സ്‌കൂൾ പ്രവേശന പ്രായപരിധിയിൽ വ്യക്തത വരുത്തി കെ എച്ച് ഡിഎ;സമഗ്ര മാർഗരേഖ പുറത്തിറക്കി

Wait 5 sec.

ദുബൈ| ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിലെ പുതിയ പ്രവേശനത്തിനുള്ള പ്രായപരിധിയും ക്ലാസ് യോഗ്യതകളും വ്യക്തമാക്കി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) പുതിയ സമഗ്ര മാർഗരേഖ പുറത്തിറക്കി. പുതിയതായി സ്‌കൂളുകളിൽ ചേരുന്ന വിദ്യാർഥികൾക്കും സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ പ്രത്യേക പ്രവേശന നടപടികൾക്കും ഈ മാർഗനിർദേശങ്ങൾ ബാധകമാണ്.ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിച്ച സ്‌കൂളുകളിലെ കിന്റർഗാർട്ടൻ, ഗ്രേഡ് വൺ പ്രവേശനത്തിനുള്ള ഔദ്യോഗിക പ്രായപരിധി കട്ട് ഓഫ് തീയതി ഡിസംബർ 31 ആണ്. നേരത്തെ ഇത് ആഗസ്റ്റ് 31 ആയിരുന്നു. പുതിയതായി സ്‌കൂളിലോ കിന്റർഗാർട്ടനിലോ ചേരുന്ന കുട്ടികൾക്കാണ് ഇത് ബാധകം. അതേസമയം, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ ഇത് ബാധിക്കില്ല. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം തുടങ്ങുന്ന ഇന്ത്യൻ സിലബസ് ഉൾപ്പെടെയുള്ള സ്‌കൂളുകളിൽ മാർച്ച് 31 തന്നെ കട്ട് ഓഫ് തീയതിയായി തുടരും.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സാങ്കേതിക, വിദ്യാഭ്യാസ അവലോകനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഈ പുതിയ നയം നടപ്പാക്കിയത്. 39,000-ലധികം വിദ്യാർഥികളുടെ അക്കാദമിക് വിവരങ്ങൾ വിശകലനം ചെയ്തും അന്താരാഷ്ട്ര മാതൃകകൾ പരിശോധിച്ചുമാണ് മാറ്റം വരുത്തിയത്. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുക, കുട്ടികളുടെ മാനസികവും സാമൂഹികവുമായ സന്നദ്ധത ഉറപ്പുവരുത്തുക, പഠനവഴികളിലെ തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.മാർഗരേഖ പ്രകാരം, 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ജനിച്ച കുട്ടികൾക്ക് അമേരിക്കൻ, അന്താരാഷ്ട്ര സിലബസുകളിൽ പ്രീ-കിന്റർഗാർട്ടനിലും ബ്രിട്ടീഷ് സിലബസിൽ എഫ് എസ് ഒന്നിനും പ്രവേശനം നേടാം. ബ്രിട്ടീഷ് കരിക്കുലത്തിൽ സ്‌കൂൾ തുടങ്ങുമ്പോൾ മൂന്ന് വയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് സ്‌കൂളും രക്ഷിതാക്കളും ചേർന്ന് വിലയിരുത്തൽ നടത്തി അടുത്ത വർഷത്തേക്ക് പ്രവേശനം മാറ്റിവെക്കാനും ഇളവുണ്ട്.മറ്റ് സ്‌കൂളുകളിൽ നിന്നോ യു എ ഇക്ക് പുറത്തുനിന്നോ എത്തുന്ന വിദ്യാർഥികൾക്കും കരിക്കുലം മാറുന്നവർക്കും മുൻപ് പൂർത്തിയാക്കിയ ക്ലാസുകളുടെ തുല്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് പ്രവേശനം നൽകുകയെന്നും പ്രായപരിധി കൊണ്ട് മാത്രം നേരിട്ട് ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. പഠനത്തുടർച്ചയിൽ ഒരുതരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.Content Highlights:Dubai’s Knowledge and Human Development Authority (KHDA) has issued updated guidelines for private school admissions. The cutoff date for schools starting in August or September is now December 31 for new enrollments. Indian syllabus schools starting in April will retain the March 31 cutoff.