ഗ്യാനേഷിനെതിരായ പ്രതിഷേധം ശക്തമാകുമ്പോൾ പഴയ കത്ത് ചർച്ചയാക്കി ടീക്കാറാം മീണ

Wait 5 sec.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ, പത്ത് മാസം മുമ്പ് അദ്ദേഹത്തിന് അയച്ച കത്ത് ഓർമിപ്പിച്ച് കേരളത്തിലെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും പ്രവർത്തനക്ഷമതയും സംബന്ധിച്ചുയർന്ന ചോദ്യങ്ങൾ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു 2025 നവംബർ 23ന് കത്തയച്ചതെന്ന് മീണ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഗ്യാനേഷ് കുമാർ നൽകിയ മറുപടിയുടെ രീതിയെയും മീണ കത്തിൽ വിമർശിച്ചിരുന്നു. ചോദ്യങ്ങൾക്ക് മാന്യമായും ഉത്തരവാദിത്തത്തോടെയും മറുപടി നൽകേണ്ടതായിരുന്നുവെന്നും, എന്നാൽ ഗ്യാനേഷ് കുമാറിന്റെ വാർത്താസമ്മേളനം പ്രതിരോധാത്മകവും ആക്രമണാത്മകവുമായിരുന്നുവെന്നുമായിരുന്നു മീണയുടെ നിലപാട്.രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ വിമർശിച്ച് 272 മുൻ ജഡ്ജിമാരും വിരമിച്ച ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ 2025 നവംബറിൽ തുറന്ന കത്ത് നൽകിയതിനെയും മീണ ചോദ്യം ചെയ്തിരുന്നു. ആ കത്ത് ഒരു പ്രത്യേക രാഷ്ട്രീയ പക്ഷത്തെ അനുകൂലിക്കുന്ന തരത്തിലായിരുന്നുവെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തെളിയിക്കാൻ വിരമിച്ച ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് ആവശ്യമാണോയെന്നും അദ്ദേഹം കത്തിൽ ചോദിച്ചിരുന്നു. 272 പേരുടെ കത്തിൽ 16 മുൻ ജഡ്ജിമാർ, 123 വിരമിച്ച ബ്യൂറോക്രാറ്റുകൾ, 133 മുൻ സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അന്ന് ചില ഐഎഎസ് ഉദ്യോഗസ്ഥർ വിമർശിച്ചെങ്കിലും സാധാരണ ജനങ്ങളും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും തനിക്കൊപ്പം നിന്നുവെന്നാണ് മീണ ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. ഗ്യാനേഷ് കുമാറിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനും വിവേക് ജോഷിക്കും പിന്നീട് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ഗ്യാനേഷ് കുമാറിന്റെ ചില തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിച്ചതിൽ ഇപ്പോൾ സന്തോഷമുണ്ടെന്നും മീണ കുറിച്ചു.അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ കമ്മീഷനിലെ വ്യത്യസ്ത അഭിപ്രായങ്ങൾ ആന്തരിക പരിശോധനാ സംവിധാനത്തിന്റെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.The post ഗ്യാനേഷിനെതിരായ പ്രതിഷേധം ശക്തമാകുമ്പോൾ പഴയ കത്ത് ചർച്ചയാക്കി ടീക്കാറാം മീണ appeared first on ഇവാർത്ത | Evartha.