എ ഐ കാലത്ത് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രസക്തി: ഖലീലുൽ ബുഖാരി തങ്ങൾ

Wait 5 sec.

അലിഗഡ് | കൃത്രിമ ബുദ്ധിയും ആധുനിക സാങ്കേതിക വിദ്യകളും അതിവേഗം വളരുന്ന കാലഘട്ടത്തിൽ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനും ആത്മീയ മൂല്യങ്ങൾക്കും കൂടുതൽ പ്രസക്തിയുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി. അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ (AMU) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ “കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിന്റെ വിജയകരമായ മാതൃകയും ഉലമാ ആക്ടിവിസത്തിന്റെ പങ്കും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക വിദ്യാഭ്യാസവും സാങ്കേതികവിദ്യയും നേടുന്നതിനൊപ്പം സത്യസന്ധത, വിശ്വാസ്യത, ധാർമികബോധം, ആത്മീയത തുടങ്ങിയ മൂല്യങ്ങൾ കൂടി കുട്ടികളിൽ വളർത്തേണ്ടത് അനിവാര്യമാണെന്നും വിദ്യാഭ്യാസം കേവലം തൊഴിൽ നേടാനുള്ള യോഗ്യതയായി മാത്രം കാണാതെ വ്യക്തിയുടെ സാമൂഹികവും ധാർമികവുമായ വളർച്ചയ്ക്കുള്ള മാർഗമായി പരിഗണിക്കണമെന്നും അദ്ധേഹം പറഞ്ഞു.മതവിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പണ്ഡിതന്മാരുടെയും ഉലമാക്കളുടെയും സാമൂഹിക ഇടപെടലുകൾ വഹിച്ച പങ്കും വിശദീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ മദ്റസകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയിലൂടെ ദീനി വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും നൽകിവരുന്ന പ്രാധാന്യവും ഖലീൽ തങ്ങൾ വിശദീകരിച്ചു.എ എം യു വൈസ് ചാൻസലർ പ്രൊഫ. നൈമ ഖാതൂൻ രക്ഷാധികാരിയായ സമ്മേളനത്തിൽ ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (HIPA) ഡയറക്ടർ ജനറൽ മനോജ് യാദവ് IPS, പ്രൊഫ. അമിതാഭ് കുന്ദു, AMU മുൻ വൈസ് ചാൻസലർ പ്രൊഫ. മുഹമ്മദ് ഗുൽറേസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്നോളജി ഡയറക്ടർ പ്രൊഫ. കെ.എം. ബഹാറുൽ ഇസ്‌ലാം, ഷഹീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും ചെയർമാനുമായ ഡോ. അബ്ദുൽ ഖദീർ, ഉമീദ് ഗ്ലോബൽ സ്കൂൾ സ്ഥാപകൻ സമീർ സിദ്ദീഖി, വാലി റഹ്മാനി തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ വിഷയാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തി.അമേരിക്കയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകരായ നവീദ് സയ്യിദ്, അക്രം സയ്യിദ്, അസ്ഹർ അസീസ്, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ മിധത്തുല്ല ഖാൻ ഷെർവാണി, പ്രൊഫ. അബ്ദുൽ റഹീം പി. വിജാപ്പൂർ, പ്രൊഫ. റാണുവ ജെയിൻ, അൻവർ ഹുസൈൻ, ഡോ. ഫഹീം ഉസ്മാൻ സിദ്ദീഖി, ഷെയ്ഖ് അബ്ദുൽ ഗനി അതീഫ് മിയാൻ ഖാദ്രി തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ജെ എൻ എം സി ഓഡിറ്റോറിയം, പോളിടെക്നിക് ഓഡിറ്റോറിയം, CEPECAMI എന്നിവിടങ്ങളിലായാണ് സമ്മേളനത്തിന്റെ വിവിധ സെഷനുകൾ നടക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.Content Highlights: Syed Ibrahimul Khaleel Bukhari speaks at AMU. Emphasizes value-based integrated education model. Highlights Kerala’s contributions.