ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയിലർ പുറത്തിറങ്ങി. ഫാന്റസിയും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ചെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന ചടങ്ങിലാണ് നിർവ്വഹിക്കപ്പെട്ടത്. മോഹൻലാലിന്റെ പശ്ചാത്തല ശബ്ദത്തോടെയുള്ള അവതരണമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ഫാമിലി എന്റർടെയ്നർ വരുന്ന ഒക്ടോബർ 2-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആർക്കാ മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത് ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.തന്റെ മുൻകാല കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭാവത്തിലാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബാലതാരം സാറയുടെ അഭിനയവും ചിത്രത്തിലെ മറ്റൊരു പ്രധാന സവിശേഷതയാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിന് കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയും ഹംസ അലിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ഛായാഗ്രഹണം ബാലാജി സുബ്രഹ്മണ്യവും എഡിറ്റിംഗ് പ്രവീൺ ആന്റണിയും നിർവ്വഹിക്കുന്നു. സുധൻ നൃത്തസംവിധാനവും രാമ രാജമൗലി വസ്ത്രാലങ്കാരവും സ്റ്റൈലിംഗും കൈകാര്യം ചെയ്തിരിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമായി ചിത്രത്തിൽ പ്രവർത്തിക്കുന്നു.