സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ വിവരവും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

Wait 5 sec.

തിരുവനന്തപുരം | സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ വിവരവും ഒ പി സമയവും പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണുന്ന വിധം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആസ്ഥാന ആശുപത്രികള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പല ആശുപത്രികളിലും ഒ പി സമയത്ത് ഡോക്ടര്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിവിധ ആശുപത്രികളില്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന അവസ്ഥ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ മുരളീധരന്‍ നടപടികള്‍ക്കു നിര്‍ദ്ദേശിച്ചത്.ഇത് കൂടാതെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായുള്ള കൂടുതല്‍ വിവരങ്ങളും ആശുപത്രികളില്‍ ഇനിമുതല്‍ പ്രദര്‍ശിപ്പിക്കും. ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറെയും (വിജിലന്‍സ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ട്.ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ ആകെ തസ്തിക, നിലവില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം, ഡോക്ടര്‍മാരുടെ തസ്തികയിലെ ഒഴിവുകളുടെ എണ്ണം എന്നിവ പ്രദര്‍ശിപ്പിക്കണം. ഓരോ ഡോക്ടറുടെയും ഒ പി, കണ്‍സള്‍ട്ടേഷന്‍ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ വിവരങ്ങള്‍ കൃത്യമായി പുതുക്കണം. പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും രോഗീ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. Content Highlights:The health department has ordered all government hospitals in Kerala to prominently display doctor availability and OP timings. The move aims to increase transparency and eliminate long patient waiting times. Contact details for hospital superintendents and vigilance officers will also be shown.