മനാമ: തനത് കേരളീയ സംഘനൃത്തകലയുടെ പാരമ്പര്യവും നൃത്തവിസ്മയവും കോർത്തിണക്കി ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ‘അരുദ്ര’ മെഗാ തിരുവാതിരോത്സവം സംഘടിപ്പിക്കുന്നു. സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന്റെ ഭാഗമായി സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.കേരള സംസ്ഥാന സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുക്കും. നൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയുടെ നൃത്തസംവിധാനം പ്രശസ്ത നൃത്തസംവിധായകൻ പ്രേമൻ ചാലക്കുടിയാണ് നിർവഹിക്കുന്നത്.തിരുവാതിരയ്ക്ക് മുന്നോടിയായി ‘പാർവതി പരിണയം’ എന്ന പ്രത്യേക ദൃശ്യാവിഷ്കാരവും അരങ്ങേറും. അജിത് നായർ രചനയും സംഗീതവും സംവിധാനവും നിർവഹിക്കുന്ന ഈ ദൃശ്യാവിഷ്കാരത്തിന്റെ നൃത്തസംവിധാനം ശ്രീനേഷ് ശ്രീനിവാസനാണ്. നിമ്മി റോഷൻ, സുവിത രാകേഷ്, ശൈത്യ റോഷ്ജിത്ത്, വിജിന സന്തോഷ് എന്നിവരാണ് പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്.കേരളത്തിന്റെ തനത് പാരമ്പര്യകലകളുടെ സൗന്ദര്യവും സ്ത്രീശക്തിയുടെ കലാവൈഭവവും ഒരുമിക്കുന്ന ഈ ആഘോഷരാവിലേക്ക് ബഹ്‌റൈനിലെ മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.The post ശ്രാവണത്തിന് നടനചാരുതയേകാൻ ബഹ്‌റൈൻ കേരളീയ സമാജം; ‘അരുദ്ര’ മെഗാ തിരുവാതിരോത്സവം സെപ്റ്റംബർ 11-ന്; സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യതിഥിയാകും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.