ഐ ഐ ടി ബോംബെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മാതാപിതാക്കള്‍ നിരാഹാര സമരത്തില്‍

Wait 5 sec.

മുംബൈ | ഐ ഐ ടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വാകോഡയുടെമരണത്തില്‍ നീതി ആവശ്യപ്പെട്ട്  മാതാപിതാക്കള്‍ മുംബൈ ആസാദ് മൈതാനത്ത് നിരാഹാര സമരം ആരംഭിച്ചു.ഐ ഐ ടി ബോംബെയിലെ രണ്ടാം വര്‍ഷ ബി ടെക് വിദ്യാര്‍ഥിയായിരുന്ന സാഹില്‍ സെപ്തംബര്‍ 18നാണ് മരിച്ചത്. അതേദിവസം പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പരീക്ഷാഹാളില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. സാഹിലിന് ക്യാമ്പസില്‍ ജാതിവിവേചനവും പീഡനവും നേരിട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനെ കണ്ട് നിവേദനവും നല്‍കി.സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ സെപ്തംബര്‍ 26-27 തീയതികളില്‍ നടത്താനിരുന്ന മിഡ് സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 10-11 ലേക്ക് മാറ്റിവെച്ചു.ഇതിനിടയില്‍, സാഹിലിന്റെ മാതാപിതാക്കളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിക്കുകയും നീതിക്കായുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.സാഹിലിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ ഐ ടി ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് എം പി വര്‍ഷ ഗെയ്ക്വാദ് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.