കൊല്ലം|കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഉച്ചയ്ക്ക് 2.35ഓടെയാണ് കൊല്ലം ആശ്രമം മൈതാനത്ത് അമിത് ഷാ എത്തിയത്. ഹെലികോപ്റ്ററില്‍ ഇറങ്ങി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് വരുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വാഹന വ്യൂഹത്തിന് തൊട്ടു പിന്നിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. എട്ടോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ആശ്രമം മൈതാനത്തെത്തിയിരുന്ന നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അമിത് ഷാക്കെതിരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും അമിത് ഷായോടൊപ്പമുണ്ടായിരുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റിയ ശേഷം അമിത് ഷാ റോഡ് മാര്‍ഗം കുണ്ടറയിലേക്ക് യാത്ര തിരിച്ചു. കുണ്ടറയിലെ സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനവും മറ്റു പരിപാടികളും പൂര്‍ത്തിയാക്കി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.Content Highlights:Youth Congress activists waved black flags at Union Home Minister Amit Shah during his visit to Kollam. Police removed the protesters led by Youth Congress Working President Binu Chulliyil amid tension with BJP workers. The protest followed recent arrests of Youth Congress leaders in Delhi.