നിമിഷ സജയന്‍, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം 'എന്ന വിലൈ'യുടെ ട്രെയ്‌ലര്‍ പുറത്ത്. തമിഴ് സംവിധായകന്‍ വെട്രിമാരനാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് എന്ന വിലൈ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കലാമയ സിനിവേഴ്‌സ്, റോമിയോ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ മലയാളിയായ ജിതേഷ് വി., അനുഗോപാല്‍ വേണുഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. രാമേശ്വരത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയാണ് 'എന്ന വിലൈ' പറയുന്നത്. കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിര്‍ണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയില്‍ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. വൈകാരികമായ രംഗങ്ങള്‍ക്കൊപ്പം സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണം. കുടുംബ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന കഥ പിന്നീട് കൂടുതല്‍ സങ്കീര്‍ണമായ സാമൂഹിക സാഹചര്യങ്ങളിലേക്ക് കടക്കുന്നുവെന്ന പ്രതീതിയാണ് ദൃശ്യങ്ങള്‍ നല്‍കുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങള്‍ക്കൊപ്പം ത്രില്ലര്‍ സ്വഭാവമുള്ള രംഗങ്ങള്‍ക്കും ട്രെയ്‌ലറില്‍ ഇടം നല്‍കിയിട്ടുണ്ട്.സോഷ്യോപൊളിറ്റിക്കല്‍ ഘടകങ്ങളെ കുടുംബകഥയുമായി കൂട്ടിയിണക്കുന്ന ചിത്രത്തിന് പതിനാറാമത് ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വൈകാരികമായ തലത്തില്‍ അവതരിപ്പിക്കുന്നതിനൊപ്പം ത്രില്ലര്‍ സ്വഭാവത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നേരത്തെ പുറത്തിറങ്ങിയ 'കടലാടും സീമയിലെ'എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജി.വി.പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബല്‍ സ്വന്തമാക്കിയിരുന്നു. 'യൂത്ത്'എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് 'എന്ന വിലൈ'യിലെ ഗാനങ്ങളും ഇതേ മ്യൂസിക് ലേബലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്. മൂന്ന് ഷെഡ്യൂളുകളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. നിമിഷ സജയന്‍, കരുണാസ് എന്നിവര്‍ക്കൊപ്പം വൈ.ജി. മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗള്‍ രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണ, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്‍, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്‍ശന്‍, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.സെപ്റ്റംബര്‍ 17ന് 'എന്ന വിലൈ' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രമുഖ മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ തമിഴില്‍ ഒരു ചിത്രത്തിനായി കൈകോര്‍ക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം ആല്‍ബി ആന്റണി, സംഗീതം സാം സി എസ്, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം ശിവകുമാര്‍, ആര്‍ട്ട് ഡയറക്ടര്‍ കെ ശിവകൃഷ്ണ, ആക്ഷന്‍ പിസി സ്റ്റണ്ട്‌സ്, കോഡയറക്ടര്‍ രതീഷ്, കോസ്റ്റിയൂം ഡിസൈനര്‍ ആര്‍ മുരുഗാനന്ദം, മേക്കപ്പ് വി. ദിനേഷ്‌കുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ കെ എം, സ്റ്റില്‍സ് കാര്‍ത്തിക് എ കെ, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ ആര്‍ രാജീവ് ഗാന്ധി, പി കാര്‍ത്തി, പിആര്‍ഒ ശബരി.