മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയുടെ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകൾ കാരണം സ്‌കൂളിൽ ചേർന്ന അസാധാരണ ജനറൽ ബോഡി യോഗം അലങ്കോലപ്പെട്ടതായി ഇൻഡക്സ് ബഹ്‌റൈൻ കുറ്റപ്പെടുത്തി. യോഗത്തിൽ നാളിതുവരെ കാണാത്ത നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയതെന്ന് ഇൻഡക്സ് ബഹ്‌റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുള്ള പ്രസ്താവനയിൽ പറഞ്ഞു.അജണ്ടയിലെ മൂന്നാമത്തെ ഇനമായ സി.ആർ എടുക്കലും ഭരണഘടനാ ഭേദഗതിയും ചർച്ചയ്‌ക്കെടുത്തപ്പോഴാണ് നാടകീയ സംഭവങ്ങൾ തുടങ്ങിയത്. അജണ്ടയുടെ പകുതിയായപ്പോഴേക്കും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ബ്രേക്ക് നൽകി. എന്നാൽ തിരികെ വന്നപ്പോഴേക്കും അജണ്ടകളെല്ലാം പാസ്സാക്കിയതായി ചെയർമാൻ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിഷയം വീണ്ടും ചർച്ചയ്‌ക്കെടുക്കാൻ ഭരണസമിതി നിർബന്ധിതരായി.പ്രധാന വിഷയങ്ങളും ഇൻഡക്സ് ബഹ്‌റൈന്റെ നിലപാടും:സി.ആർ വിഷയം: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സി.ആർ നടപടികളെ പങ്കെടുത്ത ഒരു രക്ഷിതാവും എതിർത്തില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന ഈ സമയത്ത് ധൃതിപിടിച്ച് ഇത് നടപ്പിലാക്കുന്നതിലാണ് രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചത്. ഭരണസമിതി അംഗങ്ങളുടെയോ ഏതെങ്കിലും വ്യക്തികളുടെയോ പേരിൽ സി.ആർ എടുക്കരുത് എന്ന് യോഗം ഒന്നടങ്കം ആവശ്യപ്പെടുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ ഉടമസ്ഥരാവുന്ന തരത്തിൽ, അതാത് കാലത്തെ ഭരണസമിതി അംഗങ്ങൾ ഗവേണിംഗ് കമ്മിറ്റിയാകുന്ന രീതിയിൽ സി.ആർ എടുക്കാനാണ് യോഗത്തിൽ ധാരണയായത്.ഭരണഘടനാ ഭേദഗതി: 75 വർഷം പഴക്കമുള്ള ഇന്ത്യൻ സ്‌കൂൾ ഭരണഘടന കൃത്യമായ ചർച്ചയോ സുതാര്യതയോ ഇല്ലാതെ പാസ്സാക്കി എന്ന് ചെയർമാൻ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ചെയർമാൻ എഴുന്നേറ്റുപോയി. രക്ഷിതാക്കളുടെ പ്രതിഷേധം കാരണം വീണ്ടും യോഗം ആരംഭിച്ചെങ്കിലും ഒരു ഭേദഗതിയും അംഗീകരിക്കാൻ ഭരണസമിതി തയ്യാറായില്ല. ഭരണഘടനാ ഭേദഗതിയെ ആരും എതിർക്കുന്നില്ലെന്നും വ്യക്തമായ ചർച്ചയ്ക്ക് ശേഷം മാത്രം ഇത് നടപ്പിലാക്കിയാൽ മതിയെന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. ആവശ്യമാണെങ്കിൽ ഇതിനായി മാത്രം മറ്റൊരു ഇ.ജി.എം വിളിക്കാമെന്നും രക്ഷിതാക്കൾ നിർദ്ദേശിച്ചു.ഭരണപക്ഷത്തിന്റെ നിലപാട്: സ്കൂളിലെ ഭീമമായ കുടിശ്ശിക ഫീസ് പിരിച്ചെടുക്കുന്നതിന് മുഴുവൻ സഹകരണവും വാഗ്ദാനം ചെയ്ത രക്ഷിതാക്കളോടാണ് ഭരണസമിതി ഈ രീതിയിൽ പിടിവാശി കാണിച്ചത്. ഭൂരിപക്ഷം രക്ഷിതാക്കളും വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും അതിന് സ്കൂൾ അധികൃതർ തയ്യാറായില്ല. ഭരണസമിതിയെ അനുകൂലിക്കുന്നവരേക്കാൾ ഇൻഡക്സ് ബഹ്‌റൈൻ, യു.പി.പി എന്നീ പ്രതിപക്ഷ ഗ്രൂപ്പുകളിൽപ്പെട്ട രക്ഷിതാക്കളും നിഷ്പക്ഷരായ നിരവധി രക്ഷിതാക്കളും പങ്കെടുത്തതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും അറിയാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന് തെളിയിക്കുന്ന രീതിയിൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ തന്നെ യോഗത്തിൽ പ്രതിഷേധമുയർത്തുന്ന സാഹചര്യവുമുണ്ടായി.സി.ആർ വിഷയത്തിലായാലും ഭരണഘടനാ ഭേദഗതിയിലായാലും എത്രയും വേഗം മറ്റൊരു അസാധാരണ ജനറൽ ബോഡി യോഗം വിളിച്ച്, രക്ഷിതാക്കളെ ബോധ്യപ്പെടുത്തി ജനാധിപത്യപരമായ രീതിയിൽ മാത്രം മുന്നോട്ട് പോകുന്നതാണ് സ്കൂൾ ഭരണാധികാരികൾക്ക് ഉചിതമെന്ന് ഇൻഡക്സ് ബഹ്‌റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുള്ള വ്യക്തമാക്കി.The post ഇന്ത്യൻ സ്‌കൂൾ ഇ.ജി.എം അലങ്കോലപ്പെട്ടു; ഭരണസമിതിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടെന്ന് ഇൻഡക്സ് ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.