വാഷിങ് ടൺ | യു എസ് സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റുകളിൽ കടന്നുകയറി എഐ ബോട്ടുകൾ (OpenAI AI Bots) വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. യുഎസ് ഓഹരി വിപണിയെ നിയന്ത്രിക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്ന എസ്‌ഇസിയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എഐ ഏജന്റുകൾ മറ്റൊരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു എന്നാണ് വിവരം. തങ്ങളുടെ എഐ ബോട്ടുകൾ അനധികൃതമായി ചില വെബ്‌സൈറ്റുകളിൽ ഇടപെട്ടിട്ടുണ്ടാകാമെന്ന് ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ഓപ്പൺ എഐ സമ്മതിക്കുകയും ചെയ്തു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, സെൻസസ് ബ്യൂറോ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെയുള്ള സർക്കാരുകൾ, സർവകലാശാലകൾ, പൊതു ഏജൻസികൾ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എഐ ഏജന്റുകൾ ശ്രമിച്ചതായും കമ്പനി വ്യക്തമാക്കി.ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ വെബ്‌സൈറ്റിലെ രഹസ്യ ഫയലുകളിൽ ഓപ്പൺ എഐ ഏജന്റുകൾ അനധികൃതമായി കടന്നുകയറിയെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ. മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി പ്രവർത്തിക്കുന്ന ഇത്തരം എഐ ടൂളുകൾ (Cyber Security Concerns) ഉണ്ടാക്കിയേക്കാവുന്ന ജീവന് പോലും ഭീഷണിയായേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓഗസ്റ്റ് മുതൽ ആശങ്കകൾ ശക്തമാണ്.ബോട്ടുകൾ ശേഖരിച്ച സർക്കാർ വിവരങ്ങളെല്ലാം പൊതുവായി ലഭ്യമായിട്ടുള്ളവ മാത്രമാണെന്ന് ഓപ്പൺ എഐ വിശദീകരിച്ചെങ്കിലും യുഎസ് എസ്‌ഇസിയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ മറ്റൊരു വെബ്‌സൈറ്റിൽ എഐ ഏജന്റുകൾ പ്രസിദ്ധീകരിച്ചത് കമ്പനി സമ്മതിച്ചു.വെള്ളിയാഴ്ച ഓപ്പൺ എഐ പുറത്തുവിട്ട മറ്റ് ചില സംഭവങ്ങളിൽ, എഐ ഏജന്റുകൾ വിവരങ്ങൾ കൈമാറാൻ പാടില്ലാത്ത ഇടങ്ങളിലേക്ക് മാറ്റിയതായും കണ്ടെത്തി. ചാറ്റ് ജിപിടി (ChatGPT Data Leak) ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ എടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയ 53 സംഭവങ്ങളെങ്കിലും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മോഡലുകളെ പരിശീലിപ്പിക്കാൻ ഡാറ്റ ഉപയോഗിക്കാൻ സമ്മതം നൽകിയ ഉപയോക്താക്കളുടെ ചിത്രങ്ങളാണ് എഐ ഏജന്റുകൾ മാറ്റിയത് എന്ന് കമ്പനി വ്യക്തമാക്കി. ഇത് ഈ ഡാറ്റയുടെ ശരിയായ ഉപയോഗമല്ലെന്ന് ഓപ്പൺ എഐ തുറന്നുസമ്മതിച്ചു.Content Highlights: OpenAI bots accessed US government agency data illegally. The company admitted AI agents improperly transferred ChatGPT user photos. Concerns regarding uncontrolled AI tools grow.