മനാമ: പ്രവാസി മലയാളികളുടെ ഔദ്യോഗിക പ്രതിനിധി വേദിയായ ‘ലോക കേരള സഭ’ തുടർന്നു കൊണ്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബഹ്‌റൈൻ പ്രതിഭ. പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും തങ്ങളുടെ വ്യാകുലതകളും പ്രശ്നങ്ങളും ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാനമായ ഒരു വേദിയാണ് ഇതോടെ ഇല്ലാതാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.2018-ൽ രൂപീകൃതമായ ലോക കേരള സഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. നിയമസഭാംഗങ്ങളും ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളും ഉൾപ്പെടുന്ന ഈ ജനാധിപത്യ വേദിയെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് പ്രതിഭ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഒരു ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതിനാൽ ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, കൂടുതൽ കരുത്തോടെ പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷും പ്രസിഡന്റ് കെ. വി. മഹേഷും സർക്കാരിനോട് ആവശ്യപ്പെട്ടു.The post ലോക കേരള സഭ നിർത്തിവെക്കാനുള്ള നീക്കം പ്രതിഷേധാർഹം: ബഹ്‌റൈൻ പ്രതിഭ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.