ഓരോ യാത്രയും മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്നു: ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്

Wait 5 sec.

കോഴിക്കോട് | മനുഷ്യന്‍ എന്ന ജീവിയുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതാണ് അവന്‍ നടത്തുന്ന ഓരോ യാത്രകളുമെന്ന് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. യാത്രയില്‍ നമ്മുടെ കാഴ്ചാപഥത്തിലെത്തുന്ന മരുഭൂമി പോലും അടുത്തറിയുമ്പോള്‍ മനുഷ്യ ജീവിതത്തിന്റെയും ജീവജാലങ്ങളുടെയും വേറിട്ട ലോകമായി അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനു റഹ് മാന്റെ ‘ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി’ എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് കെ പൊറ്റക്കാട്ടിന്റെ യാത്രാവിവരണങ്ങള്‍ മലയാളിയുടെ ലോക സങ്കല്പത്തെ വിശാലമാക്കിയതായും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍ സംഭവിക്കുന്നത് വരെ പുറംലോകത്തെ കുറിച്ച് കൂടുതല്‍ അറിവുകളെന്നുമില്ലാത്ത തളംകെട്ടിയ പോലുള്ള ഒരു ജീവിതമായിരുന്നു മലയാളി നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.മറ്റേതൊരു നാടിനെയും അറിയുന്നതിനൊപ്പം നമ്മളിലേക്ക് തന്നെയുള്ള ഒരു അന്വേഷണം കൂടിയാണ് ഓരോ യാത്രകളുമെന്ന് കവിയും ഗുരുവായൂരപ്പന്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. ആര്യ ഗോപി അഭിപ്രായപ്പെട്ടു. പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. കേവലം കാഴ്ചകള്‍ കാണാനും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ എണ്ണം പറയാനും മാത്രമായി യാത്രകള്‍ ചുരുങ്ങുന്ന ഇക്കാലത്ത്, യഥാര്‍ത്ഥ യാത്ര എന്താണെന്ന് ഈ പുസ്തകം കാട്ടിത്തരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. യാത്രാവിവരണങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ട കഥകളല്ല, മറിച്ച് ഓരോ നിമിഷവും യാത്രികന്‍ നേരിട്ട് ജീവിച്ചറിഞ്ഞ അനുഭവങ്ങളാണെന്നും യാത്രയുടെ യഥാര്‍ത്ഥ ആഴവും തീവ്രതയും വായനക്കാര്‍ക്കായി ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ടെന്നും ആര്യ ഗോപി വ്യക്തമാക്കി.കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മധുശങ്കര്‍ മീനാക്ഷി പുസ്തക പരിചയം നടത്തി. എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി, ആകാശവാണി കോഴിക്കോട് എഡിറ്റോറിയല്‍ എക്‌സിക്യൂട്ടീവ് വി കെ സുരേഷ്, പി കെ അന്‍വര്‍ മുട്ടാഞ്ചേരി, പ്രശോഭ് സാകല്യം, ഫഹീം ബറാമി സംസാരിച്ചു. ഗ്രന്ഥകാരന്‍ മനു റഹ്മാന്‍ മറുമൊഴി നടത്തി. Content Highlights:Writer Shihabuddin Poythumkadavu released Manu Rahman’s travelogue Shaithyam Punarunna Ladakh Marubhoomi in Kozhikode. He highlighted how travels reveal human insignificance and cited SK Pottekkatt’s impact on Malayalis. Dr Arya Gopi received the first copy at Calicut Press Club.