ശൈഖ് അഹ്മദ് ബിൻ റാശിദ് അൽ മക്തൂം: ദുബൈയുടെ വളർച്ചക്കൊപ്പം നടന്ന ജനനായകൻ

Wait 5 sec.

ദുബൈയുടെ ആധുനിക വികസന ചരിത്രത്തോടൊപ്പം സദാ ചേർന്നുനിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ശൈഖ് അഹ്മദ് ബിൻ റാശിദ് അൽ മക്തൂം. മുൻ ദുബൈ ഭരണാധികാരിയായിരുന്ന അന്തരിച്ച ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനായി 1950 ജൂലൈ 12-ന് ബർദുബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാജ്യത്തിന്റെ സുരക്ഷാ-പ്രതിരോധ രംഗങ്ങളിൽ നിർണായക ചുമതലകൾ വഹിച്ചുകൊണ്ടാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്. ദുബൈയുടെ ഭരണരംഗത്തും സുരക്ഷാ, സാമ്പത്തിക, കായിക, സാമൂഹിക മേഖലകളിലും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം അർപ്പിച്ചത്.1975-ൽ സെൻട്രൽ മിലിട്ടറി സോൺ കമാൻഡറായി ചുമതലയേറ്റ ശൈഖ് അഹ്മദ് , യു എ ഇയുടെ സ്ഥാപക നേതാക്കൾക്കൊപ്പം നിരവധി ഔദ്യോഗിക സൈനിക ചടങ്ങുകളിൽ നേതൃപരമായ പങ്കുവഹിച്ചു. തുടർന്ന് ദുബൈ പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാനായും ദുബൈയുടെ രണ്ടാമത്തെ ഡെപ്യൂട്ടി റൂളറായും എമിറേറ്റിന്റെ സുരക്ഷാ – ഭരണ സംവിധാനങ്ങളെ ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതിനുപുറമെ, എ ആർ എം ഹോൾഡിംഗ്, ദുബൈ റിയൽ എസ്റ്റേറ്റ് സെന്റർ എന്നിവയുടെ ഗ്രൂപ്പ് ചെയർമാൻ പദവികൾ അലങ്കരിച്ചുകൊണ്ട് ദുബൈയുടെ സാമ്പത്തിക, നഗരവികസന മുന്നേറ്റങ്ങളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചു.കായിക രംഗത്തോടുള്ള വലിയ അഭിനിവേശമായിരുന്നു ശൈഖ് അഹ്മദിന്റെ മറ്റൊരു പ്രത്യേകത. യു എ ഇയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ അൽ വസ്ൽ എഫ് സിയുടെ ചെയർമാൻ സ്ഥാനത്തിരുന്നുകൊണ്ട് ക്ലബ്ബിനെ മികച്ച വിജയങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്.സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ എപ്പോഴും ശ്രദ്ധിച്ചിരുന്ന അദ്ദേഹം, അൽ ജലീല ഫൗണ്ടേഷൻ വഴി സ്ഥാപിതമായ ഹംദാൻ ബിൻ റാശിദ് ക്യാൻസർ ചാരിറ്റി ഹോസ്പിറ്റലിന്റെ നിർമാണത്തിന് ദുബൈ പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റിയിലൂടെ വലിയ തോതിലുള്ള പിന്തുണ ഉറപ്പാക്കി. പൊതുസേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കായിക വികസനത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച ശൈഖ് അഹ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സ്മരണകൾ എമിറേറ്റിന്റെ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും.Content Highlights:Sheikh Ahmed bin Rashid Al Maktoum, former Deputy Ruler of Dubai, has passed away. Born in 1950, he served as Central Military Zone Commander and Deputy Chairman of Dubai Police. He contributed immensely to Dubai’s security, real estate, and sports sectors, leading Al Wasl FC as chairman.