ന്യൂഡൽഹി | ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ (Smartphone) മോഡലുകളായ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് എന്നിവ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡുവോ (iPhone Duo) പുറത്തിറക്കിയ സപ്രൈസ് ആൻഡ് ഷൈൻ ചടങ്ങിലാണ് പുതിയ പ്രോ സീരീസുകളും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഏറ്റവും ശക്തമായ പ്രൊസസറായ എ 20 പ്രോ ചിപ്പ് (A20 Pro Chip), ഐഒഎസ് 27 (iOS 27), ആപ്പിൾ ഇന്റലിജൻസ് (Apple Intelligence) അടിസ്ഥാനമാക്കിയുള്ള എ ഐ (AI) ഫീച്ചറുകൾ എന്നിവയോടെയാണ് പുതിയ ഫോണുകൾ എത്തുന്നത്.ഇന്ത്യയിൽ എത്ര രൂപക്ക് ലഭിക്കും?ഇന്ത്യയിൽ ഐഫോൺ 18 പ്രോ മോഡലിന്റെ 256 ജി ബി (GB) അടിസ്ഥാന വേരിയന്റിന് 1,64,900 രൂപയാണ് വില. ഐഫോൺ 18 പ്രോ മാക്സ് മോഡലിന്റെ 256 ജി ബി വേരിയന്റിന് 1,79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 256 ജി ബി, 512 ജി ബി, 1 ടി ബി (TB), 2 ടി ബി സ്റ്റോറേജ് ശേഷികളിൽ ഫോൺ ലഭ്യമാകും. ബർഗണ്ടി, ഗ്ലേഷിയർ, ബ്ലാക്ക്, സിൽവർ എന്നീ ആകർഷകമായ നിറങ്ങളിലാണ് പ്രോ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്.ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യൂയോക്ക് 2,99,900 രൂപയാകും വില വരിക. 256 ജിബി വേരിയന്റാണ് ഈ വിലക്ക് ലഭ്യമാകുക.സെപ്റ്റംബർ 12 മുതൽ പ്രീ ഓർഡറുകൾ ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഫോണുകൾ വിൽപനയ്‌ക്കെത്തും. ഫോണുകൾക്കൊപ്പം മാഗ് സേഫ് (MagSafe) പിന്തുണയുള്ള ടെക് വോവൻ കേസ് 6,900 രൂപയ്ക്കും സിലിക്കൺ കേസ്, ക്ലിയർ കേസ് എന്നിവ 5,900 രൂപയ്ക്കും മാഗ് സേഫ് ഫൈൻ വോവൻ വാലറ്റ് 6,900 രൂപയ്ക്കും ലഭ്യമാകും.പ്രത്യേകതകൾ ഇങ്ങനെഐഫോൺ 17 പ്രോ സീരീസിന് സമാനമായ അലുമിനിയം യൂണിബോഡി ഡിസൈനും ഫുൾ വിഡ്ത് ക്യാമറ പ്ലാറ്റോയുമാണ് പുതിയ ഫോണുകൾക്കുള്ളത്. ചെറിയ ഡൈനാമിക് ഐലൻഡ്, കളർ മാച്ച് ചെയ്ത ഫ്രെയിം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്സ് ഡി ആർ (Super Retina XDR) ഒഎൽഇഡി (OLED) ഡിസ്പ്ലേയും, ഐഫോൺ 18 പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. 120Hz വരെ പ്രൊമോഷൻ (ProMotion), ഓൾവേസ് ഓൺ, എച്ച് ഡി ആർ (HDR), 3,000 നൈറ്റ്സ് പീക്ക് ഔട്ട്ഡോർ ബ്രൈറ്റ്നസ് എന്നിവ രണ്ട് മോഡലുകളും പിന്തുണയ്ക്കുന്നു. മുൻവശത്തും പിൻവശത്തും സെറാമിക് ഷീൽഡ് നൽകിയിട്ടുണ്ട്. കൂടാതെ ഐപി 68 (IP68) വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് സുരക്ഷയുമുണ്ട്.ഏറ്റവും പുതിയ എ 20 പ്രോ ചിപ്പാണ് ഫോണിന്റെ പ്രധാന ആകർഷണം. മുൻ തലമുറയെക്കാൾ 20 ശതമാനം വരെ വേഗത നൽകുന്ന ആറ് കോർ സി പി യു (CPU), ആറ് കോർ ജി പി യു (GPU), ഡ്യുവൽ 16 കോർ നൂറൽ എൻജിൻ (Neural Engine) എന്നിവ ഇതിലുണ്ട്. ഐഒഎസ് 27 ലെ ആപ്പിൾ ഇന്റലിജൻസ് വഴി പുതിയ സിരി എ ഐ (Siri AI) സംവിധാനവും ഫോണിൽ ലഭ്യമാകും. കൂടുതൽ വ്യക്തിഗതവും കാര്യക്ഷമവുമായ എ ഐ സേവനങ്ങൾ ഇത് സാധ്യമാക്കുന്നു.48 മെഗാപിക്സൽ ഫ്യൂഷൻ ക്യാമറക്യാമറ വിഭാഗത്തിൽ വലിയ മാറ്റങ്ങളാണ് ആപ്പിൾ വരുത്തിയിരിക്കുന്നത്. വേരിയബിൾ അപർച്ചറോട് കൂടിയ 48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറ, 48 മെഗാപിക്സൽ ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറ, 48 മെഗാപിക്സൽ ഫ്യൂഷൻ ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. ആറ് ലേസർ കട്ട് ബ്ലേഡുകൾ ഉപയോഗിച്ച് അപർച്ചർ സ്വയം ക്രമീകരിച്ച് നൈറ്റ് മോഡ്, അസ്ട്രോഫോട്ടോഗ്രാഫി, ലോ ലൈറ്റ് ചിത്രങ്ങൾ എന്നിവ മികച്ച രീതിയിൽ പകർത്തുവാൻ സാധിക്കും. മുൻവശത്ത് 18 മെഗാപിക്സൽ സെന്റർ സ്റ്റേജ് ക്യാമറയാണ് നൽകിയിരിക്കുന്നത്.വലിയ ബാറ്ററിയും മെച്ചപ്പെട്ട ചാർജിംഗ് സാങ്കേതികവിദ്യയുമാണ് പുതിയ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സിം (eSIM) മാത്രം ഉപയോഗിക്കുന്ന മോഡലുകളിൽ ഐഫോൺ 18 പ്രോ 36 മണിക്കൂർ വരെയും ഐഫോൺ 18 പ്രോ മാക്സ് 45 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് സമയം നൽകും. ഐഫോൺ 18 പ്രോ 15 മിനിറ്റിൽ 50 ശതമാനം വരെ വയർഡ് ചാർജിംഗും 30 മിനിറ്റിൽ 50 ശതമാനം വയർലെസ് ചാർജിംഗും പിന്തുണയ്ക്കും.Content HighlightsApple launched the iPhone 18 Pro and 18 Pro Max with A20 Pro chip and Apple Intelligence. Pre-orders start on September 12, with sales beginning September 18 in India starting at Rs 1,64,900.