കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറും ഏജന്റും വിജിലന്‍സ് പിടിയില്‍

Wait 5 sec.

കൊച്ചി  | പരാതി ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ ഓവര്‍സിയറും ഏജന്റും വിജിലന്‍സ് പിടിയില്‍. എറണാകുളം കാലടി കാഞ്ഞൂര്‍ സ്വദേശി സീന പി ആര്‍ (45), ആലുവ പള്ളിക്കുന്ന് സ്വദേശിയായ ഷാനവാസ് പിഎ. (44) എന്നിവരാണ് പിടിയിലായത്. കൊമേഴ്സ്യല്‍ ബില്‍ഡിങ്ങ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീര്‍പ്പാക്കാന്‍ 25,000 രൂപയാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.പ്രോജക്ട് സീറോയുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് ഇരുവരും വിജിലന്‍സിന്റെ പിടിയിലായത്. ഓവര്‍സിയറുടെ ഒത്താശയോടെ ഏജന്റായ ഷാനവാസ് തന്നെയാണ് കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തി.പരാതിക്കാരന്‍ കെയര്‍ ടേക്കറായിരുന്ന കലൂര്‍ കതൃക്കടവിലുള്ള കോമേഴ്സ്യല്‍ ബില്‍ഡിംഗിന് 2009 ല്‍ കെട്ടിട നമ്പര്‍ അനുവദിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്നു. വാടകക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ വാടകക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പായി കെട്ടിടത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഈ സമയം ബില്‍ഡിങ്ങിനെതിരെ ലാന്റ് ആന്റ് ബില്‍ഡിംഗ് സേഫ്റ്റി കൗണ്‍സില്‍ എന്ന സംഘടനയുടെ പേരില്‍ നിര്‍മ്മാണത്തില്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായെന്നും മറ്റും കാണിച്ച് ഷാനവാസ് കൊച്ചി കോര്‍പ്പറേഷനില്‍ പരാതി നല്‍കി.ഈ പരാതി പരിഹരിക്കുന്നതിനായി കെട്ടിട ഉടമ കോര്‍പ്പറേഷന്‍ ഓവര്‍സിയറായ സീനയെ നേരില്‍ കണ്ട് രേഖകള്‍ സമര്‍പ്പിച്ചു. ഓവര്‍സിയര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം സീന കെട്ടിടയുടമയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് ഷാനവാസിന്റെ പരാതി ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞു. പരാതിക്കാരന്‍ ഷാനവാസിനെ ഫോണില്‍ വിളിച്ചപ്പോള്‍ പരാതി പിന്‍വലിക്കുന്നതിന് ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അത്രയും രൂപ നല്‍കാന്‍ കഴിയില്ലായെന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ 2 ലക്ഷം രൂപയായി കുറയ്ക്കുകയും ഇതിന് പുറമെ ഓവര്‍സിയര്‍ സീന പിആര്‍ ന് 25,000 രൂപ കൈക്കൂലി നല്‍കണമെന്നും, പരാതി സെറ്റില്‍ ചെയ്ത വിവരം സീന പിആര്‍നെ വാട്സ് അപ്പ് കോള്‍ ചെയ്ത് അറിയിക്കണമെന്നും ഷാനവാസ് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കലൂര്‍ ബസ് സ്റ്റാന്റിന്റെ സമീപം വച്ച് പരാതിക്കാരനില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങവേ സീന പിആര്‍നെയും, തുടര്‍ന്ന് ഷാനവാസ് പിഎ യേയും വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.Content Highlights: Vigilance officers arrested a Kochi Corporation overseer and an agent while taking a Rs 25,000 bribe. The duo conspired by filing a false complaint against a commercial building in Kaloor to extort money. They were caught red-handed during a trap operation under Project Zero