കുറ്റകൃത്യ പ്രതിരോധത്തിന് സമഗ്ര രൂപരേഖ; ‘അബൂദബി പ്രഖ്യാപനം’ അംഗീകരിച്ച് 119 രാജ്യങ്ങള്‍

Wait 5 sec.

അബൂദബി | അന്താരാഷ്ട്ര തലത്തില്‍ അതിവേഗം വര്‍ധിച്ചുവരുന്ന അത്യാധുനിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും ആഗോള നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള അഞ്ച് വര്‍ഷത്തെ സമഗ്ര കര്‍മപദ്ധതിയായ ‘അബൂദബി പ്രഖ്യാപനം’ 119 രാജ്യങ്ങള്‍ അംഗീകരിച്ചു. അബൂദബിയില്‍ ആരംഭിച്ച പതിനഞ്ചാമത് യു എന്‍ കുറ്റകൃത്യ പ്രതിരോധ, ക്രിമിനല്‍ നീതിന്യായ സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് 40-ലധികം നീതിന്യായ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ ചരിത്ര പ്രഖ്യാപനം ഐകകണ്ഠ്യേന അംഗീകരിച്ചത്.കോടതികളില്‍ നിര്‍മിതബുദ്ധിയുടെ ഉത്തരവാദിത്തപരമായ വിനിയോഗം മുതല്‍ മനുഷ്യക്കടത്തിലൂടെ ഇരകളെ എത്തിച്ച് നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കുന്നത് വരെയുള്ള നിര്‍ണായക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രൂപരേഖ. കുറ്റകൃത്യങ്ങള്‍ തടയല്‍, നീതിയും നിയമവാഴ്ചയും, നൂതന ഭീഷണികള്‍ നേരിടല്‍, അന്താരാഷ്ട്ര സഹകരണവും നവീകരണവും എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് അബൂദബി പ്രഖ്യാപനം കേന്ദ്രീകരിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍, നിയമവിരുദ്ധ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ അതിര്‍ത്തികള്‍ക്കപ്പുറമുള്ള സംയുക്ത നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.ക്രിമിനല്‍ നീതിന്യായ നിര്‍വഹണത്തില്‍ എ ഐ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും മാനുഷിക മേല്‍നോട്ടവും ഉറപ്പാക്കണമെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. കുറ്റവാളികള്‍ സൈബര്‍ ഇന്‍ഫ്രാസ്ട്രക്ചറുകളും എ ഐയും ഉപയോഗിച്ച് നടത്തുന്ന അതിര്‍ത്തി കടന്നുള്ള സാമ്പത്തിക തട്ടിപ്പുകള്‍, മനുഷ്യക്കടത്ത്, ലഹരിമരുന്ന് കടത്ത് എന്നിവക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും.മനുഷ്യക്കടത്തിന് ഇരയാകുന്നവരെ നിര്‍ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ‘സ്‌കാം സെന്ററുകള്‍’ ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. ഇതില്‍ ഇരകളാക്കപ്പെടുന്നവരെ ശിക്ഷകളില്‍ നിന്ന് സംരക്ഷിക്കും. ഒപ്പം പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളായി പരിഗണിക്കാനും പ്രഖ്യാപനത്തില്‍ ആഹ്വാനമുണ്ട്. ഓരോ രാജ്യങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മപദ്ധതികള്‍ ‘പ്ലെഡ്ജ് 4 ജസ്റ്റിസ്’ എന്ന പേരില്‍ യു എന്‍ വെബ്‌സൈറ്റ് വഴി 2031 വരെ നിരീക്ഷിക്കും. 6-ാമത് യു എന്‍ ക്രൈം കോണ്‍ഗ്രസിന് 2031-ല്‍ ഉസ്ബക്കിസ്ഥാന്‍ വേദിയാകും.Content Highlights: The 15th UN Congress on Crime Prevention in Abu Dhabi adopted the historic Abu Dhabi Declaration with 119 countries. The framework focuses on tackling cybercrime, AI misuse, human trafficking, and cross-border fraud over five years. It marks a major milestone in global security.