ജനീവ | ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ഡയറക്ടർ ജനറൽ സ്ഥാനത്തേക്കുള്ള മത്സരത്തിന് അഞ്ച് സ്ഥാനാർഥികൾ. നാമനിർദേശത്തിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. അതിനു തൊട്ടുമുന്പ് സ്പെയിനിൽ നിന്നുള്ള മരിയ നീറ അഞ്ചാം സ്ഥാനാർഥിയായി നാമനിർദേശം സമർപ്പിച്ചതായി ഡബ്ല്യു എച്ച് ഒ വെബ്സൈറ്റ് വ്യക്തമാക്കുന്നു.എത്യോപ്യക്കാരനായ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനാണ് മത്സരം. ഖത്വറിൽ നിന്നുള്ള ഹനാൻ മുഹമ്മദ് അൽ കുവാരി, സഊദി അറേബ്യയുടെ ഹനാൻ ബൽഖി, ബെൽജിയത്തിന്റെ ഹാൻസ് ക്ലൂഗെ, ഇന്തോനേഷ്യയുടെ ബുഡി ഗുണാദി സാദികിൻ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.അൽ കുവാരി ഖത്വറിന്റെ മുൻ ആരോഗ്യ മന്ത്രിയും ഡോ. ബൽഖി ഡബ്ല്യു എച്ച് ഒയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലാ ഓഫീസ് മേധാവിയും ഡോ. ക്ലൂഗെ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലാ ഡയറക്ടറും നീറ ഡബ്ല്യു എച്ച് ഒ മുൻ ഡയറക്ടറും ബുഡി ഇന്തോനേഷ്യൻ ആരോഗ്യമന്ത്രിയുമാണ്.നവംബറിൽ സ്ഥാനാർഥികളുടെ ഫോറം നടക്കും. അടുത്ത വർഷം ജനുവരിയിൽ ഡബ്ല്യു എച്ച് ഒ എക്സിക്യൂട്ടീവ് ബോർഡ് ചേർന്ന് മൂന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്നാണ് ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകുക. 2017 മുതൽ ടെഡ്രോസ് ഡയറക്ടർ ജനറലായി തുടരുകയാണ്. ഇക്കാലയളവിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ്, എബോള, എംപോക്സ് തുടങ്ങിയ പകർച്ചവ്യാധികൾ നേരിടുന്നതിഷൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.അതേസമയം, ടെഡ്രോസിന്റെ കാലത്ത് 2025ൽ ഡബ്ല്യു എച്ച് ഒയുടെ പ്രധാന ധനദാതാക്കളിൽ ഒന്നായ അമേരിക്ക സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ സംഘടന വീഴ്ച വരുത്തിയെന്നായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം. Content Highlights:Five candidates are competing for the post of WHO Director-General to succeed Tedros Adhanom Ghebreyesus. Nominees include experts from Spain, Qatar, Saudi Arabia, Belgium, and Indonesia. The WHO Executive Board will shortlist three candidates in January before the final election.