മലയാളത്തിലെ ഒന്നാം ചാനൽ ലഹള

Wait 5 sec.

വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ചര്‍ച്ച ചെയ്യുന്നതിലുമെല്ലാം മുമ്പില്ലാത്ത വിധം വലിയ മാറ്റങ്ങളാണ് മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. “ഒരു മാധ്യമം ഇങ്ങനെ റിപോര്‍ട്ട് ചെയ്തു’ എന്നിടത്തുനിന്ന് “ഏഷ്യാനെറ്റ് ഇങ്ങനെയാണ് വാര്‍ത്ത കൊടുത്തത്’ എന്ന് പച്ചക്ക് പറയുന്ന രീതിയിലേക്ക് നമ്മുടെ ന്യൂസ് റൂമുകള്‍ക്ക് പരിണാമം സംഭവിച്ചിരിക്കുന്നു. ഓരോ ചാനലും പരസ്പരം പ്രതിരോധിക്കുന്നതില്‍ നിന്നുമാറി, കടന്നാക്രമിക്കാന്‍ തയ്യാറാകുന്നു. ഇത്രമേല്‍ അനാരോഗ്യകരമായ പ്രവണത മുമ്പ് കണ്ടിരുന്നില്ല. വലിയ വാണിജ്യ മത്സരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏതൊരു വിമര്‍ശനവും ഏതെങ്കിലും ഒളിയമ്പില്‍ ഒതുങ്ങിയിരുന്നു. ഒന്നാമതെത്താനുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരസ്പര ബഹുമാനവും മാന്യതയും വാര്‍ത്താവതാരകരുടെ വാക്കിലും ശരീര ഭാഷയിലും പ്രേക്ഷകര്‍ കണ്ടിരുന്നു. എല്ലാം മാറിയിരിക്കുന്നു.ഈ പ്രവണതയിലേക്ക് പൊടുന്നനെ നയിച്ചത് റിപോര്‍ട്ടര്‍ ടി വിയുടെ ന്യൂസ് റൂമില്‍ പോലീസ് കയറിയതാണെന്ന് തോന്നുന്നു. മാനേജ്മെന്റിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് അതുമായി ബന്ധമില്ലാത്ത മാധ്യമ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ സമ്മതിക്കാതെ നടത്തിയ റെയ്ഡായിരുന്നു എല്ലാത്തിനും തുടക്കം. അന്നുവരെ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിലും സംഭവിച്ചിട്ടില്ലാത്ത കാഴ്ചകള്‍ക്ക് റിപോര്‍ട്ടര്‍ ടി വി ചാനല്‍ സാക്ഷ്യം വഹിച്ചു. മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി. ഇടതുപക്ഷ നിലപാടുകള്‍ പിന്തുണച്ചുപോന്ന ചാനലിനെ പോലീസിനെ വിട്ട് ഒന്ന് പേടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കമെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു റെയ്ഡും പിന്നീട് നടന്ന കാര്യങ്ങളും.ഒട്ടുമിക്ക വാര്‍ത്താ ചാനലുകളും ഇത് ആഘോഷിച്ചു. ഒപ്പം നില്‍ക്കേണ്ട നിര്‍ണായക സാഹചര്യത്തില്‍ ഒരു ചാനലും തങ്ങള്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയ റിപോര്‍ട്ടര്‍ ടി വി ശക്തമായി തന്നെ പ്രതിരോധിച്ചു. 2022 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സമാന പ്രശ്നം നേരിട്ടപ്പോള്‍ പിന്തുണച്ചത് പോലും മറന്ന് മീഡിയാ വണ്‍ കടന്നാക്രമണം നടത്തുകയാണെന്ന് റിപോര്‍ട്ടര്‍ ചാനലുകാര്‍ ഓര്‍മിപ്പിച്ചു. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ട്വന്റി ഫോര്‍, ഏഷ്യാനെറ്റ് ചാനലുകളും റിപോട്ടര്‍ ടി വിയെ കടന്നാക്രമിച്ചു.നിങ്ങളുടെ ചാനല്‍ ഉടമ മരംമുറിക്കേസില്‍ പ്രതിയാണെന്ന് റിപോര്‍ട്ടര്‍ ടി വിയോട് മറ്റുള്ള ചാനലുകള്‍ തങ്ങളുടെ ന്യൂസ് റൂമിലിരുന്ന് പറയുമ്പോള്‍ നിങ്ങളുടെ കൈകളും അത്ര ശുദ്ധമല്ലെന്ന് റിപോര്‍ട്ടര്‍ ടി വിയും തുറന്നടിക്കുന്ന യുദ്ധമാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്. സകാത്ത് ഫണ്ട്, ബന്ധുവിനെ പറ്റിച്ചത്, ക്ഷേത്ര ഭൂമി കൈയേറ്റം, ആദിവാസികളുടെ ഭൂമി കൈയേറ്റം തുടങ്ങി മുനവെച്ച പ്രത്യാക്രമണങ്ങളായിരുന്നു ഉയർന്നത്.ദിവസങ്ങള്‍ക്കുള്ളില്‍ ആന്റോ അഗസ്റ്റിന്‍ ജാമ്യം കിട്ടി പുറത്തുവന്നു. വന്ന അന്ന് തന്നെ ന്യൂസ് റൂമിലെത്തിയ ആന്റോ മുഖ്യമന്ത്രി വി ഡി സതീശനെയും സംസ്ഥാന സര്‍ക്കാറിനെയും കുഴക്കുന്ന ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍, പ്രത്യേകിച്ച് ഇന്നലെ മുഖ്യമന്ത്രിയെ കുഴക്കുന്ന നിരവധി ബ്രേക്കിംഗ് ന്യൂസുകളാണ് റിപോര്‍ട്ടര്‍ ടി വി പുറത്തുവിട്ടത്. പരസ്യ വരുമാനം നില്‍ക്കുമെന്ന് പേടിച്ച് ഏഷ്യാനെറ്റിനും മനോരമക്കും ഈ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ പേടിയാണെന്ന് പറഞ്ഞുകൊണ്ടാണ് റിപോര്‍ട്ടര്‍ ടി വി സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്.ഈ പ്രവണത ഏതായാലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് തുടരാനാണ് സാധ്യത. എന്താണ് ശരിക്കുമുള്ള വാര്‍ത്തയെന്നും അത് എങ്ങനെയാണ് റിപോര്‍ട്ട് ചെയ്യേണ്ടതെന്നും മാധ്യമ പ്രവര്‍ത്തകര്‍ മറന്നുപോകുന്ന ഈ സമയം മാധ്യമരംഗം സൂക്ഷ്മമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും നിരാശയാണ് സമ്മാനിക്കുക. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അത്രമേല്‍ ദുഷ്‌കരമായ ഒരു സാഹചര്യമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വെല്ലുവിളികള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോര്‍പറേറ്റ്- രാഷ്ട്രീയ ചങ്ങാത്തം സൃഷ്ടിച്ച പ്രത്യേക ഘടനയില്‍ ഇവിടെ മാധ്യമപ്രവര്‍ത്തനം നടത്തേണ്ടി വരുന്നത് എന്ന കാര്യം മറന്നുകൂടാ.ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുകയും വ്യാജവാര്‍ത്തകള്‍ കൊണ്ടാണെങ്കിലും കോര്‍പറേറ്റ്, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തലത്തിലേക്ക് രാജ്യത്തെ മാധ്യമങ്ങള്‍ വഴിമാറി. കേരളത്തിലേക്കും ഈ പ്രവണത കടന്നു വരുന്നു എന്നുകൂടിയാണ് സമീപകാലത്തെ മാറ്റങ്ങള്‍ അടിവരയിടുന്നത്. മുഖ്യമന്ത്രിയെ കുഴക്കുന്ന 14 വാര്‍ത്തകളാണ് റിപോര്‍ട്ടര്‍ ടി വിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് മെറ്റ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്.കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്ത് നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി പല പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പലരും ആക്രമിക്കപ്പെട്ടു. പല പ്രമുഖര്‍ക്കും വര്‍ഷങ്ങളോളം ജോലി ചെയ്ത മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. ചില മാധ്യമ പ്രവര്‍ത്തകരെയെങ്കിലും കാണാതായി. മാധ്യമ സ്വാതന്ത്ര്യം എന്നത് അപൂര്‍വമായി മാത്രം കാണുന്ന സംഭവമായി. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തെ മാധ്യമരംഗം കൂടുതല്‍ പരസ്യമായി ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നതും മുന്നോട്ടുവരുന്നതും. കോര്‍പറേറ്റ്- രാഷ്ട്രീയ ചങ്ങാത്തം തന്നെയാണ് ഈ പ്രവണതക്ക് ശക്തമായ പിന്തുണയും അവസരവുമൊരുക്കിയത്. നിലവിലുള്ള ഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളുടെയും ഉടമാവകാശം ഭരണകൂടത്തോട് നേരിട്ട് ചങ്ങാത്തമുള്ള കോര്‍പറേറ്റുകള്‍ക്ക് ആയതോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും മോദി സര്‍ക്കാറിനോട് ചേര്‍ന്നുനിന്നു.പ്രാദേശിക, ദേശീയ രംഗത്തെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളിലും വ്യക്തമായ നിയന്ത്രണമോ ഉടമാവകാശമോ സ്വാധീനമോ സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട് എന്നത് ഒരു രഹസ്യമേയല്ല. മോദി ഭരണകാലത്ത് വിവിധ ദേശീയ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങിയവരുടെയും പുറത്താക്കപ്പെട്ടവരുടെയും അനുഭവങ്ങള്‍ ഇതിന് തെളിവാണ്. പല പത്രാധിപരും അത് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഓരോ ജേര്‍ണലിസ്റ്റും ജയിലില്‍ അടക്കപ്പെടുന്നുണ്ട്, ഇപ്പോഴും. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്നും അമേരിക്കയില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള ഭീഷണിയുണ്ട്.എന്നാല്‍ സമ്മര്‍ദത്തില്‍ ജീവിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് (സി പി ജെ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വദേശീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അതിക്രമങ്ങളും ഭീഷണികളും 2018-19 കാലയളവില്‍ അപകടകരാംവിധം വര്‍ധിച്ചുവെന്നും ഈ റിപോര്‍ട്ട് അടിവരയിടുന്നു. 1992-2016 കാലയളവില്‍ മാത്രം ഇന്ത്യയില്‍ മുപ്പതിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടു. എല്ലാം തെളിയിക്കപ്പെടാതെ കിടക്കുന്ന കൊലപാതകങ്ങളാണ്. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളിലായി 28 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.ഇത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന കണക്കാണ്. ഇതനുസരിച്ച് സോമാലിയ, സിറിയ, നൈജീരിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ സുരക്ഷിതരാണ്. ഇപ്പോഴും അന്തര്‍ദേശീയ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 157 ആണ്. ഇതിന്റെ തുടര്‍ച്ച മാത്രമാണ് കേരളത്തിലും കാണാന്‍ സാധിക്കുന്നത്. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ഗൗരവത്തില്‍ വാര്‍ത്തകള്‍ ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളും മലയാളത്തില്‍ കുറഞ്ഞു വരുന്നത് തുറന്നു സമ്മതിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. ഇവിടെ നിക്ഷിപ്ത താത്പര്യങ്ങള്‍, ഉടമസ്ഥരുടെ രാഷ്ട്രീയ അജന്‍ഡകള്‍, കോര്‍പറേറ്റ് പരസ്യ വിപണി, മുസ്‌ലിം- ദളിത് വിരുദ്ധത, കേവല വിനോദം തുടങ്ങി അരാഷ്ട്രീയത വരെ നീണ്ടുനില്‍ക്കുന്ന നിസ്സഹായതകളെ മറികടക്കാന്‍ മാത്രം ശേഷിയുള്ള സമാന്തര മാധ്യമങ്ങള്‍ വളര്‍ന്നുവരിക എന്നത് മാത്രമാണ് ഏക പോംവഴി. അല്ലെങ്കില്‍ പ്രായോഗികമായി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മലയാളത്തിലെ ചാനലുകള്‍ കാണുന്നത് പൂര്‍ണമായും ഒഴിവാക്കുക എന്നതായിരിക്കും.Content Highlights:Malayalam news channels are witnessing an aggressive wave of sensationalism and mutual attacks, largely triggered by the police raid on Reporter TV. Corporate and political pressure continues to squeeze objective journalism across Kerala and India. The trend highlights a broader decline in media independence and press freedom.