ഇംഫാല്‍ | മണിപ്പൂരില്‍ വീണ്ടും അക്രമം. സായുധരായ അക്രമികളുടെ വെടിവെപ്പില്‍ രണ്ട് നാഗാ വംശജര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. സേനാപതി ജില്ലയിലെ മാവോ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചൊവൈനു ഗ്രാമത്തില്‍ നിന്നുള്ള റോക്കി, തുങ്ജോയ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലൈ ഷിറാഫി ഗ്രാമത്തില്‍ നിന്നുള്ള കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സേനാപതി ജില്ലയില്‍ ടാഫൗ കുക്കിക്ക് സമീപമുള്ള കാലെന്‍ജങ് ഗ്രാമത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാലെന്‍ജങ് ഗ്രാമത്തലവന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്ന് റിപോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ റോക്കി മാവോ നാഗാ വിഭാഗത്തില്‍പ്പെട്ടയാളും കുമാര്‍ പൗമൈ നാഗാ വിഭാഗത്തില്‍പ്പെട്ടയാളുമാണെന്ന് പോലീസ് അറിയിച്ചു. നാഗാ യുവാക്കള്‍ കുക്കി ഗ്രാമത്തലവന്റെ വസതിയില്‍ എങ്ങനെ, എന്ത് സാഹചര്യത്തിലാണ് എത്തിയത് എന്ന കാര്യം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജൂലൈയില്‍ കാലെന്‍ജങ് ഗ്രാമത്തിലെ രണ്ട് വീടുകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഗ്രാമം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗ്രാമം ഉപേക്ഷിച്ച വിവരം സ്ഥിരീകരിച്ചുകൊണ്ട് ഗ്രാമത്തലവനായ ലിംഗ്ജഹോയ് ഹാങ്ഷിംഗ് പ്രസ്താവനയും പുറത്തിറക്കിയിരുന്നു.രണ്ട് സാധാരണ പൗരന്മാരുടെ കൊലപാതകത്തെ അപലപിച്ച മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ്, ഇതിനെ ‘ഭീരുത്വപരമായ അക്രമം’ എന്ന് വിശേഷിപ്പിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം 60-ലധികം കൊലപാതകങ്ങള്‍ നടന്നതായി മുന്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. ‘പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില നിയന്ത്രണത്തിലാക്കുന്നതിനും പകരം, മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നത് നാം എത്ര കാലം തുടരും?’- ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ ബിരേന്‍ സിംഗ് ചോദിച്ചു.ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം കാംജോംഗ് ജില്ലയിലെ പിലോങില്‍ നടന്ന സായുധ ആക്രമണത്തില്‍ നാല് ടാങ്ഖുല്‍ നാഗാ വംശജര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് സംഭവങ്ങളും സംസ്ഥാനത്തെ നാഗാ നിവാസികളുടെ സുരക്ഷയെച്ചൊല്ലി നാഗാ സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കിടയിലുള്ള ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. സെപ്തംബറില്‍ തമെങ്ലോങ്, കാങ്പോക്പി, നോണി, കാംജോങ് എന്നീ ജില്ലകളില്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവര്‍ നടത്തിയെന്ന് കരുതപ്പെടുന്ന വെവ്വേറെ വെടിവെപ്പ് ആക്രമണങ്ങളില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.Content Highlights:Fresh violence has erupted in Manipur leading to the death of two Naga tribals. The incident has heightened ethnic tensions and security concerns across the state. Security forces have been deployed in the area to maintain law and order.