മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ സെരി അന്‍വര്‍ ഇബ്റാഹീം ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലെത്തിയതിനെ, ഒരു ഔദ്യോഗിക സന്ദര്‍ശനം എന്നതിലുപരി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക വിനിമയത്തിന്റെ ഊഷ്മളമായ ഒരു ഓർമ പുതുക്കലായാണ് ലോകം ആഘോഷിച്ചത്. തന്റെ ആത്മീയ ഗുരുവായ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാർ എന്ന കേരളത്തിന്റെ സ്വന്തം കാന്തപുരം ഉസ്താദിനെ കാണാനായി അദ്ദേഹം ജാമിഅ മര്‍കസിലെത്തിയ ചരിത്ര മുഹൂര്‍ത്തത്തെ കേരളം വലിയ ആവേശത്തോടെ വരവേറ്റു.മലബാറും മലേഷ്യയും തമ്മിലുള്ള നാഭീനാള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പിന്‍ബലമുണ്ട്. ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്കും വളരെ മുന്പു തന്നെ വാണിജ്യത്തിനും തൊഴിലിനുമായി പത്തേമാരികളില്‍ കയറി മലബാര്‍ നിവാസികള്‍ മലേഷ്യന്‍ തീരങ്ങളണഞ്ഞിട്ടുണ്ട്. കേവലം പണം സമ്പാദിച്ച് മടങ്ങുന്നതിനു പകരം, മലേഷ്യയെന്ന രാജ്യത്തിന്റെ നിർമിതിയില്‍ അവര്‍ തങ്ങളുടെ വിയര്‍പ്പൊഴുക്കി. പതിനാറാം നൂറ്റാണ്ടിലെ സൈനിക സാന്നിധ്യം മുതല്‍ പിനാങ്ങ് നഗരത്തിന്റെ നിർമാണത്തിലും സുഗന്ധവ്യഞ്ജന- തടി വ്യവസായങ്ങളിലും, ഭരണനിര്‍വഹണ രംഗത്തും മലയാളികള്‍ തങ്ങളുടെ കൈയൊപ്പു പതിപ്പിച്ചു.മാതൃനാടിന്റെ വേരുകളെയും മന്‍ഖൂസ് മൗലിദ്, ചീരണി പോലെയുള്ള ആത്മീയ പൈതൃകങ്ങളെയും നെഞ്ചേറ്റുമ്പോഴും, മലേഷ്യന്‍ നാഗരികതയുമായി അവര്‍ സര്‍ഗാത്മകമായി ഇഴുകിച്ചേര്‍ന്നു. കപ്പല്‍, പത്തേമാരി തുടങ്ങിയ തനി മലയാള പദങ്ങളും വ്യവഹാരങ്ങളും മലായ് ഭാഷയുടെ ഭാഗമായി മാറിയത് ഈ സാംസ്‌കാരിക സമന്വയത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളാണ്. മലേഷ്യയില്‍ ഒരു മലബാര്‍ സ്ട്രീറ്റ് പോലും രൂപപ്പെടുന്നത് അതേ രസതന്ത്രത്തിനു പുറത്താണ്.വാണിജ്യ – കുടിയേറ്റ ബന്ധങ്ങള്‍ക്കപ്പുറം ഇന്ന് മലബാറും മലേഷ്യയും തമ്മിലുള്ളത് ഉന്നതമായൊരു വൈജ്ഞാനിക ബന്ധം കൂടിയാണ്. മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ മലബാര്‍ വേരുകളും, നിലവിലെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം വിഭാവനം ചെയ്യുന്ന “മലേഷ്യ മദനി’ എന്ന മാനവിക പദ്ധതിയും “വസ്വതിയ്യത്ത്’ (മധ്യമ നിലപാട്) എന്ന ദര്‍ശനവും, കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ധാർമിക വീക്ഷണങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നവയാണ്. ഈ ആശയപരമായ ഐക്യത്തിന്റെ തുടര്‍ച്ചയായാണ് മലേഷ്യയുടെ പരമോന്നത ബഹുമതിയായ ഹിജ്‌റ അവാർഡ് നല്‍കി കാന്തപുരം ഉസ്താദിനെ കഴിഞ്ഞ വര്‍ഷം മലേഷ്യ ആദരിച്ചതും, ഇപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് കോഴിക്കോട്ടെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതും.ശമാഇല്‍ ബോക്‌സ് എന്ന സമ്മാനംഈ ചരിത്രസന്ദര്‍ശന വേളയില്‍ കാന്തപുരം ഉസ്താദ്, മകനും മര്‍കസ് സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ ചേര്‍ന്ന് മലേഷ്യന്‍ പ്രധാനമന്ത്രിക്കു കൈമാറിയ ഒരു സമ്മാനപ്പെട്ടി മാധ്യമങ്ങളുടെയും ലോകത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാഴ്ചയില്‍ തന്നെ രാജകീയ പ്രൗഢി തുളുമ്പുന്ന, കരകൗശലവിദ്യയുടെ വിസ്മയമായ ആ തടിപ്പെട്ടിക്ക് ഉള്ളിലെന്താണെന്ന കൗതുകം സാമൂഹിക മാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയായി. ആ സുന്ദരമായ ഉപഹാരം “ശമാഇല്‍ ബോക്‌സ്’ ആണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയതോടെ, അതിന് പിന്നിലെ ദാര്‍ശനികവും ആശയപരവുമായ മാനങ്ങളിലേക്ക് അന്വേഷണങ്ങള്‍ വ്യാപിച്ചു.ഈ ഉപഹാരത്തിന്റെ ആഴമറിയാന്‍ ആദ്യം “ശമാഇല്‍’ എന്ന പദത്തിന്റെ പൊരുളറിയണം. ഇസ്്ലാമിക പാരമ്പര്യത്തില്‍ മുഹമ്മദ് നബി (സ) യുടെ ബാഹ്യപ്രകൃതം, സ്വഭാവ സവിശേഷതകള്‍, പെരുമാറ്റ രീതികള്‍, ദിനചര്യകള്‍ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മവും ഹൃദ്യവുമായ വിവരണങ്ങളെയാണ് ശമാഇല്‍ എന്നു വിളിക്കുന്നത്. പ്രവാചകന്റെ ജീവിതകഥയെ “സീറ’ എന്നു വിളിക്കുമ്പോള്‍, ശമാഇല്‍ അതില്‍ നിന്നു വ്യത്യസ്തമാകുന്നു. അത് കേവലമൊരു ചരിത്രമെന്നതിലുപരി, തിരുനബി(സ)യുടെ രൂപവർണനകളുടെയും ശീലങ്ങളുടെയും നേര്‍ക്കാഴ്ചയാണ്.ശമാഇല്‍ ബോക്‌സിലെ ഏറ്റവും വലിയ ആകര്‍ഷണം തേക്കുമരത്തില്‍ തീര്‍ത്ത “ഹില്യ ശരീഫ്’ പാനലാണ്. മഹത്തായ ആഭരണം (Noble Ornament) എന്നോ മഹത്തായ വിവരണം (Sublime Description) എന്നോ ഈ പദത്തിനെ വിവര്‍ത്തനം ചെയ്യാം. തിരുനബി (സ) യുടെ രൂപവും ഭാവവും സ്വഭാവവും വാക്കുകളിലൂടെ വരച്ചുകാണിക്കുന്ന കാലിഗ്രഫി ചിത്രമാണ് ഹില്യ ശരീഫ്. ഭക്തിയും പ്രവാചക സ്മരണയും ദൃശ്യരൂപത്തില്‍ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കലാരൂപമായാണ് ഇതിനെ കണക്കാക്കുന്നത്.ശമാഇലിനും പ്രവാചക വൈദ്യത്തിനും ഇന്ത്യയുമായി വളരെ ആഴത്തിലുള്ള ചരിത്രബന്ധമാണുള്ളത്. പ്രവാചക വൈദ്യത്തിന്റെ (ത്വിബ്ബുന്നബവി) ശാശ്വതമായ അധ്യാപനങ്ങളില്‍ നിന്നും ഇന്ത്യയുടെ തനതായ സസ്യസമ്പത്തില്‍ നിന്നും നേരിട്ട് ഉള്‍ക്കൊണ്ടതാണ് ഈ ഉപഹാരത്തിന്റെ സമാഹരണം. നൂറ്റാണ്ടുകളായി, പുരാതന വ്യാപാര പാതകളിലൂടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഔഷധ സസ്യങ്ങള്‍ അറേബ്യന്‍ നാടുകളിലേക്കൊഴുകിയിരുന്നു. അവയുടെ അഗാധമായ രോഗശാന്തി ഗുണങ്ങള്‍ തിരിച്ചറിഞ്ഞ അറേബ്യന്‍ വൈദ്യശാസ്ത്രം അവയെ വലിയ പ്രാധാന്യത്തോടെയാണ് സ്വീകരിച്ചുപോന്നത്.ഹില്യ ശരീഫിനു പുറമെ, തിരുനബി (സ) യുടെ ജീവിതത്തില്‍ ഉപയോഗിച്ച, ശമനവും പോഷണവും നല്‍കുന്ന പ്രവാചക വൈദ്യത്തിന്റെ അമൂല്യമായ അടയാളങ്ങളായിരുന്നു ശമാഇല്‍ ബോക്‌സിലെ മറ്റു വിഭവങ്ങള്‍. ഇസ്്ലാമിക പാരമ്പര്യത്തില്‍ സവിശേഷമായ സ്ഥാനമുള്ള ഇഞ്ചിയാണ് അതിലൊന്ന്. ഖുര്‍ആനിലും വൈദ്യശാസ്ത്ര സംബന്ധിയായ ഹദീസുകളിലും പരാമര്‍ശമുള്ള ഈ ഔഷധം, പണ്ടൊരിക്കല്‍ ഒരു ഇന്ത്യന്‍ രാജാവ് പ്രവാചകനു രാജകീയ സമ്മാനമായി കൊടുത്തയച്ചുവെന്നും അവിടുന്ന് തന്റെ അനുചരന്മാര്‍ക്കതു വിതരണം ചെയ്തുവെന്നും ചരിത്രത്തില്‍ കാണാം.ഇതിനൊപ്പം ത്വിബ്ബുന്നബവിയിലെ ഏറ്റവും സുപ്രധാനമായ ഔഷധവേരുകളിലൊന്നായ ഖുസ്ത് അല്‍ഹിന്ദിയും (Indian Costus) ആ പെട്ടിയിലുണ്ടായിരുന്നു. തൊണ്ട, നെഞ്ച്, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഭേദമാക്കാന്‍ ഉപയോഗിക്കുന്ന ഇതില്‍ ഏഴ് രോഗങ്ങള്‍ക്കുള്ള ശമനമുണ്ടെന്ന് ഉമ്മു ഖൈസ് ബിന്‍ത് മിഹ്‌സന്‍ (റ) നിവേദനം ചെയ്ത ഹദീസില്‍ വായിക്കാം. കലോഞ്ചി അല്ലെങ്കില്‍ ഹബ്ബത്തുല്‍ ബറക (അനുഗൃഹീത വിത്ത്) എന്നറിയപ്പെടുന്ന കരിഞ്ചീരകമാണ് ഈ ശേഖരത്തിലെ മറ്റൊരു വിസ്മയം. ഒട്ടനവധി അസുഖങ്ങള്‍ക്കുള്ള വൈദ്യമായി പ്രവാചകര്‍ വിശേഷിപ്പിച്ച ഈ വിത്ത് തൈമോക്വിനോണ്‍ (Thymoquinone) സംയുക്തത്താല്‍ സമ്പന്നമാണ്.ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലെ തടസ്സങ്ങള്‍ നീക്കാനും ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും ഇതു സഹായിക്കുന്നു. കൂടാതെ, പ്രവാചക വൈദ്യത്തിലെ സുപ്രധാന ധാന്യമായ ബാര്‍ലിയും (അശ്ശഈര്‍) ആ ഉപഹാരത്തിൽ അടങ്ങിയിട്ടുണ്ട്. രോഗശാന്തിക്കും ദഹനപ്രക്രിയ എളുപ്പമാക്കാനുമായി പ്രവാചകരും അനുചരരും തല്‍ബീന എന്ന കഞ്ഞിയായി കൂടുതലും ഉപയോഗിച്ചിരുന്നത് ഈ ധാന്യമായിരുന്നു.കാലാതീതമായ ഈ ആരോഗ്യ പാരമ്പര്യത്തെയാണ് ശമാഇല്‍ ബോക്‌സ് ആദരവോടെ അടയാളപ്പെടുത്തിയത്.പുരാതന സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രധാന കവാടമായിരുന്നു കേരളം എന്ന ഓർമപ്പെടുത്തല്‍ കൂടിയാണ് ഈ ഉപഹാരം. പ്രവാചക സ്‌നേഹം കേരളീയ മുസ്്ലിംകളുടെ രക്തത്തിലും സാഹിത്യത്തിലും ദൈനംദിന ജീവിതത്തിലും അലിഞ്ഞുചേര്‍ന്ന ഒന്നാണ്. നമ്മുടെ നാടിന്റെ ഈ പൈതൃകവും പ്രവാചക ചരിത്രവും തമ്മിലുള്ള ഇഴയടുപ്പമാണ് ഈ മനോഹരമായ സമ്മാനപ്പെട്ടിയിലൂടെ ആഗോളതലത്തില്‍ ഒരിക്കല്‍ കൂടെ അനാവരണം ചെയ്യപ്പെട്ടത്.ഡോ. ഹകീം അസ്ഹരിയെന്ന മലയാളത്തിന്റെ ശമാഇല്‍ പ്രതിഭശമാഇല്‍ എന്ന അത്യുന്നത പഠനശാഖയെ സമകാലിക മലയാളത്തിന് ഇത്രമേല്‍ ഹൃദ്യമായി പരിചയപ്പെടുത്തിയതില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയെന്ന പ്രതിഭയുടെ സംഭാവനകള്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. ലോകശ്രദ്ധ പിടിച്ചുപറ്റിയ “ശമാഇല്‍ ബോക്‌സ്’ എന്ന നൂതനമായ ആശയം പോലും ഉടലെടുക്കുന്നത് അദ്ദേഹത്തിന്റെ “ദി ശമാഇല്‍ എക്‌സ്പീരിയന്‍സ്’ എന്ന ബൃഹത് പദ്ധതിയുടെ ഭാഗമായാണ്. ശമാഇല്‍ പഠനങ്ങളെ കൂടുതല്‍ ജനകീയമാക്കുക, അതിന്റെ ദൃശ്യതയും പ്രചാരവും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കിയത്.ഈയിടെ തമിഴ്നാട്ടിലെ ഗ്രാമീണ ചായക്കടകള്‍ മുതല്‍ മഹാന്മാരുടെ ദര്‍ഗകളില്‍ വരെ മനുഷ്യര്‍ ഒരുമിച്ച് കൂടി അവര്‍ക്കൊപ്പമിരുന്ന് ശമാഇല്‍ ഗ്രന്ഥങ്ങള്‍ ഭക്തിയോടെ പാരായണം ചെയ്യുന്നതിന്റെയും തിരുചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെയും നേര്‍ക്കാഴ്ചകള്‍ ഡോ. അസ്ഹരിയുടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശമാഇല്‍ വായനകളെയും പ്രായോഗിക ജീവിതത്തിലെ അതിന്റെ പ്രയോഗങ്ങളെയും തികഞ്ഞ മികവോടെ, മണ്ണും മനുഷ്യന്റെ മനസ്സും തൊട്ടറിയുന്ന തരത്തില്‍ ആവിഷ്‌കരിക്കുകയാണ് “ശമാഇല്‍ എക്‌സ്പീരിയന്‍സ്’ എന്ന ഈ പദ്ധതിയിലൂടെ അദ്ദേഹം ചെയ്തത്.കേവലമൊരു ഔദ്യോഗിക ചടങ്ങിനപ്പുറം, ശമാഇലിനെയും പ്രവാചക പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കാനും ആഗോള വേദിയില്‍ അതിന്റെ ചാരുത മനോഹരമായി പങ്കുവെക്കാനുമുള്ള ഡോ. അസ്ഹരിയുടെ പ്രതിഭാത്വത്തെ വിശ്വാസികളും അല്ലാത്തവരും ഒരുപോലെ പ്രകീര്‍ത്തിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ റബീഉല്‍ അവ്വലിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശമാഇലിന്റെ വ്യത്യസ്ത മാനങ്ങളെ കേന്ദ്രീകരിച്ച് ആഴത്തിലുള്ള പഠനകോഴ്‌സുകള്‍ നടന്നുവരുന്നുണ്ട്.മലയാളത്തിലെ ഏറ്റവും വിഖ്യാതമായ ശമാഇല്‍ ഗ്രന്ഥത്തിന്റെ രചയിതാവും അദ്ദേഹം തന്നെയാണ്. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ പ്രസ്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ “അനുധാവനത്തിന്റെ ആനന്ദം’ എന്ന പുസ്തകം ഇതിനകം തന്നെ വിവിധ ദേശീയ, അന്തര്‍ദേശീയ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു. “Beholding the Beloved’ എന്ന സുന്ദരമായ തലവാചകമാണ് ഈ പദ്ധതിയുടെ കാതല്‍. തിരുസുന്നത്തുകളെ ദൈനംദിന ജീവിതത്തിലെ തീര്‍ത്തും സാധാരണമായ നിമിഷങ്ങളിലേക്കും, കഴിക്കുന്ന ഭക്ഷണത്തിലേക്കും, രോഗശമന രീതികളിലേക്കുമൊക്കെ കൊണ്ടുവരിക എന്നതാണ് ഇതിന്റെ അടിസ്ഥാന തത്ത്വം.കേരളത്തിന്റെ പണ്ഡിത നേതൃത്വം എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയും ക്രിയാത്മകവുമായാണ് തങ്ങളുടെ ഉജ്ജ്വലമായ പൈതൃകത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് എന്നതിന്റെ മകുടോദാഹരണമാണ് ഈ സമ്മാനപ്പെട്ടി. സാംസ്‌കാരിക വിനിമയത്തിന്റെയും അടങ്ങാത്ത പ്രവാചക സ്‌നേഹത്തിന്റെയും അനശ്വര പ്രതീകമായി ഈ “ശമാഇല്‍ ബോക്‌സ്’ കാലാകാലങ്ങളില്‍ ഓർമിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്.Content Highlights:Malaysian Prime Minister Anwar Ibrahim visited Jamia Markaz in Kozhikode to meet Grand Mufti Kanthapuram A P Aboobacker Musliyar. During the visit, he was presented with the artisan Shamail Box containing prophetic remedies, highlighting the deep-rooted cultural and spiritual ties between Malabar and Malaysia.