“ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതാണ് യഥാർഥ നേതൃത്വം’;ശൈഖ് ഹംദാനുള്ള സന്ദേശവുമായി ശൈഖ് മുഹമ്മദിന്റെ “ദി മെസ്സേജസ്’

Wait 5 sec.

ദുബൈ|ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് വാത്സല്യവും ഭരണപാഠങ്ങളും നിറഞ്ഞ സന്ദേശവുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായി ശൈഖ് ഹംദാൻ 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകമായ “ദി മെസ്സേജസിൽ’ ഈ വ്യക്തിഗത സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.“എന്റെ കിരീടാവകാശിക്ക്, എന്റെ ജീവിതത്തിന്റെ തുടർച്ചയും എന്റെ പ്രയാണത്തിന്റെ നെടുംതൂണുമായ ഹംദാന്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ജനങ്ങളോട് ചേർന്നു നിൽക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിയാനും എളിയവരോടും മുതിർന്നവരോടും കാരുണ്യം കാണിക്കാനും ശൈഖ് ഹംദാൻ പുലർത്തുന്ന കരുതലിനെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. യുവാക്കൾക്ക് വലിയ പ്രചോദനമായതിനൊപ്പം കുടുംബത്തോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം മകനെ അഭിനന്ദിച്ചു.വലിയ വിജയങ്ങൾക്കൊപ്പം ഉത്തരവാദിത്തങ്ങളും വർധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു. നീതിയാണ് ഭരണത്തിന്റെ അടിസ്ഥാനമെന്നും ശിക്ഷിക്കുന്നതിന് മുൻപ് കാരുണ്യം കാണിക്കുകയും ചോദിക്കുന്നതിന് മുമ്പ് നൽകുകയും ജനങ്ങൾ അടുത്തേക്ക് വരുന്നതിന് മുമ്പ് അവരിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഭരണാധികാരിയെയാണ് ജനങ്ങൾക്ക് ആവശ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അനീതിക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തണം. നീതി നിലനിൽക്കുന്നിടത്ത് രാജ്യം ഒരിക്കലും വഴിതെറ്റിപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഭരണാധികാരിയെ സന്തോഷിപ്പിക്കാൻ മാത്രം സംസാരിക്കുന്നവരെ അടുപ്പിക്കരുതെന്നും സത്യസന്ധരായ ആളുകളെ കൂടെ നിർത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. കേൾക്കുമ്പോൾ വേദന തോന്നിയാലും തെറ്റായ വ്യാമോഹങ്ങളേക്കാൾ എത്രയോ നല്ലതാണ് സത്യസന്ധമായ ഉപദേശങ്ങൾ. കൂടെയുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് അഴിമതിയിലേക്ക് നയിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്ന ബോധ്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണാധികാരി ജനങ്ങളിലേക്ക് എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം ആ രാജ്യം സുരക്ഷിതമായിരിക്കും.രാഷ്ട്രപിതാവ് ശൈഖ് സായിദും ശൈഖ് റാശിദും ജനമനസ്സുകളിൽ ഇടം നേടിയത് കാരുണ്യം കൊണ്ടാണ്. ജനങ്ങൾ കണ്ണുകൊണ്ടാണ് നോക്കുന്നതെങ്കിൽ ഹൃദയംകൊണ്ടാണ് അവരെ തിരിച്ചുനോക്കേണ്ടത്. അധികാരം പ്രയോഗിക്കുന്നതിലല്ല, മറിച്ച് ജനഹൃദയങ്ങൾ കീഴടക്കുന്നതിലാണ് ഭരണാധികാരിയുടെ മഹത്വമെന്നും പ്രാർഥനാപൂർവം അദ്ദേഹം കത്തിൽ ഓർമിപ്പിച്ചു.Content Highlights:Sheikh Mohammed bin Rashid Al Maktoum shared an emotional message to Sheikh Hamdan in his new book The Messages. Marking Sheikh Hamdan’s 20 years as Dubai Executive Council Chairman, the note praised his care for citizens. Sheikh Mohammed reminded him that justice and humility define great rulers.