സ്‌പോർട്‌സിനെ ലഹരിയാക്കൂ: മുഖ്യമന്ത്രി

Wait 5 sec.

ലഹരിയുടെ പിടിയിൽ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ സ്‌പോർട്‌സിനും പോലീസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 47 -ാമത് സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഫിറ്റ്‌നെസിന്റെ പ്രാധാന്യം വിളിച്ചോതുന്ന കായികമേളയിലൂടെ ഓപ്പറേഷൻ തൂഫാന്റെ മികച്ച സന്ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യെസ് ടു സ്‌പോർട്‌സ്, നോ ടു ഡ്രഗ്‌സ് എന്നതായിരുന്നു കായികമേളയുടെ മുദ്രാവാക്യം. സംസ്ഥാനത്തിന്റെ കായിക വികസനത്തിൽ കൂടുതൽ പങ്ക് വഹിക്കാൻ കേരള പോലീസിനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ കായിക മേളയ്ക്ക് സാക്ഷിയാകാൻ കഴിഞ്ഞതിലെ സന്തോഷവും മുഖ്യമന്ത്രി പങ്കുവച്ചു.41 പോലീസ് യൂണിറ്റുകളിൽ നിന്നായി 1375 അത്‌ലറ്റുകൾ പങ്കെടുത്ത പോലീസ് കായികമേളയിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ മുഖ്യമന്ത്രി സമ്മാനിച്ചു. മാർച്ച് പാസ്റ്റോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. ചടങ്ങിന് സംഘാടക സമിതി ചെയർമാനും ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ജെൻഡർ ഇൻക്ലൂസീവ് ഫിറ്റ്‌നെസിനോടുള്ള കേരള പോലീസിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ മേളയിൽ കണ്ട വർധിച്ച സ്ത്രീപങ്കാളിത്തവും പുതിയ റെക്കോർഡുകളുമെന്ന് ഡിജിപി പറഞ്ഞു.ചടങ്ങിൽ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, കെ.പി.എച്ച്.സി.സി എം.ഡി.യും എ.ഡി.ജി.പിയുമായ ഗുഗുലോത്ത് ലക്ഷ്മൺ, സംഘാടക സമിതി സെക്രട്ടറിയും പോലീസ് ആസ്ഥാനത്തെ ഐ.ജിയുമായ ഹർഷിത അത്തലൂരി, ഡെപ്യൂട്ടി സെൻട്രൽ സ്‌പോർട്‌സ് ഓഫീസറും എസ്.ഐ.എസ്.എഫ് കമാൻഡന്റുമായ എൽ. സോളമൻ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.