മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖലയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് ‘ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ 1’ സെപ്റ്റംബർ 11-ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗലാലിയിലുള്ള യൂസിഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (FIDE) ഐ.ഡി ലഭിച്ചിട്ടുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. റാപിഡ് ഫോർമാറ്റിൽ ഏഴ് റൗണ്ടുകളിലായാണ് പോരാട്ടം നടക്കുക. വിവിധ കാറ്റഗറികളിലായി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും.രാജ്യത്തെ ചെസ്സ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലെ ചെസ്സ് പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ബഹ്‌റൈൻ പ്രതിഭയുടെ ഈ കായിക സംരംഭത്തെ പ്രശംസിച്ച ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ, മത്സരത്തിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.പ്രതിഭ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ ട്രഷറർ റെഥ ഫാത്തിമ, സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, കൺവീനർ മനോജ് പോൾ, അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ, പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡന്റ് നുബിൻ അൻസാരി, ജോയിന്റ് കൺവീനർ ഹൃദ്യ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.The post ബഹ്‌റൈൻ പ്രതിഭ ‘ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ 1’ അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 11-ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.