ഇ എസ് എ പരിധി: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ പട്ടികയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നും പരിസ്ഥിതി ലോല മേഖലാ വിസ്തൃതി കുറക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തോട്ടങ്ങളെയും കൃഷി സ്ഥലങ്ങളെയും ജനവാസ മേഖലകളെയും പൂര്‍ണമായും ഒഴിവാക്കി വനമേഖലകളില്‍ മാത്രം ഇ എസ് എ നിര്‍ണയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് പ്രധാനമായി ഉന്നയിച്ചിരിക്കുന്ന ആവശ്യം. കസ്തൂരിരംഗന്‍ റിപോര്‍ട്ട് പ്രകാരം പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഇ എസ് എ പ്രദേശം 13,108 ച. കിലോമീറ്ററായിരുന്നു. എന്നാല്‍, 2014 മുതല്‍ 2026 ജൂലൈ 27 വരെ പ്രസിദ്ധീകരിച്ച ഏഴ് കരട് വിജ്ഞാപനങ്ങളിലും ഇത് 9993.7 ആണ്.വിജ്ഞാപനത്തില്‍ കേരളം എല്ലാ ഘട്ടത്തിലും ഇടപെടല്‍ നടത്തിയതിന്റെ ഫലമായാണിത്. ഇതുപ്രകാരം കേരളത്തിന്റെ പരിസ്ഥിതി ലോല മേഖല നിലവില്‍ 9993.7 ചതുരശ്ര കിലോമീറ്ററാണ്. 9,107 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര മേഖലയും ഉള്‍പ്പെടെയാണിത്. വനേതര, ജനവാസ മേഖലകളെയും തോട്ട കൃഷിഭൂമിയെയും ഒഴിവാക്കി 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കി അന്തിമ ഇ എസ് എ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതോടൊപ്പം ഇ എസ് എയുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയില്‍ കൊണ്ടുവരുമെന്നും മന്ത്രി സണ്ണി ജോഫസ് പറഞ്ഞു. കേരളത്തിന്റെ വനവിസ്തൃതി കൂടുതലാണെന്നതിനാല്‍ ഇ എസ് എ വനത്തില്‍ തന്നെ പരിമിതപ്പെടുത്തണമെന്നാണ് കേരളത്തിന്റെ താത്പര്യം.ഇ എസ് എ പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തിന്റെ വികസന മേഖലയെയും കാര്‍ഷിക മേഖലയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇ എസ് എയില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനായി കേരളത്തിന്റെ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഡല്‍ഹിയിലേക്ക് പോകും. കേന്ദ്ര പരിസ്ഥിതി ലോല പ്രദേശങ്ങളായി (ഇ എസ് എ) കേന്ദ്രത്തിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ 131 വില്ലേജുകളില്‍ 33 എണ്ണത്തെ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ നാല് വില്ലേജുകള്‍ പൂര്‍ണമായും, ഇടുക്കി ജില്ലയിലെ 51 വില്ലേജുകളില്‍ പകുതിയിലേറെയും ഒഴിവാക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.Content Highlights:Kerala has formally requested the Union Government to exclude human-inhabited, agricultural, and plantation areas from the Ecologically Sensitive Area (ESA) demarcation in the Western Ghats region to protect local livelihoods while ensuring environmental sustainability across affected villages.