തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചുവരുന്ന വോട്ട്‌ചോരിയെ സാധൂകരിക്കുന്നതാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സഹ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ. എസ് ഐ ആർ, വോട്ടർ ഡാറ്റാ ബേസ് ഭരണം, വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റൽ, വോട്ടർപ്പട്ടികയുടെ സംരക്ഷണവും സുരക്ഷയും തുടങ്ങിയ വിഷയങ്ങളിൽ തങ്ങളെ നോക്കുകുത്തികളാക്കി ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ് കമ്മീഷണർമാരുടെ പരാതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികളിൽ പത്ത് മാസത്തിനിടെ ഇരുവരും 14 തവണയാണ് എതിർപ്പ് രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട് സുഖ്ബീർ സിംഗും ജോഷിയും.പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷനായി നൽകുന്ന ഫോറം-6ൽ 2002ലെ എസ് ഐ ആർ സംബന്ധിച്ച ചോദ്യം ഏകപക്ഷീയമായി ഉൾപ്പെടുത്തിയത്, ഡാറ്റാബേസ് നിയന്ത്രണം ഡൽഹി കമ്മീഷൻ ആസ്ഥാനത്ത് കേന്ദ്രീകരിച്ചത് തുടങ്ങിയ വിഷയങ്ങളിലാണ് ഇവർ വിയോജിപ്പ് പ്രകടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി കരട് വോട്ടർപ്പട്ടികയിൽ നിന്ന് 13 കോടിയിലധികം വോട്ടർമാർ ഒഴിവാക്കപ്പെട്ട നടപടിയിലും പുതിയ വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളുടെ പേരുകൾ മുൻകാല വോട്ടർപ്പട്ടികയിലുണ്ടെന്ന് തെളിയിക്കണമെന്ന പുതിയ വ്യവസ്ഥക്കെതിരെയും ഇരുവരും എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായി.തിരഞ്ഞെടുപ്പ് കമ്മീഷൻ ഒറ്റ ബോഡിയായി പ്രവർത്തിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ചർച്ചകളിലൂടെയും ഭൂരിപക്ഷ തീരുമാനങ്ങളിലൂടെയുമാണ് നയപരമായ കാര്യങ്ങളിൽ കമ്മീഷൻ മുന്നോട്ടുപോകേണ്ടത്. എന്നാൽ സഹ കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെയും അവരുടെ അറിവോ സമ്മതമോ ഇല്ലാതെയുമാണ് ഗ്യാനേഷ് കുമാർ കാര്യങ്ങൾ തീരുമാനിക്കുന്നതത്രേ. മാത്രമല്ല, കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് താഴേത്തട്ടിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അധികാരങ്ങളിൽ കൈകടത്തുകയും ചെയ്യുന്നു.ഇതിന്റെ പരിണതിയാണ് എസ് ഐ ആറുമായി ബന്ധപ്പെട്ട് വലിയതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതും പലർക്കും പുനഃപരിശോധന ആവശ്യപ്പെടേണ്ടിവന്നതും. കമ്മീഷനിൽ മുമ്പും ഭിന്നസ്വരങ്ങൾ ഉയർന്നിട്ടുണ്ട്. ജനാധിപത്യ സ്ഥാപനത്തിൽ അത് സ്വാഭാവികമാണ്. എന്നാൽ മുഖ്യ കമ്മീഷണറിൽ സഹപ്രവർത്തകർ അവിശ്വസം രേഖപ്പെടുത്തുന്നത് ഗൗരവതരമാണ്.ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏറ്റവും വലിയ ശക്തി അതിന്റെ വികേന്ദ്രീകൃത സ്വഭാവമായിരുന്നു. ഓരോ മണ്ഡലത്തിലെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ ആർ ഒ) പ്രാദേശികമായി രേഖകൾ പരിശോധിച്ച് ഒരു വ്യക്തി വോട്ടർപ്പട്ടികയിൽ ഉൾപ്പെടാൻ അർഹനാണോയെന്ന് തീരുമാനിക്കുന്ന രീതിയാണുണ്ടായിരുന്നത്. അവരുടെ തീർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ചെയ്യും. എന്നാൽ പുതിയ ഡിജിറ്റൽ സംവിധാനങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും മറവിൽ വോട്ടർമാരുടെ അർഹത സംബന്ധിച്ച കാര്യം പൂർണമായും ഡൽഹിയിലെ കേന്ദ്ര ഓഫീസിൽ നിയന്ത്രിക്കാൻ തുടങ്ങിയതോടെ ജനാധിപത്യപരമായ വികേന്ദ്രീകരണം തകർന്നിരിക്കുകയാണ്. ഒരു മണ്ഡലത്തിലെ ഇ ആർ ഓഫീസർക്ക് അവിടുത്തെ പൗരന്മാരുടെ വോട്ടവകാശം ഉറപ്പാക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഗോവയിൽ 97 പേരുടെ പേരുകൾ വെട്ടിമാറ്റിയ സംഭവം ഉദാഹരണം. ഇവരത്രയും ആവശ്യമായ രേഖകൾ ഹാജരാക്കി വോട്ടിന് അർഹരാണെന്ന് ഇ ആർ ഒ മുമ്പാകെ തെളിയിക്കുകയും അദ്ദേഹം അതംഗീകരിച്ച് കേന്ദ്ര ഓഫീസിനെ അറിയിച്ചതുമാണ്. എന്നാൽ ഡൽഹിയിലെ തിരഞ്ഞെടുപ്പ് ആസ്ഥാനത്തെ സോഫ്റ്റ്‌വെയർ ഇ ആർ ഒയുടെ തീരുമാനം അംഗീകരിച്ചില്ല. 97 പേരെയും സിസ്റ്റത്തിൽ രേഖപ്പെടുത്താൻ വിസമ്മതിച്ചു. നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ അവഗണിച്ച് ആരുടെയൊക്കെ വോട്ടവകാശം നിലനിർത്തണം, ആരുടേതെല്ലാം വെട്ടിനിരത്തണമെന്ന് കേന്ദ്ര ഓഫീസിൽ നിന്ന് തീരുമാനിക്കുന്ന രീതി ജനാധിപത്യ വിരുദ്ധമാണ്.കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ട് പേർ രേഖാമൂലം തുടർച്ചയായി കമ്മീഷൻ പ്രവർത്തനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അവയൊട്ടും പരിഗണിക്കാതെ ഏകപക്ഷീയ നടപടികളുമായി മുഖ്യ കമ്മീഷണർ മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന അത്യന്തം അപകടകരമായ പ്രവണതയാണ്. പൊതുസമൂഹത്തിനൊപ്പം സ്ഥാപനത്തിനകത്തുള്ളവർക്കു തന്നെയും വിശ്വാസ്യത നഷ്ടപ്പെട്ടാൽ ഈ ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്ത് ഗ്യാനേഷ് കുമാർ തുടരുന്നത് ഭൂഷണമല്ല. സ്വയം രാജിവെച്ചൊഴിയുകയോ ഭരണഘടനാപരമായ രീതിയിൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുകയോ ചെയ്യേണ്ടതാണ്.മാത്രമല്ല, എസ് ഐ ആറുമായി ബന്ധപ്പെട്ട നടപടികളും വിവാദ തീരുമാനങ്ങളും സുതാര്യവും സ്വതന്ത്രവുമായ പരിശോധനക്ക് വിധേയമാക്കേണ്ടതുമുണ്ട്. സഹ കമ്മീഷണർമാർ രേഖപ്പെടുത്തിയ എതിർപ്പുകളും വിയോജിപ്പുകളും പൂർണമായി പുറത്തുവിടുകയും വേണം. വിവാദത്തിനിടയാക്കിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ നിർത്തിവെക്കുകയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഭരണഘടന അനുവദിച്ച അധികാരം തിരികെ നൽകുകയും ചെയ്യേണ്ടതുമുണ്ട്. ജനാധിപത്യ സംവിധാനമായ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് നിഷ്പക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ അനിവാര്യമാണ്.വിശ്വാസ്യത നഷ്ടപ്പെട്ട കമ്മീഷനു കീഴിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ജനകീയ അംഗീകാരമുണ്ടാകില്ല. ഭരണകക്ഷിയുടെ ചട്ടുകമായല്ല, പ്രതിപക്ഷത്തിനും വിശ്വസിക്കാവുന്ന സി ഇ സിയാണ് ജനാധിപത്യ ഇന്ത്യക്കാവശ്യം. ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല നിലവിലെ വിവാദം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന അതീവഗുരുതര വിഷയമാണത്. Content Highlights: Two Election Commissioners raised serious objections against CEC Gyanesh Kumar over unilateral decisions on voter roll management and software centralisation. Concerns were recorded 14 times regarding Form-6 changes and bypassing local Electoral Registration Officers. Demands are growing for transparency and restoring constitutional decentralisation in poll processes.