നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം; സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി

Wait 5 sec.

കോഴിക്കോട്  | നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കാനുള്ള സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംഘടനാ രേഖ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് പരാജയങ്ങളിലെ സ്വയം വിമര്‍ശനങ്ങളും തിരുത്തലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗോവിന്ദന്‍ പറഞ്ഞു നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും വേണ്ട തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്‍കാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികള്‍ക്കും മാത്രമാണ് പങ്കെടുക്കാനാകുക.സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് നേരത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിനാല്‍ അതേ റിപ്പോര്‍ട്ട് വീണ്ടും സംസ്ഥാന സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന പാര്‍ട്ടി കീഴ്വഴക്കമാണ് നിയന്ത്രണത്തിന് കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ചര്‍ച്ചയിലെ നിയന്ത്രണത്തിനാണ് ഈ കടിഞ്ഞാണ്‍ എന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. നേതൃമാറ്റമുള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് വിമര്‍ശം.റിപ്പോര്‍ട്ട് വിശാല സംസ്ഥാന സമിതിയില്‍ നേരിട്ട് അവതരിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും സംസ്ഥാന സമിതി അംഗങ്ങളെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അതേസമയം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള മാസപ്പടി കേസിലെ ഇഡി നീക്കത്തില്‍ സിപിഎമ്മിനുള്ളില്‍ പൊതുവേ ഏകാഭിപ്രായമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് നേതാക്കളുടെ നിലപാട്.Content Highlights: The extended state committee meeting of CPM commenced in Kozhikode to evaluate the assembly election defeat. Veteran leader Paloli Mohammed Kutty hoisted the flag while General Secretary M A Baby inaugurated the meet. State Secretary M V Govindan will present the organizational document.