വാക്ക് പാലിക്കുകയെന്നത് പരസ്പര വിശ്വാസത്തിന്റെ വേരാണ്. വാഗ്‌ദാനങ്ങൾ ലംഘിക്കപ്പെടുക വഴി മനുഷ്യബന്ധങ്ങൾ ദുർബലപ്പെടുകയും അറുന്ന് പോവുകയും ചെയ്യുന്നു. പറഞ്ഞ വാക്കുകളും എടുത്ത തീരുമാനങ്ങളും പൂർത്തിയാക്കുകയെന്നത് സദ്‌സ്വഭാവത്തിന്റെ ഭാഗമാണ്. വാഗ്ദാനങ്ങളെ ചോദ്യം ചെയ്യപ്പെടുമെന്നാണ് സൂറ: ഇസ്‌റാഇന്റെ ഓർമപ്പെടുത്തൽ. വാഗ്‌ദത്തങ്ങൾ പരിഗണിക്കുന്നവരാണ് ആദരണീയരായ സ്വർഗക്കാരെന്ന് സൂറ: മആരിജും നിത്യതയുടെ പറുദീസയെ അനന്തരമായെടുത്തവർ ഉടമ്പടികളെ ഗൗനിച്ചവരാണെന്ന് സൂറ: മുഅ്മിനൂനും പരിചയപ്പെടുത്തുന്നു. ശത്രുവാണെങ്കിൽ പോലും വാക്ക് ലംഘിക്കാവതല്ല. അത്തരം ലംഘനങ്ങൾ കപട വിശ്വാസത്തിന്റെ അടയാളമായാണ് തിരുനബി(സ) പഠിപ്പിച്ചത്. എന്നാൽ, കാര്യങ്ങൾ മികവുള്ളതാക്കുന്നതിനായി പരസ്പര ധാരണയോടെ തീരുമാനം പുതുക്കുന്നത് ആക്ഷേപാർഹമല്ല.മനുഷ്യർക്കിടയിലെ പരസ്പര വിശ്വാസവും സ്നേഹവും സമാധാനവും സുരക്ഷിതത്വവും ആത്മവിശ്വാസവും വളർത്തുന്നതിൽ വാഗ്‌ദത്ത പാലനം വഹിക്കുന്ന പങ്ക് വലുതാണ്. തിരുനബി(സ)യുടെ ജീവിതത്തിലുടനീളം ആ സ്വഭാവം നിറഞ്ഞു ശോഭിക്കുന്നത് കാണാനാകും. ലംഘനത്തിന്റെ ഒരു തരിമ്പ് പോലും ആ ജീവിതത്തിലില്ല. തീക്ഷ്ണമായ രംഗങ്ങളിൽ പോലും വാഗ്ദത്തങ്ങൾ പാലിക്കാൻ അവിടുന്ന് തയ്യാറായി. ഹുദൈബിയ സന്ധിയോട് ചേർന്ന് അങ്ങനെയൊരു പൊള്ളുന്ന അനുഭവമുണ്ട്. പ്രതിയോഗികളുമായി ഉണ്ടാക്കിയ പ്രധാന ഉടമ്പടികളിൽ ഒന്ന്, മക്കയിൽ നിന്ന് മദീനയിലേക്ക് അഭയാർഥിയായി ആരു വന്നാലും തിരിച്ചയക്കണമെന്നായിരുന്നു. എന്നാലോ, മദീനയിൽ നിന്ന് മക്കയിലേക്ക് അങ്ങനെ ആരെങ്കിലും വന്നാൽ അവരെ തിരിച്ചയക്കില്ലെന്നും. ഏകപക്ഷീയമെന്ന് പലർക്കും തോന്നിയ ഈ കരാർ പ്രാബല്യത്തിൽ വന്ന ശേഷം കാലിൽ ബന്ധിച്ച ചങ്ങലയും വലിച്ചു കൊണ്ട് അബൂജൻദൽ(റ) ശത്രുക്കളുടെ കാരാഗൃഹത്തിൽ നിന്ന് ഒളിച്ചോടി മുസ്്ലിംകളുടെ അടുത്തെത്തി. ഈ രംഗം കണ്ട് ജനങ്ങൾ ആവേശഭരിതരായി. എന്നാൽ തിരുനബി(സ) ശാന്തനായി അദ്ദേഹത്തോട് പറഞ്ഞു: “അബൂ ജൻദൽ, സംയമനം പാലിക്കുക. എനിക്ക് കരാർ ലംഘിക്കാൻ സാധ്യമല്ല. താമസിയാതെ അല്ലാഹു നിങ്ങൾക്ക് അവസരം നൽകും.’(ബുഖാരി) ദുരനുഭവങ്ങളുടെ തീച്ചൂളകളിലും കരാർ പാലിക്കാനാണ് റസൂൽ (സ) സഹജരെ പഠിപ്പിച്ചത്. മറ്റൊരു വേള അബൂറാഫിഅ് എന്ന് പേരുള്ള ഒരടിമയെ മക്കാ ഖുറൈശികൾ തിരുസന്നിധിയിലേക്ക് ദൂതനായി അയച്ചു. ആ സവിധത്തിലെത്തിയ അടിമ തിരുവദനത്തിന്റെ പ്രസന്നതയിൽ ആകൃഷ്ടനായി ഇസ്‌ലാം ആശ്ലേഷിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. താൻ ഖുറൈശികളുടെ അടുത്തേക്ക് ഇനി തിരിച്ചുപോവുകയില്ലെന്ന് അയാൾ ശാഠ്യം പിടിച്ചു. ഇതു കേട്ട റസൂൽ (സ) പറഞ്ഞു: “എന്റെയടുക്കൽ വരുന്ന ദൂതനെ ഞാൻ തടഞ്ഞുവെക്കുകയില്ല. അതിനാൽ താങ്കൾ തിരിച്ചു പോകണം. ഇസ്്ലാം മതത്തിന്റെ യാഥാർഥ്യം താങ്കളുടെ മനസ്സിലുണ്ടെങ്കിൽ വീണ്ടും നിങ്ങൾക്ക് തിരിച്ചു വരാം.’ തിരുനബി(സ)യുടെ നിർദേശം സ്വീകരിച്ച് അബൂറാഫിഅ് മടങ്ങിപ്പോയി. പിന്നീട് തിരുസന്നിധിയിൽ വന്ന് പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ചു. (അബൂദാവൂദ്)സ്‌നേഹനിധികളെ..ശൈശവകാലം മുതലേ മുത്ത് നബിയെ (സ) അൽ അമീൻ (വിശ്വസ്തൻ) എന്ന് എല്ലാ മനുഷ്യരും അഭിസംബോധന ചെയ്യാൻ കാരണമായത് തിരുനബി(സ)യുടെ ഇത്തരം സമീപനങ്ങളായിരുന്നല്ലോ. വാക്കിന് ഏറെ മൂല്യം നൽകിയ അവിടുന്ന് എല്ലാവരുടെയും മനസ്സിൽ വിശ്വാസ്യതയുടെ ബലമുള്ള വേരു പടർത്തി. പുറമെ ശത്രുക്കൾക്ക് നബി(സ)യോട് അരിശമുണ്ടെങ്കിലും അകമേ വെറുക്കാനാകാത്ത വിധം പ്രശോഭിതമായിരുന്നു അവിടുത്തെ ഇപെടലുകൾ. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പുള്ള ഒരനുഭവം അബ്ദുല്ല ഇബ്നു അബിൽ ഹംസ (റ) അയവിറക്കുന്നത് ശർഹുശിഫായിൽ കാണാം: അക്കാലത്ത് അബ്ദുല്ല റസൂലുമായി ഒരു ഇടപാട് നടത്തി. അതിൽ ബാക്കി കുറച്ചുകൂടി റസൂലിന് കൊടുക്കാനുണ്ടായിരുന്നു. ഒരിക്കൽ റസൂലി (സ) നെ കണ്ടുമുട്ടിയപ്പോൾ ഞാൻ പറഞ്ഞു: “റസൂലേ, പഴയ ഇടപാടിൽ ഒരൽപ്പം ബാക്കിയുണ്ടായിരുന്നല്ലോ. അങ്ങിവിടെ നിൽക്കുകയാണെങ്കിൽ ഞാനത് എടുത്തു വരാം’.റസൂൽ (സ) സമ്മതിച്ചു. ഞാനതെടുക്കാൻ പോയെങ്കിലും ഏതോ ഘട്ടത്തിൽ അക്കാര്യം എന്റെ ശ്രദ്ധയിൽ നിന്ന് വിട്ടു. മൂന്ന് ദിവസം കഴിഞ്ഞാണ് കാര്യം ഓർമ വന്നത്. ഉടനെ ഞാൻ റസൂലിനെ(സ) പറഞ്ഞു നിർത്തിയ സ്ഥലത്ത് ചെന്നു നോക്കുമ്പോൾ അവിടുന്ന് അവിടെത്തന്നെയുണ്ട് ! എന്നെ കണ്ട പാടെ തിരുനബി(സ) പറഞ്ഞു: “യുവാവേ, എന്തു പണിയാ ചെയ്‌തത്?. മൂന്ന് ദിവസമായി നിന്നെയും കാത്ത് ഞാനിവിടെ തന്നെ നിൽക്കുന്നു’ കൂട്ടരേ.. വാക്ക് പാലിക്കാനായി മൂല്യമുള്ള സമയവും സമ്പത്തും ഇഷ്‌ടങ്ങളും താത്പര്യങ്ങളും ഹൃദയവേദനകളും മാറ്റിവെച്ച തിരുനബി (സ) യുടെ മാതൃക എത്ര മഹത്തരമാണ്. ബിസിനസ്സ് കൊഴുപ്പിക്കാനും അഡ്മിഷൻ കൂട്ടാനും ഭൗതിക നേട്ടങ്ങൾ നേടാനും മഹാവാഗ്‌ദാനങ്ങൾ പരസ്യം ചെയ്ത് ജനങ്ങളെ പരസ്യമായി വഞ്ചിക്കുന്നവർ വർധിച്ചു വരുന്നുണ്ട്.ഉപഭോക്താക്കളുടെ താത്പര്യങ്ങളെ ചൂഷണം ചെയ്ത് കാപട്യം കച്ചവടം ചെയ്യുന്നവർ വലിയ അപകടത്തെയാണ് നിർമിക്കുന്നത്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്കിടയിലും വാഗ്ദത്ത ലംഘനങ്ങൾ സ്ഥിരം അജൻഡയായി മാറുന്നത് ഭീതിയോടെയാണ് നമ്മൾ കാണുന്നത്. അസമാധാനങ്ങൾ പലതും അങ്ങനെയാണ് ഉടലെടുക്കുന്നത്.കുഞ്ഞുങ്ങളോടാണെങ്കിൽ പോലും പറയുന്ന വാക്ക് തെറ്റിക്കരുതെന്നാണ് തിരുനബി(സ) പാഠം. അബ്ദുല്ലാഹിബ്നു ആമിർ(റ)വിന്റെ ബാല്യകാലസ്മരണ കേൾക്കൂ. അവിടുന്ന് പറയുന്നു.തിരുനബി(സ) ഞങ്ങളുടെ വീട്ടിൽ വന്ന സമയത്ത് “നിനക്കു ഞാനൊരു സാധനം തരാം’ എന്നു പറഞ്ഞ് ഉമ്മ എന്നെ വിളിച്ചു. തിരുനബി(സ) ഉമ്മയോട് ചോദിച്ചു: “നീ അവന് എന്തു നൽകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്?’ അവർ പറഞ്ഞു: ഞാനവന് ഈത്തപ്പഴം കൊടുക്കും. അപ്പോൾ തിരുനബി(സ) പറഞ്ഞു “അറിയുക, നീ അവന് ഒന്നും നൽകുമായിരുന്നില്ലെങ്കിൽ ഒരു വ്യാജം / കുറ്റം നിനക്കെതിരെ രേഖപ്പെടുത്തപ്പെടുമായിരുന്നു.’ (അബൂദാവൂദ്)കൂട്ടുകാരേ…നമ്മുടെ വാക്ക് വെറുതെ കളയാനുള്ളതല്ല. അതിന് ഏറെ മൂല്യമുണ്ട്. ആളുകളെ വഞ്ചിക്കാൻ അത് ഉപയോഗിക്കരുത്. പറഞ്ഞ വാക്ക് തെറ്റിക്കരുത്. തിരുനബി (സ) കൊളുത്തിയ വിളക്കിൽ നിന്ന് പ്രകാശം കൊള്ളുക. വിശ്വസ്‌തതയോടെ കാര്യബോധത്തോടെ നമുക്ക് ജീവിച്ചുതുടങ്ങാം.Content Highlights:This article emphasizes the importance of keeping promises in Islam through Quranic verses and Prophetic traditions. It highlights Prophet Muhammad’s title Al-Ameen and examples of his unwavering commitment to his word. Fulfilling commitments builds trust, while breaking them destroys bonds.