വ്യാജ ഏറ്റുമുട്ടല്‍, കസ്റ്റഡി പീഡനം തുടങ്ങി പോലീസുകാരുടെ അധികാര ദുര്‍വിനിയോഗ- നിയമലംഘനങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ നടത്തിയത്. കസ്റ്റഡി മരണങ്ങള്‍ പഴങ്കഥയാണെന്നാണ് കരുതിയതെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്നു പറഞ്ഞ അദ്ദേഹം, രാത്രികാലങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭയം തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കുറ്റാരോപിതരെ ഇല്ലാതാക്കാന്‍ പോലീസ് നടത്തുന്ന കുറുക്കുവഴികള്‍ രാജ്യത്തെ ഭരണഘടനാ സംവിധാനം ഒട്ടും അംഗീകരിക്കുന്നില്ല. ഡല്‍ഹിയില്‍ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും കൂട്ടായ്മയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.ഏതൊരു കുറ്റാരോപിതനും കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ നിരപരാധിയാണെന്നാണ് നീതിശാസ്ത്ര സങ്കല്‍പ്പം. കുറ്റവാളിയെന്നു തെളിയിക്കപ്പെടുന്നതു വരെ പ്രതി നിയമത്തിന്റെ സംരക്ഷണത്തിന് അര്‍ഹനാണ്. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാനുള്ള അധികാരം കോടതികള്‍ക്കാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ന്യായാധിപരായി മാറി തെരുവില്‍ നീതി നടപ്പാക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇതാണ് രാജ്യത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യം. “പ്രതി പോലീസില്‍ നിന്ന് റൈഫിള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു, ആത്മരക്ഷാര്‍ഥം പോലീസ് വെടിവെച്ചു, കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകവെ പ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു’ തുടങ്ങി ഏറ്റുമുട്ടല്‍ കൊലക്ക് ഉദ്യോഗസ്ഥര്‍ ന്യായീകരണങ്ങളും നിരത്തും. ഏതൊരു വ്യാജ ഏറ്റുമുട്ടല്‍ കേസിലും സമാനമായ തിരക്കഥകളാണ് കേട്ടുവരുന്നത്.ചോദ്യം ചെയ്യലിന്റെ പേരിലും മറ്റും അര്‍ധരാത്രിയിലും രാത്രി മൂന്ന് മണിക്കുമെല്ലാം പ്രതികളെ പോലീസ് പുറത്തുകൊണ്ടുപോകുന്ന പ്രവണതയെയും ജസ്റ്റിസ് ഭുയാന്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. എന്തിനാണ് ഈ സമയത്ത് പ്രതിയെ പുറത്തുകൊണ്ടുപോകുന്നത്? നേരം പുലരും വരെ കാത്തിരുന്നു കൂടേ? എന്താണ് ഇത്രവലിയ തിടുക്കം? അദ്ദേഹം ചോദിച്ചു. അസമയത്ത്, ഇരുട്ടിന്റെ മറവില്‍ പ്രതികളെ പുറത്തുകൊണ്ടുപോകുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ പോലുള്ള ഭരണഘടനാ വിരുദ്ധ വഴികള്‍ തേടുന്നതിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.കേസ് കോടതിയിലെത്തുമ്പോള്‍ തെളിവുകളുടെ അഭാവം മൂലം തിരിച്ചടിയുണ്ടാകുമെന്ന ഭീതിയില്‍, അന്വേഷണത്തിലെ വീഴ്ചകള്‍ മറച്ചുവെക്കാനാണ് “ഏറ്റുമുട്ടലുകള്‍’ സൃഷ്ടിച്ച് പോലീസ് പ്രതികളെ വധിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. നിയമം അനുശാസിക്കുന്ന പ്രക്രിയയിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ കവരാന്‍ പാടില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 21 വ്യക്തമാക്കുന്നത്. ഇതിന് കടകവിരുദ്ധവും ഭരണകൂട ഭീകരതയുമാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. അതേസമയം എല്ലാ ഏറ്റുമുട്ടലുകളും വ്യാജമാകണമെന്നില്ല. ആയുധ ധാരികളായ കുറ്റവാളികളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കേണ്ട സാഹചര്യമുണ്ടായേക്കാം. ഈ സാധ്യത പക്ഷേ പോലീസിന് നിയമം കൈയിലെടുക്കാനുള്ള കവചമാകരുത്. പോലീസ് നടപടിയില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ അതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തേണ്ടതാണ്.വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തടയുന്നതിന് 2014 സെപ്തംബര്‍ 23ന് സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. “ഏറ്റുമുട്ടലില്‍ മരണമോ പരുക്കോ സംഭവിച്ചാല്‍ ഉടനടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണം. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാര്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരിക്കരുത്; മറ്റു സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കോ കേന്ദ്ര ഏജന്‍സിക്കോ ആയിരിക്കണം അന്വേഷണ ചുമതല. വെടിവെപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ആയുധങ്ങളും ഫോറന്‍സിക് തെളിവുകളും ഉടനടി ശാസ്ത്രീയ പരിശോധനക്ക് അയക്കണം.രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമായിരിക്കണം മൃതദേഹ പരിശോധന നടത്തേണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തുകയും വേണം. അന്വേഷണത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്നു തെളിഞ്ഞാല്‍, അതില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അതിവേഗ വിചാരണ നടത്തുകയും വേണം’. നിര്‍ഭാഗ്യവശാല്‍ പരമോന്നത കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ മിക്കപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. കസ്റ്റഡി മരണത്തില്‍ അന്വേഷണം നീളുകയും “തെളിവുകളുടെ അഭാവ’ത്തില്‍ പ്രതി രക്ഷപ്പെടുകയും ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാതെ വര്‍ഷങ്ങള്‍ കടന്നു പോകുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഭരണകൂട നിലപാടുകളും ആഭ്യന്തര അന്വേഷണങ്ങളുമാണ് പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം.ജസ്റ്റിസ് ഭുയാന്റെ വിമര്‍ശവും മുന്നറിയിപ്പും സര്‍ക്കാറുകള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. നിയമത്തിന്റെ അതിരുകള്‍ ലംഘിക്കാന്‍ പോലീസിനെ അനുവദിക്കരുത്. നിയമലംഘകരെ സേനയില്‍ തുടരാന്‍ അനുവദിക്കുകയുമരുത്. രാഷ്ട്രീയ- ഭരണകൂട സമ്മര്‍ദങ്ങളില്‍ നിന്ന് സേനയെയും പോലീസ് അന്വേഷണത്തെയും സ്വതന്ത്രമാക്കുകയും വേണം. പോലീസ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുകള്‍ ഇടപെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന് 2006 സെപ്തംബര്‍ 22ന് പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണ്. ഇക്കാര്യത്തില്‍ എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. പോലീസിന്റെ കാര്യക്ഷമത വിലയിരുത്തേണ്ടത്, എത്രപേരെ പിടികൂടുന്നുവെന്നതിലപ്പുറം കസ്റ്റഡിയിലെടുത്തവരുടെ അവകാശങ്ങള്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുവെന്നതിനെ ആധാരമാക്കിയാകണം.Content Highlights:Supreme Court Justice Ujjal Bhuyan expressed deep concern over rising custodial deaths and fake encounters in India. He highlighted that extrajudicial killings violate Article 21 and constitutional norms. Bhuyan urged strict adherence to Supreme Court guidelines to hold police accountable.