ശാസ്ത്രലോകത്തെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ വൈറസുകൾ ചിലപ്പോഴൊക്കെ ലോകത്തെ മുഴുവൻ വിറപ്പിക്കുന്നത് നാം കാണുന്നുണ്ടല്ലോ. വൈറസുകൾക്ക് ജീവനുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ പോലും ശാസ്ത്രലോകത്ത് ഇന്നും തർക്കമാണ്. വളരെ ചെറുതെങ്കിലും ലോകത്തെ മുഴുവൻ നിശ്ചലമാക്കാൻ ശേഷിയുള്ള ഈ കുഞ്ഞൻ ജീവികളെക്കുറിച്ച് ഏറെ പഠിക്കാനുണ്ട്.ഒരു പ്രോട്ടീൻ കോട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ജനിതക വസ്തുക്കളുടെ ഒരു കൂട്ടമാണ് വൈറസ്. “വിഷം’ എന്നർഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നാണ് വൈറസ് എന്ന പേരുണ്ടായത്. സാധാരണ മൈക്രോസ്കോപ്പിലൂടെ കാണാൻ കഴിയാത്ത, ബാക്ടീരിയകളേക്കാൾ നൂറിലധികം ഇരട്ടി ചെറുതാണ് വൈറസുകൾ. ഇലക്ട്രോൺ മൈക്രോസ്കോപ്പാണ് ഇവയെ കാണുന്നതിന് ഉപയോഗിക്കുന്നത്.ജീവനുണ്ടോ?മനുഷ്യന്റെയോ മൃഗത്തിന്റെയോ സസ്യത്തിന്റെയോ ശരീരത്തിൽ പ്രവേശിച്ചാൽ ഇവ ജീവനുള്ളവയെപ്പോലെ പെരുമാറും. അവിടെ വെച്ച് പെരുകുകയും വംശവർധനവ് നടത്തുകയും ചെയ്യും. എന്നാൽ, ശരീരത്തിന് പുറത്താണെങ്കിൽ സ്വന്തമായി ശ്വസിക്കാനോ ആഹാരം കഴിക്കാനോ ഊർജം ഉത്പാദിപ്പിക്കാനോ കഴിയാത്ത വെറുമൊരു മണൽത്തരി പോലെ നിർജീവമാണ് വൈറസുകൾ.രോഗമുണ്ടാക്കുന്നത് എങ്ങനെ ?വായു, ജലം, സമ്പർക്കം എന്നിവയിലൂടെ ഇവ ശരീരത്തിലെത്തുന്നു. ശരീരത്തിലെ ആരോഗ്യമുള്ള ഒരു കോശത്തിലേക്ക് വൈറസ് അതിന്റെ ജനിതകവസ്തു കടത്തിവിടുന്നു. തുടർന്ന് ഈ കോശത്തിന്റെ നിയന്ത്രണം പൂർണമായും വൈറസ് ഏറ്റെടുക്കുകയും കോശത്തെക്കൊണ്ട് ലക്ഷക്കണക്കിന് പുതിയ വൈറസുകളെ നിർമിപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ ആ കോശം തകർക്കുകയും അടുത്ത കോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു.മനുഷ്യരിൽ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നത് വൈറസുകളാണ് ഉദാ: സാധാരണ ജലദോഷവും പനിയും ഉണ്ടാക്കുന്ന ഇൻഫ്ലുവൻസ, എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന എച്ച് ഐ വി, ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊവിഡ് രോഗത്തിന് കാരണക്കാരനായ കൊറോണ വൈറസ്, നിപ്പാ വൈറസ്, കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളായ ഡെങ്കി, ചിക്കുൻഗുനിയ.നമ്മൾ എപ്പോഴും വൈറസുകളെ വില്ലന്മാരായാണ് കാണാറുള്ളതെങ്കിലും എല്ലാ വൈറസുകളും ദോഷകാരികളല്ല. രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്ന “ബാക്ടീരിയോഫേജ്’ എന്ന ഉപകാരികളായ വൈറസുകളുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ ജീൻ തെറാപ്പിക്കും ക്യാൻസർ ചികിത്സക്കും വൈറസുകളെ മരുന്നായി ഉപയോഗിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്.ബാക്ടീരിയകളെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകൾ വൈറസുകൾക്കെതിരെ പ്രവർത്തിക്കില്ല. അതുകൊണ്ട് വൈറസ് രോഗങ്ങളെ നേരിടാൻ പ്രതിരോധ കുത്തിവെപ്പുകളും വൈറസുകൾ പകരുന്നത് തടയാൻ ശുചിത്വവും മാത്രമാണ് വഴി.Content Highlights:Viruses consist of genetic material wrapped in a protein coat and act alive only inside a host. They takeover healthy cells to replicate and cause viral diseases. While antibiotics do not kill them, helpful viruses like bacteriophages are being researched for gene therapy and cancer treatment.