ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ എന്നിവരെയാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്. ഐതിഹ്യങ്ങളും, അർധ സത്യങ്ങളും കൊണ്ട് മൂടപ്പെട്ട കാലഗണനയും ചരിത്രവുമാണ് ഇവർ മൂന്ന് പേർക്കുള്ളത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതല്ല ഇത്. ഭാഷാ ഗവേഷകർ മറ്റുകാര്യങ്ങളിലെന്നപോലെ കണ്ടെത്തിയ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോൾ സമ്പന്നമായി എന്ന് മാത്രം.ചെറുശ്ശേരി15ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. വടക്കൻ കേരളത്തിലെ വടകരയിൽ “ചെറുശ്ശേരി’ എന്ന ഇല്ലത്ത് ജനിച്ചു കവിയായതിനാലത്രേ അദ്ദേഹം ചെറുശ്ശേരി എന്ന പേരിൽ അറിയപ്പെടാൻ കാരണം. ചെറുശ്ശേരി നമ്പൂതിരി എന്നാണ് മുഴുവൻ പേര്. ഭക്തിയും ഫലിതവും ശൃംഗാരവും അദ്ദേഹത്തിന്റെ കവിതകളുടെ ഭാഗമായിരുന്നു. അതുവരെ ഉണ്ടായിരുന്ന പദ്യത്തിൽ നിന്നും കവിതകളിൽ നിന്നും ഏറെ വ്യത്യസ്തമായി ലളിതമായ പദങ്ങളും ആശയങ്ങളും ഉപയോഗിച്ചുള്ള രചനാരീതിയാണ് അദ്ദേഹത്തിന്റേത്. സമകാലികരായ കവികളുടെ ശൈലിയും ഇങ്ങനെ തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്.പ്രധാന കൃതി കൃഷ്ണഗാഥയാണ്. ലളിതമായ മലയാള പദങ്ങളും നാടോടിപ്പാട്ടുകളുടെ ഈണമുള്ള ഗാഥാ വൃത്തവും ഇതിനെ ജനപ്രീയമാക്കി. ഭൂമീദേവിയുടെ ദുഃഖം, കൃഷ്ണന്റെ ജനനം, പൂതനാമോക്ഷം, കാളിയമർദനം, ഗോപികമാരുടെ വിലാപം തുടങ്ങിയ മനോഹരമായ സന്ദർഭങ്ങളും ഹൃദ്യമായ വരികളും ഈ കൃതിയിലുണ്ട്.മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന കൃതിയിലാണ്. സംസ്‌കൃത- തമിഴ് പദങ്ങളും ഉപയോഗിക്കുന്നതിലുപരി മനോഹരമായ, ശുദ്ധമായ മലയാള ഭാഷയാണ് അദ്ദേഹം സാധ്യമാക്കിയത്. അതുകൊണ്ടുതന്നെ മലയാള ഭാഷാ ചരിത്രം കൃഷ്ണഗാഥയിൽ തുടങ്ങുന്നു എന്നു പറയാറുണ്ട്. മാനവിക്രമൻ സാമൂതിരി സദസ്സിലെ അംഗമായിരുന്ന പുനംനമ്പൂതിരി തന്നെയാണ് ചെറുശ്ശേരി നമ്പൂതിരി എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്.എഴുത്തച്ഛൻ16ാം നൂറ്റാണ്ടാണ് എഴുത്തച്ഛൻ കാലഘട്ടം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് മുഴുവൻ പേര്. “മലയാളഭാഷയുടെ പിതാവ്’എന്ന ആദരണീയ വിശേഷണത്തിനുടമയാണദ്ദേഹം. ചെറുശ്ശേരിയുടെ ഭക്തിയിൽ നിന്ന് വ്യത്യസ്തമായിരുന്നു എഴുത്തച്ഛൻ കവിതകളിലെ ഭക്തി. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെടുന്നു. സംസ്‌കൃത സ്വാധീനത്തിൽ നിന്നും മലയാളഭാഷക്ക് മോചനം ലഭിക്കുന്നതിന് ഇടയാക്കിയ രചനാ ശൈലിയാണ് എഴുത്തച്ഛന്റേത്. മലയാളഭാഷക്ക് പുതിയ കാവ്യ ശൈലി രൂപപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻപറമ്പിലാണ് ജനനം എന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സ്മാരകവും അവിടെ ഉണ്ട്. തുഞ്ചൻ സാഹിത്യോത്സവം വർഷാവർഷം നടന്നുവരുന്നു.പ്രധാന കൃതികൾമഹാഭാരതം കിളിപ്പാട്ട്ഭാഗവതം കിളിപ്പാട്ട്ഹരിനാമകീർത്തനംകുഞ്ചൻനമ്പ്യാർ18ാം നൂറ്റാണ്ടിലെ അതുല്യപ്രതിഭയാണ് നമ്പ്യാർ. പരിഹാസവും ഹാസ്യവും നിറഞ്ഞ രചനാ ശൈലിക്കുടമയാണ്. “ജനകീയനായ കവി’ എന്ന വിശേഷണത്തിന് തീർത്തും അർഹനാണദ്ദേഹം. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നും അറിയപ്പെടുന്നു.നർമത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശമാണ് മുഖമുദ്ര. മലയാളഭാഷയിലെ കവികളിൽ മുമ്പൻ നമ്പ്യാർ തന്നെ. ഫലിതബോധത്തിന് പുറമേ വിപുലമായ അനുഭവസമ്പത്തും അറിവും അവഗാഹവും തന്റെ കൃതികളിൽ നമ്പ്യാർ പ്രകടിപ്പിച്ചു.പ്രധാന കൃതികൾഅറുപതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.സന്താനഗോപാലം, സ്യമന്തകം, കിരാതം, ഘോഷയാത്ര(ഓട്ടൻതുള്ളൽ),ത്രിപുരാദഹനം, പാഞ്ചാലി സ്വയംവരം (പറയൻ തുള്ളൽ)ഗണപതിപ്രാതൽ, കല്യാണസൗഗന്ധികം (ശീതങ്കൻ തുള്ളൽ)കൃഷ്ണഗാഥ ഐതിഹ്യംകൃഷ്ണഗാഥയുടെ രചനയുമായി ബന്ധപ്പെട്ട് ഐതിഹ്യമുണ്ട്. അത് ചതുരംഗ കളിയുമായി ബന്ധപ്പെട്ടാണ്. കോലത്തുനാട് രാജാവായ ഉദയവർമനുമായി ചെറുശ്ശേരി ഒരിക്കൽ ചതുരംഗം (ചെസ്സ്) കളിക്കുകയായിരുന്നു. കളി മുറുകിയപ്പോൾ രാജാവ് തോൽക്കുമെന്ന നിലയിലായി. ആ സമയത്ത് അരികിലിരുന്ന രാജ്ഞി കുഞ്ഞിനെ തൊട്ടിലിലാട്ടി ഉറക്കാൻ ലളിതമായ ഈണത്തിൽ പാട്ടുപാടുന്നുണ്ടായിരുന്നു.“ന്തുന്തുന്തുന്തു ന്തുന്താളെയുന്ത്..’ ഈ പാട്ട് കേട്ട് രാജാവ് ചതുരംഗത്തിലെ കാലാളെ നീക്കി ജയിച്ചത്രേ. ആ താരാട്ടിന്റെ മാധുര്യവും വരികളും ശ്രദ്ധിച്ച ചെറുശ്ശേരി കളിയിൽ ശ്രദ്ധിക്കാനാകാതെ പരാജയപ്പെട്ടു.കളി തോറ്റ കാരണത്തെക്കുറിച്ച് രാജാവ് ചോദിച്ചപ്പോൾ, ആ മാതാവിന്റെ പാട്ടിന്റെ സുന്ദരമായ ഈണവും ഭാഷയും തന്നെ ആകർഷിച്ചുവെന്ന് കവി മറുപടി നൽകി. ആ ഈണത്തിൽ (മഞ്ജരി വൃത്തത്തിൽ) ശ്രീകൃഷ്ണന്റെ കഥകൾ മലയാളത്തിൽ രചിക്കാൻ രാജാവ് ചെറുശ്ശേരിയോട് ആവശ്യപ്പെടുകയും കൃഷ്ണഗാഥ പിറവിയെടുക്കുകയും ചെയ്തതെന്നുമാണ് ഐതിഹ്യം.Content Highlights:Cherusseri, Ezhuthachan, and Kunchan Nambiar are known as the ancient trio of Malayalam poetry. They enriched the language through landmark works like Krishnagatha, Kilippattu, and Thullal. Their contributions shaped modern Malayalam literature and brought poetry closer to common people.