റീല്‍സിനായി ചെന്താമലയില്‍ കയറി വഴിതെറ്റി, സാഹസികമായി പുറത്തെത്തിച്ചു; യുവാക്കള്‍ക്കെതിരെ കേസ്

Wait 5 sec.

പാലക്കാട്  | അട്ടപ്പാടി ചെന്താമലയില്‍ അനധികൃതമായി കാടുകയറി വഴിതെറ്റി കുടുങ്ങിയ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. താവളം സ്വദേശികളായ അഭീന്ദര്‍, ഷാനു എന്നിവര്‍ക്കെതിരെയാണ് സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കടന്നതിന് വനംവകുപ്പ് കേസെടുത്തത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യുവാക്കളെ വനപാലക സംഘം പുറത്തെത്തിച്ചത്.ചെന്താമലയില്‍ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നുവെന്ന വിവരമറിഞ്ഞാണ്  സോഷ്യല്‍ മീഡിയകളില്‍ റീല്‍സ് ചിത്രീകരിക്കാനായി യുവാക്കള്‍ ഉള്‍വനത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍, കാടിന്റെ ഉള്ളിലേക്ക് പോകുംതോറും വഴിതെറ്റിയ ഇവര്‍ക്ക് തിരികെയിറങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു. . വിവരമറിഞ്ഞ് ദുര്‍ഘടമായ മലനിരകളും വന്യമൃഗ സാന്നിധ്യവുമുള്ള പ്രദേശത്ത് മണിക്കൂറുകളോളമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയത്. ഇതിനിടെ പലതവണ സംഘം കാട്ടാനകളുടെ മുന്നില്‍ നേരിട്ട് അകപ്പെട്ടു. ജീവന്‍ പണയംവെച്ച് കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് സാഹസികമായി ഒഴിഞ്ഞുമാറിയാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയത്. ഒടുവില്‍ രാത്രി വൈകി യുവാക്കളെ കണ്ടെത്തിയ സംഘം പുലര്‍ച്ചെയോടെയാണ് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്. വന്യമൃഗശല്യമുള്ള സംരക്ഷിത വനമേഖലകളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിക്രമിച്ചു കയറുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.Content Highlights: The forest department registered a case against two youths who got lost in Attappadi Chenthamala protected forest while shooting Instagram reels. Forest officials launched a risky rescue mission amid wild elephant threats to locate them. They were safely brought down after hours of searching.