പാര്‍ട്ടി നടപടി നേരിട്ട പാളയം പ്രദീപിനെ പി എ ആക്കണം; നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി രമ്യ ഹരിദാസ് എംഎല്‍എ

Wait 5 sec.

തിരുവനന്തപുരം |  ചിറയിന്‍കീഴിലെ കൈയാങ്കളിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന നടപടി നേരിട്ട പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എ പരസ്യമായി രംഗത്ത്. പാളയം പ്രദീപിനെ തന്റെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി (പിഎ) മുന്‍കാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കി. 2026 മെയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രദീപിന് നിയമനം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ ചിറയിന്‍കീഴ് സംഘര്‍ഷത്തില്‍ പാളയം പ്രദീപിനെതിരെ കെപിസിസി അച്ചടക്ക നടപടി സ്വീകരിക്കുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രമ്യ ഹരിദാസ് ഇദ്ദേഹത്തിനായി രംഗത്തുവന്നിരിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ മുഖവിലക്കെടുക്കാതെയാണ് എംഎഎല്‍ പാളയം പ്രദീപിന് സംരക്ഷണത്തിന് എത്തിയിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി രമ്യ ഹരിദാസ് സ്പീക്കറുടെ ഓഫീസിനെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കേണ്ടത് നിയമസഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയത്.ചിറയന്‍കീഴ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച എം എം ഹസന്‍ സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാതിരുന്ന രമ്യ ഹരിദാസ്, രഹസ്യമായി പാലക്കാട്ടെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമ്യ ഡല്‍ഹിയിലായതിനാല്‍ ഫോണിലൂടെയാണ് മൊഴിയെടുത്തതെന്ന് എം എം ഹസന്‍ പറഞ്ഞത്. അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ ശക്തമായതോടെ, താന്‍ ഡല്‍ഹിക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതാണെങ്കിലും അസുഖത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു എന്ന വിശദീകരണവുമായി എംഎല്‍എ പിന്നീട് രംഗത്തെത്തി.അതേ സമയം അച്ചടക്ക നടപടി നേരിട്ട പാളയം പ്രദീപിനായി രമ്യ ഹരിദാസ് നടത്തുന്ന നീക്കള്‍ വരും ദിവസങ്ങളില്‍ വലിയ വിവാദത്തിന് വഴിവെച്ചേക്കും.Content Highlights: Remya Haridas MLA requested the Assembly Secretary to appoint suspended leader Palayam Pradeep as her PA. Pradeep was suspended by KPCC following a clash in Chirayinkeezhu. The MLA’s move despite local leadership opposition is expected to trigger further debate within the party.