയ്ത് ലഡാക്കിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ഇതിന്റെ ഭാഗമായി സാമ്പത്തിക, നിയമനിർമാണ അധികാരങ്ങളുള്ള പ്രത്യേക സമിതി ലഡാക്കിൽ രൂപീകരിക്കും. വിവിധ മണ്ഡലങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളായിരിക്കും സമിതിയിലുണ്ടാകുക. രാജ്യത്ത് ഇത്തരത്തിലുള്ള ഭരണഘടനാ സംവിധാനത്തിന് രൂപം നൽകുന്നത് ആദ്യമായാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.അതേസമയം, നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സമിതി നിലവിൽ വരുമെങ്കിലും ലഡാക്കിനെ നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റില്ലെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര വ്യക്തമാക്കി.ലഡാക്ക് സബ്കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യുന്നതിനുള്ള കരട് അടുത്ത ഒക്ടോബറിൽ നടക്കുന്ന യോഗത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുമെന്നാണ് വിവരം.തദ്ദേശീയവും സാമൂഹികവുമായ സവിശേഷതകൾ സംരക്ഷിക്കുന്നതിനായി ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക ഭരണപരവും വികസനപരവുമായ അധികാരങ്ങളും സംരക്ഷണവും നൽകുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 371.2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ലഡാക്കിനെ നിയമസഭയില്ലാത്ത പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയത്. തുടക്കത്തിൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് നേരിട്ടുള്ള ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ലഡാക്കിലെ വിവിധ പ്രാദേശിക വിഭാഗങ്ങൾ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.പുതിയ നീക്കത്തോടെ ലഡാക്കിന്റെ ഭരണസംവിധാനം സംബന്ധിച്ച ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ജനവിഭാഗങ്ങൾ. ഭരണഘടനാപരമായ സംരക്ഷണവും പ്രാദേശിക തലത്തിലുള്ള അധികാരവിന്യാസവും ഉറപ്പാക്കുന്നതിലൂടെ നിലവിലെ ഭരണപരമായ അനിശ്ചിതത്വങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.The post നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ലഡാക്കിന് പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന് കേന്ദ്ര നീക്കം appeared first on ഇവാർത്ത | Evartha.