ഇ ഡിയുടെ കത്തില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെ പി സി സി ഭാരവാഹി യോഗം

Wait 5 sec.

തിരുവനന്തപുരം | സി എം ആര്‍ എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് കെ പി സി സി നേതൃയോഗം. ഇ ഡിയുടെ കത്ത് വിശദമായി ചര്‍ച്ച ചെയ്ത്, നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തില്‍ ഭാരവാഹികളും മന്ത്രിമാരും അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമുണ്ടായി. ഇന്ന് രാവിലെയായിരുന്നു കെ പി സി സി ആസ്ഥാനത്ത് ഭാരവാഹി യോഗം ചേര്‍ന്നത്.വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായ യോഗത്തില്‍ പ്രതിപക്ഷ നേതാവിനും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും ഇ ഡിയുടെ കത്തില്‍ തുടര്‍നടപടി ഏത് തരത്തില്‍ വേണമെന്നതുമടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായി. ഇ ഡിയുടെ കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപടി എടുക്കുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍ ദേശീയതലത്തില്‍ അടക്കം വിശദീകരണം നല്‍കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയം അതീവ സങ്കീര്‍ണമാണെന്നും വിശദമായ പരിശോധന വേണമെന്നും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് യോഗത്തില്‍ പറഞ്ഞു. ഗൗരവതരമായ വിഷയമാണെന്നും നിയമോപദേശം തേടിയ ശേഷം മാത്രം നടപടിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ ജനകീയരാകണമെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെ പി സി സി നേതാക്കള്‍ക്ക് പോലും മുഖ്യമന്ത്രിയെ കാണാനുള്ള പ്രയാസമുണ്ടെന്നും വടക്കന്‍ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി. കെ പി സി സി തലം മുതല്‍ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസ്സംഘടന നടത്തണം. പുനസ്സംഘടന വരും വരും എന്നു പറഞ്ഞാല്‍ പോരാ ഉടനടി വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. രമ്യാ ഹരിദാസിനെതിരായ ആരോപണത്തിലും വിമര്‍ശമുണ്ടായി. രമ്യക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതിയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതിനാലാണ് ക്ഷണിക്കാതിരുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്.Content Highlights:The KPCC office bearers meeting decided not to take any hasty action regarding the letter sent by the Enforcement Directorate. Party leaders discussed the legal and political implications of the matter in detail. The leadership resolved to wait for further clarification before taking next steps.