ഷാഫി മുഹമ്മദ്മനാമ: വർദ്ധിച്ചുവരുന്ന ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുമായി യു.എ.ഇയും ബഹ്‌റൈനും ഫ്രാക്കിംഗ് (ഹൈഡ്രോളിക് ഫ്രാക്ചറിംഗ്) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര ഊർജ്ജ പഠന ഏജൻസിയായ വുഡ് മക്കെൻസി വെളിപ്പെടുത്തി. നിലവിൽ സൗദി അറേബ്യയും ഒമാനും മാത്രമാണ് ഗൾഫ് മേഖലയിൽ വാണിജ്യാടിസ്ഥാനത്തിൽ ഫ്രാക്കിംഗ് വഴി എണ്ണയും പ്രകൃതിവാതകവും ഉൽപ്പാദിപ്പിക്കുന്നത്.പാറയിടുക്കുകളിൽ അടങ്ങിയിരിക്കുന്ന എണ്ണയും വാതകവും ഉയർന്ന മർദ്ദത്തിൽ വെള്ളവും രാസവസ്തുക്കളും മണലും കടത്തിവിട്ട് വേർതിരിച്ചെടുക്കുന്ന രീതിയാണ് ഹൈഡ്രോളിക് ഫ്രാക്ചറിംഗ്. ബഹ്‌റൈനിൽ ബാപ്കോ അപ്സ്ട്രീം അമേരിക്കൻ കമ്പനിയായ ഇ.ഒ.ജി റിസോഴ്സസുമായി ചേർന്ന് ‘ബഹ്‌റൈൻ ഫീൽഡിന്’ താഴെയുള്ള അപൂർവ്വ വാതക ശേഖരം കണ്ടെത്താനുള്ള പര്യവേക്ഷണം ആരംഭിച്ചിട്ടുണ്ട്.യു.എ.ഇയിൽ അഡ്നോക്, ടോട്ടൽ എനർജീസ് എന്നിവയുടെ നേതൃത്വത്തിൽ റുവൈസ് ദിയാബ് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ പ്രതിദിനം 100 കോടി ക്യുബിക് ഫീറ്റ് വാതക ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. അമേരിക്കൻ ഷെയ്ൽ വിപ്ലവത്തിന് ശേഷം കൈവരിച്ച രണ്ടു പതിറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ പ്രയോജനപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വാതകം ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നതിലൂടെ ക്രൂഡ് ഓയിൽ കൂടുതൽ അളവിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും ഈ സാങ്കേതികവിദ്യ വഴി സാധിക്കും.The post എണ്ണ-വാതക ഉൽപ്പാദനം കൂട്ടാൻ യു.എ.ഇയും ബഹ്‌റൈനും ‘ഫ്രാക്കിംഗ്’ സാങ്കേതികവിദ്യയിലേക്ക്; ഗൾഫ് മേഖലയിൽ ഊർജ്ജ വിപ്ലവത്തിന് വഴിതുറക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.