വാഷിംഗ്ടൺ/തെഹ്‌റാൻ | അമേരിക്കൻ ഉപരോധം പിൻവലിക്കുകയും സൈനിക സമ്മർദം അവസാനിപ്പിക്കുകയും ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ. വാഷിംഗ്ടണുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സുവർണാവസരമാണ് ന്യൂയോർക്കിൽ ആരംഭിച്ച യു എൻ പൊതുസഭാ സമ്മേളനമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഫെബ്രുവരിയിൽ ഇറാനെതിരെ ട്രംപ് “ഓപറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചതിനുശേഷം ആദ്യമായാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒരേ വേദിയിൽ പങ്കെടുക്കാനൊരുങ്ങുന്നത്.നിബന്ധനകൾ പാലിച്ചാൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം വീണ്ടും തുറന്നുനൽകാമെന്ന വാഗ്ദാനമാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇടനിലക്കാർ മുഖേന ഈ മാസം 16ന് തന്നെ ഇറാൻ ഈ നിർദേശം അമേരിക്കയെ അറിയിച്ചുവെന്നും റിപോർട്ടുകളുണ്ട്. ന്യൂയോർക്കിൽ യു എൻ പൊതുസഭക്കിടെ ഈ നിർദേശത്തിൽ ഇറാൻ ചർച്ച നടത്തുമെന്നാണ് സൂചനകൾ. അതിനിടെ, ഹോർമൂസ് തുറന്നേക്കുമെന്ന റിപോർട്ടുകൾ വിപണിയിൽ പ്രതിഫലിച്ചു. എണ്ണവില ബാരലിന് 99 ഡോളറിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് 2.25 ശതമാനം ഇടിഞ്ഞു.യു എൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രതിനിധി സംഘത്തിന് പൂർണ അധികാരമുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇരു പ്രസിഡന്റുമാരും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പദ്ധതിയില്ല. ജൂലൈയിൽ ട്രംപും പെസെഷ്‌കിയാനും ഇടക്കാല കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽത്തന്നെ കരാർ തകർന്നു. അതിന് ശേഷം ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചകളൊന്നും നടന്നിട്ടില്ല. “പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കുകയും തുടർനടപടികൾക്കായുള്ള സമയക്രമം അംഗീകരിക്കുകയും വേണം. നയതന്ത്രപാതയിലേക്ക് മടങ്ങിയെത്താൻ അമേരിക്കയ്ക്ക് ലഭിക്കുന്ന സുവർണാവസരമാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനം’- ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിയൻ പ്രതിനിധികൾ പ്രതീക്ഷാപൂർവമായ നിലപാടുകളുമായാണ് വരുന്നതെങ്കിൽ അവരുമായി സംസാരിക്കാൻ യു എസിന് തുറന്ന സമീപനമാണുള്ളതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും പ്രതികരിച്ചു.അതേസമയം, ബഹ്റൈൻ, കുവൈത്ത്, ഖത്വർ, ഒമാൻ, സഊദി അറേബ്യ, യു എ ഇ നേതാക്കളുമായി യു എൻ സമ്മേളനത്തിടനുബന്ധിച്ച് ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇറാൻ അനുകൂലികളായ ഹൂതികൾ യമനിൽ മുന്നേറുകയും സഊദി പിന്തുണയുള്ള സർക്കാറിന്റെ സേനയെ നിർണായക കേന്ദ്രങ്ങളിൽ പരാജയപ്പെടുത്തി ചെങ്കടൽ വഴിയുള്ള സഊദിയുടെ എണ്ണ കയറ്റുമതിക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്.Content Highlights: Iran proposed reopening the Strait of Hormuz within seven days if the US lifts sanctions and ends military pressure. The announcement at UNGA led to a drop in global crude oil prices below 99 dollars per barrel. US Secretary of State Marco Rubio expressed openness to diplomatic talks.