അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ വിദേശികളായി മുദ്രകുത്തി തടങ്കല്‍ പാളയത്തില്‍ അടക്കുകയും നാടുകടത്തുകയും ചെയ്യുന്ന ഹിമന്ത ബിശ്വശര്‍മ സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന പരാതി വ്യാപകമാണ്. ഇതിനെ സാധൂകരിക്കുന്നതാണ് “ഫോറിനേഴ്‌സ് ട്രൈബ്യണല്‍’ ബംഗ്ലാദേശിലേക്ക് നാടുകടത്തിയ മുംതാസ് ബീഗമെന്ന ബംഗാളി യുവതിയുടെ കാര്യത്തില്‍ ഗുഹാവത്തി ഹൈക്കോടതി നടത്തിയ ഇടപെടലും നിരീക്ഷണവും. മുംതാസ് ബീഗത്തെ അസമിലേക്ക് തിരികെ കൊണ്ടുവരാനും അവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുമാണ് ഹൈക്കോടതി ഉത്തരവ്.അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരെ രേഖകള്‍ പരിശോധിച്ച് ഇന്ത്യന്‍ പൗരനോ, വിദേശിയോ എന്ന് കണ്ടെത്താന്‍ നിയോഗിതമായ അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ് അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍. 2019ല്‍ നാഗോണ്‍ ജില്ലയിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലാണ് മുംതാസ് ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്. ഇന്ത്യക്കാരന്റെ മകളാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ബീഗം പരാജയപ്പെട്ടുവെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ ബീഗം ഹാജരാക്കിയ മുഴുവന്‍ രേഖകളും പരിശോധിക്കാത്തതിനാല്‍ കേസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മുംതാസ് ബീഗം ഈ മേയ് 30ന് ട്രൈബ്യൂണലില്‍ ഹാജരായി. എന്നാല്‍ കേസ് വീണ്ടും പരിഗണിക്കുന്നതിനു പകരം ട്രൈബ്യൂണല്‍ ജഡ്ജി ബീഗത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. മിനുട്ടുകള്‍ക്കകം അറസ്റ്റ് നടന്നു. പിന്നാലെ അവരെ ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ട്രൈബ്യൂണലിന്റെ ഈ ധൃതിപിടിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നടപടിയെടുക്കാനും സര്‍ക്കാറിന് അവകാശമുണ്ടെങ്കിലും വിദേശിയെന്നു സംശയിക്കപ്പെടുന്നവര്‍ക്കെതിരെയെല്ലാം കുറ്റവാളിയെന്ന മട്ടില്‍ നടപടിയെടുക്കുന്നത് നീതിയല്ല. അവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും സാവകാശം നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അസം പോലുള്ള പ്രകൃതി ദുരന്തങ്ങളും വെള്ളപ്പൊക്കവും നിരന്തരം നാശം വിതക്കുന്ന ഒരു പ്രദേശത്ത്, തങ്ങള്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഹാജരാക്കണമെന്നു പറയുന്നത് തന്നെ ശരിയായ നടപടിയല്ല.പ്രത്യേകിച്ചും സാക്ഷരതയില്‍ പിന്നാക്കം നില്‍ക്കുന്ന അസമിലെ പ്രാന്തപ്രദേശങ്ങളിലെ സാധാരണക്കാര്‍ ഇത്തരം രേഖകളെക്കുറിച്ച് ബോധവാന്മാരല്ല. അവരോട് അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിക്കുന്നതിനു പകരം മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ഈ മണ്ണിലുള്ള ഓരോ മനുഷ്യനും ബാധകമാണെന്ന് 1991ലെ ലൂയിസ് ഡി റെയ്ഡ് കേസ്, ഖുദൈറാം ദാസ് കേസ്, ഫ്രാന്‍സിസ് കോറലി കേസ് തുടങ്ങി വിവിധ കേസുകളില്‍ പരമോന്നത നീതിപീഠം വ്യക്തമാക്കിയതാണ്. ഇന്ത്യയിലുള്ള വിദേശികള്‍ക്ക് ആര്‍ട്ടിക്കിള്‍ 21ന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും ഭരണകൂടത്തിന് വിദേശ പൗരന്മാരെ നാടുകടത്താന്‍ അധികാരമുണ്ടെങ്കിലും അത് നിയമവിധേയവും മാന്യവുമായ നടപടിക്രമങ്ങളിലൂടെ ആയിരിക്കണമെന്നുമായിരുന്നു ലൂയിസ് ഡി റെയ്ഡ് കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടിയെത്തിയവരുടെ കാര്യത്തില്‍, അവരെ ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ പുറത്താക്കരുതെന്നും സ്വാഭാവിക നീതിയുടെ തത്ത്വങ്ങള്‍ പാലിക്കണമെന്നുമായിരുന്നു ഖുദൈറാം ദാസ് കേസില്‍ കോടതി നിര്‍ദേശം.അസമിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്ന ഒറ്റപ്പെട്ട സംഭവമല്ല മുംതാസ് ബീഗത്തിന്റെ ദുരനുഭവം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൗരത്വവും കുടിയേറ്റവും തിരിച്ചറിയല്‍ രേഖകളും രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഖ്യവിഷയമായി ഇടംപിടിച്ചിരിക്കുകയാണ്. ഒരു വ്യക്തി ഇന്ത്യന്‍ പൗരനാണോ, പുറം രാജ്യക്കാരനാണോ, അയാളുടെ പേരും കുടുംബവും രേഖകളും വോട്ടവകാശവും നിയമപരമായ അവസ്ഥയുമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഭരണപരമായ പരിശോധനയുടെ പരിധിവിട്ട് രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ആയുധമായി മാറുന്ന കാഴ്ചയാണ് കാണപ്പെടുന്നത്. രാജ്യത്തെ പൗരത്വ നിര്‍ണയ സംവിധാനങ്ങള്‍ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണിത്.മുസ്‌ലിം പേരുള്ള വ്യക്തിയുടെ പൗരത്വത്തെ സംശയദൃഷ്ടിയോടെ കാണുകയോ, ഒരു മുസ്‌ലിമിന് തന്റെ പൗരത്വം തെളിയിക്കാന്‍ ഇതര മതസ്ഥരേക്കാള്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടി വരികയോ ചെയ്യുന്നുവെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പ് നല്‍കുന്ന സമത്വത്തിന്റെ ലംഘനമാണത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന ആര്‍ട്ടിക്കിള്‍ 15നും കടകവിരുദ്ധമാണ്. തികച്ചും മതനിരപേക്ഷവും വിവേചനരഹിതവും സുതാര്യവുമായിരിക്കണം പൗരത്വ പരിശോധനകള്‍. കുടിയേറ്റം തടയുന്നതിന്റെ പേരില്‍ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് അധികാരമില്ല. ഒരു വ്യക്തിയെ കുടിയേറ്റക്കാരനും വിദേശിയുമാക്കുന്നത് നിയമത്തിനു പുറത്തുനിന്നുള്ള അദൃശ്യ കാരണങ്ങള്‍ കൊണ്ടാകരുത്. ഒരു സമുദായത്തെ പ്രത്യേകം സംശയത്തിന്റെ നിഴലിലാക്കുന്നത് കുടിയേറ്റത്തിനെതിരെയുള്ള നടപടിയല്ല, കൊടിയ വംശീയതയും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന അപകടകരമായ പ്രവണതയുമാണ്. മുംതാസ് ബീഗം കേസിലെ ഹൈക്കോടതി വിധി അവര്‍ക്കും കുടുംബത്തിനും ആശ്വാസമെന്നതിലുപരി, ഭരണകൂടത്തിന്റെ അധികാരത്തിന് അതിരുകളുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. Content Highlights:Gauhati High Court ordered the Assam government to bring back Mumtaz Begum from Bangladesh and grant her 2 lakh rupees compensation. The court criticized the Foreigners Tribunal for hastily arresting and deporting her. The verdict highlights growing concerns over discrimination in citizenship checks.