കേരള പിറവിയുടെ 70-ാം വാർഷികം; രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കും : മുഖ്യമന്ത്രി

Wait 5 sec.

**ലോക കേരളസഭ പിരിച്ചുവിട്ടു, പ്രവാസികൾക്കായി ബദൽ സംവിധാനം**കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകൾ, ടൂറിസം മേഖലയുടെ സാധ്യതകൾ എന്നിവ ദേശീയ, അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.ആദ്യഘട്ടത്തിൽ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഫെസ്റ്റിവൽ കേരളം സംഘടിപ്പിക്കുക. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം, സാംസ്‌കാരിക ചർച്ചകൾ, നിക്ഷേപക സംഗമം, ടൂറിസം സാധ്യതകളുടെ അവതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രണ്ടാംഘട്ടത്തിൽ വിദേശ രാജ്യങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും. ഫെസ്റ്റിവൽ കേരളം നടത്തിപ്പിനായി മുഖ്യമന്ത്രി ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി കൺവീനറുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ലോക കേരളസഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുൻ തീരുമാനങ്ങൾ നടപ്പാക്കാത്തതും ഉയർന്ന ചെലവും കണക്കിലെടുത്താണ് തീരുമാനം. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസി വരുമാനം നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുമായി ബദൽ സംവിധാനം കൊണ്ടുവരും. പ്രവാസികളുടെ വരുമാനത്തെ ‘റെമിറ്റൻസ് ഇക്കോണമി’യിൽ നിന്ന് ‘ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികൾ പുതിയ സംവിധാനത്തിലൂടെ നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രി ചെയർമാനായും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലവിഭവ വകുപ്പ് മന്ത്രിമാർ അംഗങ്ങളായും പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് റോഡപകടങ്ങളും അപകട മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ റോഡ് സുരക്ഷാ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ക്യാമ്പയിൻ നടപ്പാക്കുക. വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം കർശനമായ നിയമനടപടികളും ഒരേസമയം നടപ്പാക്കും. റോഡപകടങ്ങൾ കുറയ്ക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. നാടിന്റെ സുരക്ഷ മുൻനിർത്തിയുള്ള ഈ ക്യാമ്പയിനിൽ പൊതുജനങ്ങളുടെ പൂർണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.പരിസ്ഥിതി ലോല മേഖല (ESA) സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതിനായുള്ള റിപ്പോർട്ട് തയ്യാറാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമായി ഇ എസ് എ പരിധി നിശ്ചയിക്കണമെന്നതാണ് കേരളത്തിന്റെ നിർദ്ദേശം. മുൻ സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണ് നിലവിലെ സർക്കാരും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ എസ്എ നിജപ്പെടുത്തുമ്പോൾ ജനവാസ കേന്ദ്രങ്ങളും കാർഡമം ഹിൽ ഏരിയയും പൂർണമായി ഒഴിവാക്കുന്ന നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാരിന് സമർപ്പിക്കുക. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട സമിതിയുമായി ഒരു ഘട്ട ചർച്ച ഇതിനകം നടത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതി ലോല പ്രദേശങ്ങൾ കണക്കാക്കി പരിസ്ഥിതി വകുപ്പ് തയ്യാറാക്കുന്ന സമഗ്രമായ മാപ്പ് ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കും. മാപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം പരാതികൾ ഉയർന്നുവന്നാൽ അവ പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നാളെ (സെപ്റ്റംബർ 24) എറണാകുളത്ത് സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷത്തിൽ സംസ്ഥാനത്തിന്റെ മാരിടൈം മേഖലയിലെ വികസന സാധ്യതകൾ സമഗ്രമായി ചർച്ചചെയ്യുമെന്നും ഇന്റർനാഷണൽ മാരിടൈം മ്യൂസിയം, ഹെൽത്ത് സയൻസ് പാർക്ക് ഉൾപ്പെടെയുള്ള വ്യാവസായിക പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾകഴിഞ്ഞ ദിവസങ്ങളിൽ മഴക്കെടുതിയിൽ മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ അപകടങ്ങളിൽ മരിച്ച ഒൻപത് പേരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനമായി.വയോജന ക്ഷേമവകുപ്പിന്റെ പേര് ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ (ഡിപ്പാർട്ട്‌മെന്റ് ഫോർ സീനിയർ സിറ്റിസൺസ്) എന്ന് പുനർനാമകരണം ചെയ്തു.