സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ ഭരണപരമായ കഴിവുകേടിന്റെയും കെടുകാര്യസ്ഥതയുടെയും ഫലമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുൻ എൽഡിഎഫ് സർക്കാരിന്റെ മേൽ ചുമത്തി രക്ഷപ്പെടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫ് വാദം വസ്തുതാവിരുദ്ധമാണെന്നും പിണറായി പറഞ്ഞു. 2015ൽ യുഡിഎഫ് കാലത്ത് ഒപ്പിട്ട കരാറിലെ നിയമപരമായ പ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ നടപടി സ്വീകരിക്കാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.കരാർ സംബന്ധിച്ച നിയമപോരാട്ടം തുടരുന്നതിനിടെ എൽഡിഎഫ് സർക്കാർ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുകയും സ്വാപ്പിംഗ് കരാറുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി പിണറായി അവകാശപ്പെട്ടു. അന്ന് കടുത്ത മഴക്കുറവും എൽനിനോയും ഉണ്ടായിട്ടും പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഒഴിവാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.നിലവിൽ വൈദ്യുതി ആവശ്യകത കുറഞ്ഞിട്ടും പ്രതിസന്ധി രൂക്ഷമാകുന്നത് സർക്കാരിന്റെ പരാജയമാണെന്നും പിണറായി ആരോപിച്ചു. കർണാടകയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ പോലും ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നും കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യ മേഖലയെ രക്ഷകരായി അവതരിപ്പിക്കാനാണ് ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു.The post സ്വകാര്യവത്ക്കരിക്കാൻ നീക്കം; വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി വിജയൻ appeared first on ഇവാർത്ത | Evartha.