പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളസഭ സംരക്ഷിക്കണം: ബഹ്‌റൈൻ നവകേരള

Wait 5 sec.

മനാമ: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാൻ വഴിയൊരുക്കിയ ലോക കേരളസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളസഭ ഇല്ലാതാക്കുന്നതിന് പകരം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.2018-ൽ തുടക്കം കുറിച്ച ലോക കേരളസഭ, പ്രവാസി സമൂഹത്തിന്റെ ക്ഷേമം, തൊഴിൽ, നിക്ഷേപം, പുനരധിവാസം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയ പ്രധാന വേദിയായിരുന്നു. മുൻകാല തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്. പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രവാസികളുടെ ഏക ഔദ്യോഗിക വേദിയെ തന്നെ ഇല്ലാതാക്കുന്നത് ശരിയായ പരിഹാരമല്ല.കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാനും, പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ ഉന്നയിക്കാനും, നയരൂപീകരണത്തിൽ പങ്കാളികളാകാനും കഴിയുന്ന ഒരു സംവിധാനം അത്യന്താപേക്ഷിതമാണ്. പ്രവാസികളുടെ സാമ്പത്തിക സംഭാവനകൾ മാത്രം ലക്ഷ്യമിടാതെ അവരുടെ അവകാശങ്ങളും ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം.ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി അത് തുടരണമെന്നും, പ്രവാസി സംഘടനകളുമായും പ്രതിനിധികളുമായും അടിയന്തരമായി ചർച്ച ചെയ്ത് മാത്രമായിരിക്കണം ഭാവി തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്നും നവകേരള ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.The post പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളസഭ സംരക്ഷിക്കണം: ബഹ്‌റൈൻ നവകേരള appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.