കെ എസ് ആര്‍ ടി സിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിക്ക് അവസരം

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെ എസ് ആര്‍ ടി സിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കോര്‍പറേഷന് ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കെ എസ് ആര്‍ ടി സി പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സാമൂഹിക സംഘടനകള്‍, ക്ലബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പുറമെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും ബസുകള്‍ സംഭാവന നല്‍കാവുന്നതാണ്. ഒമ്പത് മുതല്‍ 15 മീറ്റര്‍ വരെ നീളമുള്ള എ സി പ്രീമിയം ബസുകള്‍, എ സി സീറ്റര്‍, എ സി സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയവയാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്. വാഹനങ്ങള്‍ നേരിട്ട് വാങ്ങി നല്‍കുകയോ അല്ലെങ്കില്‍ അതിനായുള്ള തുക കോര്‍പറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നല്‍കുന്നതെങ്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ കെ എസ് ആര്‍ ടി സി തന്നെ വാഹനം വാങ്ങും.സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന ബസുകള്‍ കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇവ കോര്‍പറേഷന്റെ സ്ഥിരം ആസ്തിയായി മാറും. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇന്‍ഷ്വറന്‍സ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂര്‍ണ അധികാരം കെ എസ് ആര്‍ ടി സിക്കായിരിക്കും. സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ നിര്‍ദേശിക്കുന്ന റൂട്ടുകള്‍ നിലവിലെ സര്‍വീസുകള്‍ക്ക് പകരമാണെങ്കില്‍ അതിനനുസരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തും.സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് വാഹനത്തില്‍ പരസ്യം നല്‍കാന്‍ അവസരം നല്‍കും. നിബന്ധനകള്‍ പാലിച്ച് വാഹനത്തിന്റെ മുന്‍വശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60 ശതമാനം വരെ പരസ്യം പ്രദര്‍ശിപ്പിക്കാം. വാഹനത്തിനുള്ളില്‍ 30 ശതമാനം സ്ഥലത്തും പരസ്യത്തിന് അനുമതിയുണ്ട്. ഇതിന് പുറമെ സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുത്തി ‘സ്‌പോണ്‍സേര്‍ഡ് ബൈ’ എന്ന് വാഹനത്തില്‍ എഴുതാനും സാധിക്കും. എന്നാല്‍ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ സങ്കുചിതമോ ആയ പരസ്യങ്ങള്‍ അനുവദിക്കില്ല. പരസ്യ മാതൃകകള്‍ കോര്‍പറേഷന്‍ മുന്‍കൂട്ടി അംഗീകരിച്ചിരിക്കണം. കോര്‍പറേഷനിലെ മറ്റ് ബസുകളുടേതിന് സമാനമായ നിറം തന്നെയാകും ഇവക്കും നല്‍കുക. വാഹനത്തിന് രൂപമാറ്റം വരുത്തേണ്ടി വന്നാല്‍ സ്‌പോണ്‍സറെ മുന്‍കൂട്ടി അറിയിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി കോര്‍പറേഷനിലെ മാര്‍ക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.Content Highlights:Kerala State Road Transport Corporation launches a new sponsorship scheme to improve bus maintenance and passenger amenities. Private individuals and institutions can sponsor various services to enhance operational efficiency. The initiative aims to boost non-ticket revenue and modernize infrastructure.